കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെന്ന് ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍; എന്നാലും അതിലുടലെടുക്കുന്ന സംഭവങ്ങള്‍ കാണുമ്പൊള്‍ ആരിലും ഒരു ഞെട്ടലുണ്ടാക്കും. ഒരു രാഷ്ട്രീയ കക്ഷിയെ എങ്ങിനെ തളര്‍ത്താം, തകര്‍ക്കാം എന്നതിന് ആരെങ്കിലും ഒരു പിഎച്ച്ഡി നല്കുന്നെങ്കില് അതിന് ഇന്നിപ്പോള്‍ ഏറ്റവും അര്‍ഹത ഉണ്ടാവുക രാഹുല്‍ ഗാന്ധിക്കായിരിക്കും. ഇതിപ്പോള്‍ ചിന്തിക്കാനിടയായത് പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ കണ്ടപ്പോഴാണ്. തിരഞ്ഞെടുപ്പിന് ഏതാനും മാസം ബാക്കി നില്‍ക്കെ പരിണിതപ്രജ്ഞനായ അവിടത്തെ മുഖ്യമന്ത്രിയെ, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ, അപമാനിച്ച് പുറന്തള്ളി. ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ആകെ സാധ്യത ഉണ്ടായിരുന്ന ഒരു സംസ്ഥാനം കൂടി കളഞ്ഞുകുളിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന് തീര്‍ച്ച.
‘എന്നെ അവഹേളിച്ചു അപമാനിച്ചു’ എന്ന് പരസ്യമായി പറഞ്ഞുകൊണ്ടാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചത്. അത് പഞ്ചാബില്‍ ഉണ്ടാക്കാന്‍ പോകുന്ന ചലനങ്ങള്‍ക്ക് കാത്തിരിക്കുക. അത്രയും പറഞ്ഞുകൊണ്ട് എല്ലാം അവസാനിപ്പിച്ചു എന്ന് കരുതേണ്ടതില്ല എന്ന സന്ദേശവും ക്യാപ്റ്റന്‍ നല്‍കിക്കഴിഞ്ഞു. ഇവിടെ ഓര്‍മ്മയില്‍ വരുന്നത്, രാജീവ് ഗാന്ധി ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ടി അഞ്ജയ്യയെ പരസ്യമായി അപമാനിച്ചതാണ്. 1982 -ലാണത്. ആ സംഭവത്തെ തെലുങ്ക് അഭിമാനത്തിന്റെ പ്രശ്നമാക്കി ഉയര്‍ത്തിപ്പിടിച്ചാണ് എന്‍ടി രാമറാവു രാഷ്ട്രീയ രംഗപ്രവേശം നടത്തിയത് എന്നതോര്‍ക്കുക. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ആരംഭമായിരുന്നു അതെന്നതും ചരിത്രമാണ്. പഞ്ചാബിലും ഒരു ‘പഞ്ചാബി പ്രൈഡ്’ ഉയര്‍ത്തിപ്പിടിക്കാന്‍ അമരീന്ദറിന് സാധിക്കേണ്ടതാണ്.
നവജ്യോത് സിദ്ധു നടത്തിയ നീക്കങ്ങള്‍
2017 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രക്ഷകനായത് അമരീന്ദര്‍ ആണ്. അതിനുമുമ്പുള്ള പത്ത് വര്‍ഷം ആ സംസ്ഥാനത്ത് ഭരണത്തിലുണ്ടായിരുന്നത് എന്ഡിഎയായിരുന്നല്ലോ. അവരെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് അധികാരം നേടിക്കൊടുത്തത് അദ്ദേഹമാണ് എന്ന് അക്കാലത്ത് സര്‍വരും പ്രകീര്‍ത്തിക്കുകയും ചെയ്തു; രാഹുല്‍ ഗാന്ധി പോലും. എന്നാല്‍ ഇടക്കാലത്ത് അദ്ദേഹം ഹൈക്കമാന്റുമായി മാനസികമായി അത്ര നല്ല സൗഹൃദത്തിലല്ലാതായി. ‘ഞാന്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിട്ട് രണ്ടുവര്‍ഷത്തിലേറെയായി’ എന്ന ക്യാപ്റ്റന്റെ ഇന്നലത്തെ പ്രസ്താവനയില്‍ എല്ലാമുണ്ടല്ലോ. എന്നാല്‍ അതിലേറെ ചിലതൊക്കെ ഈ അഴിച്ചുപണിക്ക് പിന്നിലുണ്ടെന്നതാണ് തിരിച്ചറിയേണ്ടത്. അവിടെയാണ് നവജ്യോത് സിങ്ങ് സിദ്ധുവിന്റെ മുഖം പ്രകടമാവുന്നത്. അദ്ദേഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഹൈക്കമാന്‍ഡ് കാണിച്ച അമിത താല്പര്യം പലരെയും ആശ്ചര്യപ്പെടുത്തുകയും ചെയ്തിരുന്നു.
നേരാംവണ്ണമുള്ള നിലപാടുകളല്ല നവജ്യോത് സിദ്ധുവിന്റേത് എന്നത് നേരത്തെ പറഞ്ഞു കേട്ടിരുന്നു. തന്നെ പിസിസി പ്രസിഡന്റാക്കിയില്ലെങ്കില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് പരസ്യമായി പറഞ്ഞതുമോര്‍ക്കുക. യഥാര്‍ത്ഥത്തില്‍ സിദ്ധു ആഗ്രഹിച്ചത് പിസിസി അധ്യക്ഷ കസേരയല്ല മുഖ്യമന്ത്രി പദം തന്നെയാണ്. സ്വാഭാവികമായും, അമരീന്ദറിനെ തള്ളിക്കൊണ്ട് എന്താണ് സിദ്ധുവിനോടിത്ര താല്പര്യമുണ്ടാവുന്നത് എന്ന ചോദ്യവുമുയര്‍ന്നു. ഇവിടെയാണ് 2018 -ലെ ഒരു സംഭവവും കൂടി ശ്രദ്ധിക്കേണ്ടത്.
പാകിസ്ഥാനില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സിദ്ധു ഇമ്രാന്‍ഖാനുമായി വലിയ ചങ്ങാത്തം കാണിക്കുന്നു. സ്വാഭാവികമാണത് എന്ന് വേണമെങ്കില്‍ പറയാം; അവര്‍ ഒരേ കാലഘട്ടത്തില്‍ ക്രിക്കറ്റ് കളിച്ചിട്ടുളളവരാണ്. എന്നാല്‍ അതിനുശേഷം പാക്കിസ്ഥാന് പട്ടാള മേധാവിയുമായി അതിരുകവിഞ്ഞ സൗഹൃദം ആ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കാണിക്കുന്നു.
അവര്‍ കെട്ടിപ്പിടിച്ച് ആഹ്ളാദിക്കുന്ന ചിത്രങ്ങള്‍ രാജ്യമെമ്പാടും പ്രചരിക്കപ്പെടുന്നു. അത് വിവാദമായപ്പോള്‍ തന്നെ അങ്ങോട്ട് അയച്ചത് രാഹുല്‍ ഗാന്ധിയാണ് അഥവാ ഹൈക്കമാന്‍ഡ് ആണ് എന്ന് പരസ്യമായി പറയുന്നു. ആ ചിത്രവും നിലപാടുകളും പൊതുവെ ദേശാഭിമാനികളായ ഇന്ത്യക്കാരുടെ, പ്രത്യേകിച്ചും പഞ്ചാബികളുടെ ഹൃദയത്തില്‍, നില നില്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ ഈ കരുനീക്കങ്ങള്‍. സിദ്ധുവിനെ കൈവിടാനോ തലയിലേറ്റാനോ കഴിയാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നു എന്നതാണിപ്പോഴത്തെ അവസ്ഥ.
ദേശസുരക്ഷ വീണ്ടും ചര്‍ച്ചയാവുന്നു
രാജിവെച്ചശേഷം അമരീന്ദര്‍ നടത്തിയ പ്രസ്താവനകളില്‍ ഏറ്റവും ശ്രദ്ധേയമായത് സിദ്ധുവിനെതിരായ തുറന്നുപറച്ചില്‍ തന്നെയാണ്. ‘സിദ്ധു ഒരു കഴിവുകെട്ട വ്യക്തിയാണ്. അയാള്‍ ഒരു ദുരന്തമായിമാറും. അയാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഏതൊരു നീക്കത്തെയും താനെതിര്ക്കും’ എന്ന് പറഞ്ഞതിന് ശേഷമാണ് ‘സിദ്ധുവിനു പാക്കിസ്ഥാനുമായി ബന്ധമുണ്ട്’ എന്നും ‘അയാള്‍ ദേശസുരക്ഷക്ക് ഭീഷണിയാണ്’ എന്നും മുന്‍ സൈനികനായ ആ സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തുറന്നടിച്ചത്. എന്താണത് കാണിക്കുന്നത്; ഒരു ദേശവിരുദ്ധനെ, രാജ്യസുരക്ഷക്ക് ഭീഷണിയാവുന്ന ഒരാളെ ഉയര്‍ത്തിക്കാട്ടാന്‍ സോണിയ പരിവാര്‍ തയ്യാറാവുന്നു എന്നല്ലേ? ഇവിടെയാണ് സിദ്ധുവിന്റെ 2018- ലെ പാക് സന്ദര്‍ശനത്തെയും അവിടത്തെ പട്ടാളമേധാവിയുമായുള്ള അതിരുവിട്ട സൗഹൃദ പ്രകടനത്തേയും അതിന് പച്ചക്കൊടി കാട്ടിയത് ഹൈക്കമാന്‍ഡ് ആണെന്ന നിലപാടുകളെയും കൂട്ടിവായിക്കേണ്ടിവരുന്നത്. ഇന്ത്യ – പാക്, ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതൃത്വവുമെടുത്ത സംശയാസ്പദമായ നിലപാടുകളും ഇതിനോടൊപ്പം കാണേണ്ടതുണ്ടല്ലോ.
അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ. ഇതില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും സാധ്യതയുള്ളതായി സര്‍വേകള്‍ പ്രവചിച്ചത് പഞ്ചാബില്‍ മാത്രമാണ്. ആ വിജയം ഉറപ്പിക്കാന്‍ വേണ്ടിക്കൂടിയാണ് കര്‍ഷകസമരം ഇത്രത്തോളം ചെലവുചെയ്ത് അവര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ആ പ്രക്ഷോഭത്തിന്റെ ന്യായാന്യാങ്ങള്‍ സംശയാസ്പദമായിരുന്നു എന്നത് മുന്‍പും ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ അതിന്റെ പ്രഭവകേന്ദ്രം പഞ്ചാബായിരുന്നല്ലോ. കോടാനുകോടി രൂപ അതിനായി കോണ്‍ഗ്രസ് ഒഴുക്കുകയും ചെയ്തു. എന്താണിപ്പോള്‍ ആത്യന്തികമായി സംഭവിച്ചത്? കര്‍ഷക സമരം കൊണ്ടും പഞ്ചാബില്‍ ജയമുറപ്പിക്കാന്‍ സാധിക്കില്ല എന്ന് തങ്ങള്‍ നടത്തിയ സര്‍വേകളില്‍ കണ്ടുവെന്നും അതുകൊണ്ടാണ് നേതൃമാറ്റം വേണ്ടിവന്നത് എന്നുമല്ലേ ഹൈക്കമാന്‍ഡ് പറയുന്നത്. അതായത്:
ഒന്ന്: കര്‍ഷകസമരം കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല, കര്‍ഷകസമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാനായില്ല;
രണ്ട്: കോണ്‍ഗ്രസിന് വലിയ ഭീഷണിയാകും വിധത്തില്‍ ‘ദേശസുരക്ഷ’ സജീവ ചര്‍ച്ചാവിഷയമാവുന്നു. അതിത്തവണത്തെ എല്ലാ തിരഞ്ഞെടുപ്പിലും സജീവ വിഷമാവുകതന്നെ ചെയ്യും. അതായത് ബിജെപി ആഗ്രഹിക്കുന്ന ഒരു വിഷയം അവര്‍ക്ക് കോണ്‍ഗ്രസ് തന്നെ സമ്മാനിച്ചിരിക്കുന്നു.
പാകിസ്താന്റെ ദല്ലാള്‍ എന്ന് പറഞ്ഞിട്ടില്ലെങ്കിലും അതൊക്കെയാണ് അമരീന്ദര്‍ സിങ് സിദ്ധുവിനെക്കുറിച്ചു പറഞ്ഞത്. അത്തരമൊരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായായി ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചാല്‍ അതിന് അവര്‍ ഇന്ത്യയൊട്ടാകെ വലിയ വില കൊടുക്കേണ്ടതായി വരും. ഇനി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്ത്തികാട്ടിയില്ലെങ്കില് സിദ്ധു എന്ത് നിലപാടെടുക്കുമെന്നും പറയാനാവില്ല. പാകിസ്ഥാനില്‍ പോയതും അതിലെ ഹൈക്കമാന്‍ഡിന്റെ താല്പര്യവുമൊക്കെ (ഉണ്ടെങ്കില്‍) വിളിച്ചുപറഞ്ഞാലൊ …….? വല്ലാത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് നേതൃത്വം എത്തിപ്പെട്ടിരിക്കുന്നത്, സംശയമില്ല.
പഞ്ചാബില്‍ മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വ പ്രതിസന്ധി നേരിടുന്നത്. രാജസ്ഥാനില്‍ സച്ചിന് പൈലറ്റ് മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്നത് എല്ലാവര്‍ക്കുമറിയാം; ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയോട് രാജിവെക്കാന്‍ പറഞ്ഞുവെങ്കിലും അനുസരിക്കുന്നില്ല എന്നതാണ് സൂചന. പഞ്ചാബിലെ പ്രതിസന്ധി ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമെന്ന് തീര്‍ച്ച.
സൈനികന്റെ ആത്മവിശ്വാസം
എന്താണ് ക്യാപ്റ്റന്റെ ഭാവി പരിപാടികള്‍? രാജിവെച്ചത് മുതല്‍ ഇന്ത്യ ഉറ്റുനോക്കിയത് അമരീന്ദറിലേക്കാണ്. അദ്ദേഹം ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയോട് കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാക്കുന്നുണ്ട്.’ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ട്; സഹപ്രവര്‍ത്തകരുമായി ആലോചിച്ചു ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. ഭാവി രാഷ്ട്രീയം ഒരു സാധ്യതയാണ്; അത് ഞാന്‍ ഉപയോഗിക്കും’. അതായത് കളം വിട്ടുപോകാന്‍ തയ്യാറല്ല എന്നത് വ്യക്തമാക്കുന്നു. പിന്നീട് അദ്ദേഹത്തോട് ചോദിച്ചു: ‘എഎപി -യില്‍ ചേരുമോ? ‘നെവര്‍’ ( ഇല്ലേയില്ല) ‘ എന്നതായിരുന്നു മറുപടി. ബിജെപിയിലേക്കോ, അടുത്ത ചോദ്യം; ‘ഇല്ല’ എന്ന് പറയാതെ ചിരിച്ചുകൊണ്ട് മറുപടിയും. അതിനോടൊപ്പമാണ്, ‘1984-ലെ സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസുകാര്‍ക്ക് പങ്കുണ്ട്’ എന്നുകൂടി ക്യാപ്റ്റന്‍ പറഞ്ഞുവെച്ചത്. അത് ലക്ഷ്യമിടുന്നത് ആരെയെന്ന് പറയാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതില്ലല്ലോ.
അവസാനം അമരീന്ദര്‍ സിങ് പറയുന്നു; ‘ ഞാന്‍ ഒരു സൈനികനാണ് . ഞാന്‍ വിരമിക്കുമ്പോള്‍ വിജയം കൂടെയുണ്ടാവും. ഒരിക്കല്‍ ഒരാള്‍ സൈനികനായാല്‍ എന്നും എപ്പോഴും സൈനികനാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുമ്പോള്‍. സൈനികന് തോറ്റ് പിന്‍വാങ്ങാനാവില്ല എന്നുമുണ്ടല്ലോ അതില്‍. ……… അതെ, കീഴടങ്ങില്ല, വിജയിക്കും എന്നുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: