ഹിന്ദുക്കുഷ് മലനിരകള്‍ക്കിടയില്‍ ഗാന്ധാര പൈതൃകത്തിന്റെ ഉദാത്ത മാതൃകയായി രണ്ടു ബുദ്ധപ്രതിമകള്‍ തലയുയര്‍ത്തി നിന്നിരുന്നു. ബാമിയാന്‍ ബുദ്ധനെന്ന് പുരാവസ്തുഗവേഷകരും ചരിത്ര – സംസ്കാരഗവേഷകരും വിശേഷിപ്പിച്ച ഒരു അത്ഭുതമായിരുന്നു ആറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഈ പ്രതിമകള്‍. പ്രതിമകളുടെ നിലനില്പ്പില് അസഹിഷ്ണുക്കളായ ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന് 2001 ല്‍ സ്ഫോടകവസ്തുക്കളുടെ സഹായത്താല്‍ ബാമിയാന്‍ പ്രതിമകള്‍ തകര്‍ത്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലനിന്നിരുന്ന സിഖ് സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ മഹാരാജ രഞ്ജിത് സിംഗിന്റെ പ്രതിമ പാക്കിസ്ഥാനില്‍ തെഹ്രീക് ഇ ലാബായിക് എന്ന നിരോധിത സംഘടനക്കാര്‍ നശിപ്പിച്ചുവെന്നത് ഈയടുത്തു കേട്ട വാര്‍ത്തയാണ്. ലക്ഷദ്വീപില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാന്‍ ഇത്വരെ കഴിഞ്ഞിട്ടില്ലെന്നതും നാം ഈയടുത്താണ് അറിഞ്ഞത്. മലയാള സാഹിത്യത്തിന്റെ അഭിമാനമായ ഒ.വി. വിജയന്റെ പ്രതിമ അദ്ദേഹം പഠിച്ച കോട്ടക്കല്‍ ഗവണ്മെന്റ് രാജാസ് ഹൈസ്കൂളില്‍ 2013ല്‍ സ്ഥാപിച്ചപ്പോള്‍ ഒരു കൂട്ടം അരാജകവാദികള് അതു തകര്‍ത്തതും നമ്മുടെ ഓര്‍മ്മയിലുണ്ട്. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് താലിബാനിസമെന്നാണ് ആ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ അന്നദ്ദേഹം പറയാന്‍ വിട്ടുപോയത് പ്രതിമ സ്ഥാപിക്കുന്നത് തന്നെ വിലക്കാന്‍ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി ശ്രമിച്ചിരുന്നു എന്നതാണ്. ഇന്നും മലപ്പുറം ജില്ലയില്‍ ചിലര്‍ തുടരുന്ന പ്രതിമകളോടുള്ള അസഹിഷ്ണുത തുറന്നു കാട്ടപ്പെടേണ്ടതുണ്ട് .
ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെയും, ഭക്തകവികളായ പൂന്താനത്തിന്റെയും, മേല്പത്തൂര് നാരായണ ഭട്ടതിരിയുടെയും ജന്മം കൊണ്ട് പവിത്രമായ ഭൂമിയാണ് മലപ്പുറം. ആധുനിക മലയാള സാഹിത്യതറവാട്ടിലെ പ്രമുഖരായ വള്ളത്തോളിന്റെയും ഉറൂബിന്റെയും ജന്മഭൂമിയും മലപ്പുറമാണ്. സംസ്കാരം കൊണ്ടും പൈതൃകം കൊണ്ടും അനുഗൃഹീതമായ മലപ്പുറം ജില്ലയില്‍ ഇന്നും തുഞ്ചത്തു എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തിരൂരില്‍ സ്ഥാപിക്കുന്നതിനെതിരെ അപ്രഖ്യാപിത വിലക്കുണ്ടെന്നത് ഗൗരവതരമാണ്. തുഞ്ചത്താചാര്യന് അര്‍ഹിച്ച ആദരത്തിനായി 2006 ല്‍ ആരംഭിച്ച മലയാള ഭാഷാസ്നേഹികളുടെ പരിശ്രമങ്ങള്‍ ഒന്നര ദശാബ്ദത്തിന് ശേഷവും പര്യവസാനിച്ചിട്ടില്ല. തുഞ്ചത്താചാര്യന്റെ പ്രതിമ നഗരസഭയുടെ അയിത്തം മൂലം 13 വര്‍ഷം ശില്പിയുടെ വീട്ടില്‍ തന്നെ അന്ധകാരത്തില്‍ തുടര്‍ന്നു. തിരൂര്‍ നഗരത്തില്‍ എവിടേയും പ്രതിമ സ്ഥാപിക്കാന്‍ തയ്യാറല്ലാത്ത നഗരസഭ ഒടുവില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിന്റെ വികസനത്തിന് അനുവദിച്ച മൂന്നു കോടി രൂപയില്‍ പൂന്തോട്ടം നിര്‍മിക്കാനാണ് തീരുമാനിച്ചത്. തീവ്രവാദസംഘടനകളുടെ ഭീഷണിക്ക് വഴങ്ങിയ ഭരണകൂടങ്ങള്‍ നിലനില്ക്കുമ്പോള് അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ ബുദ്ധനും പാകിസ്ഥാനിലെ മഹാരാജ രഞ്ജിത്ത് സിംഗിന്റെ പ്രതിമയും മലപ്പുറത്തെ തുഞ്ചത്താചാര്യന്റെ പ്രതിമയും തമ്മില്‍ എത്ര ദൂരമുണ്ടെന്ന് ചിന്തിപ്പിക്കുന്നതാണ് ഈ സംഭവങ്ങള്‍. താലിബാനും തെഹ്രീക് ഇ ലാബായിക്കും മലപ്പുറത്തെ തീവ്രവാദശക്തികളും ഒരേ അച്ചില്‍ വാര്‍ത്ത നാണയങ്ങളാണ്. പരിഷ്കൃതസമൂഹത്തില്‍ ഒരിടത്തുമില്ലാത്ത പ്രതിമയോടുള്ള അസഹിഷ്ണുത എന്ത് കൊണ്ട് മലപ്പുറം ജില്ലയില്‍ മാത്രമായി കാണപ്പെടുന്നു എന്ന് മതേതര കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ വിരോധാഭാസത്തിനെതിരെ കേരളത്തിന്റെ പൊതുമനസ്സ് ഉണരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. മലപ്പുറം ജില്ലയില്‍ പ്രതിമ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരളത്തിന്റെ ഭരണചക്രങ്ങള്‍ നിയന്ത്രിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി എസ്ഡിപിഐയുമായി സഖ്യം ചെയ്ത ഇടതു മുന്നണി, അവരുടെ ആശയങ്ങള്‍ തങ്ങളുടേതാക്കി മാറ്റിയിരിക്കുകയാണ്.
തുഞ്ചത്താചാര്യന്റെ പ്രതിമക്ക് വിലക്കുള്ള ഇതേ മലപ്പുറത്താണ് ചരിത്രത്തിന്റെയോ ഐതിഹ്യത്തിന്റെയോ തെളിവുകളില്ലാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വീരപുരുഷനാക്കി സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും ജില്ലാ ഭരണകൂടത്തിന് നേതൃത്വം നല്കുന്ന മുസ്ലിംലീഗും മത്സരിക്കുന്നത്.
മാപ്പിള ലഹളയെന്ന വര്‍ഗീയകലാപത്തിന് നേതൃത്വം നല്കിയ കുഞ്ഞഹമ്മദ് ഹാജിയോട് കാണിക്കുന്ന പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും, തുഞ്ചത്ത് ആചാര്യനോട് കാണിക്കുന്ന അവഗണനയും അവജ്ഞയും തീവ്രവാദ സംഘടനകളെ സന്തോഷിപ്പിക്കാനാണെന്ന് കേരളപൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്.
ഈ ഇരട്ടത്താപ്പിനെയാണ് ഭാരതീയ ജനതാപാര്‍ട്ടി ചോദ്യം ചെയ്യുന്നത്. നമ്മുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുന്നതിന് വേണ്ടി സമരരംഗത്തിറങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഈ പോരാട്ടത്തിന്റെ ഉദ്ഘാടനം ഭാരതീയജനതപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇന്ന് തിരൂരില്‍ നിര്‍വഹിക്കും. മലയാളഭാഷയുടെ പിതാമഹന് ആദരം അര്‍പ്പിക്കാനുള്ള നമ്മുടെ ദൗത്യത്തിനാണ് തുടക്കം കുറിക്കുന്നത്. മലയാളത്തെ സ്നേഹിക്കുന്നവരുടെ മനസ്സും പിന്തുണയും ഇതിനൊപ്പമുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: