കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 11 അധ്യാപക പരിശീലന സ്വാശ്രയ കേന്ദ്രങ്ങള്‍ വ്യാജമെന്ന് കണ്ടെത്തി. ബിഎഡ്-എംഎഡ് പരിശീലന കേന്ദ്രങ്ങള്‍ക്ക് നിയമസാധുത ഇല്ലാത്തതിനാല്‍ ഇവ പൂട്ടാന്‍ നിര്‍ദേശമായി. ചക്കിട്ടപ്പാറ, വലപ്പാട്, കൊടുവായൂര്‍, കണിയാമ്പറ്റ, മഞ്ചേരി, മലപ്പുറം, അരണാട്ടുകര, സുല്‍ത്താന്‍ബത്തേരി, ചാലക്കുടി, വടകര, കോഴിക്കോട് കേന്ദ്രങ്ങളാണ് പൂട്ടുന്നത്. അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ക്കും ആയിരക്കണക്കിന് ബിരുദധാരികള്‍ക്കും അധ്യാപകര്‍ക്കും പ്രതികൂലമാണ് തീരുമാനം.
ദേശീയ അധ്യാപക പരിശീലന കൗണ്‍സിലിന്റെ (എന്‍സിടിഇ) മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക്, പലവട്ടം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.
2014ല്‍ എന്‍സിടിഇ നടപ്പാക്കിയ പുതിയ വ്യവസ്ഥ പ്രകാരം ഓരോ കേന്ദ്രവും കൗണ്‍സിലിന്റെ അംഗീകാരം (ആര്‍പിആര്‍ഒ) പുതുക്കേണ്ടിയിരുന്നു. എന്നാല്‍, ഈ കേന്ദ്രങ്ങള്‍ അത് ചെയ്യാതെ കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭങ്ങള്‍ നടത്തുകയായിരുന്നു. ഈ മാസം 13, 14 തീയതികളില്‍ ചേര്‍ന്ന എന്‍സിടിഇ കേന്ദ്ര സമിതി യോഗം, ഈ 11 സെന്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് സര്‍വകലാശാലയോട് നിര്‍ദേശിക്കാന്‍ റീജണല്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു.
18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ബിഎഡ്-എംഎഡ് കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതികളെത്തുടര്‍ന്ന്, കൗണ്‍സില്‍ 2009ല്‍ നടപടി എടുത്തതാണ്. വടകര സെന്ററിന്റെ പോരായ്മ സംബന്ധിച്ച കേസില്‍ സര്‍വകലാശാലയ്ക്ക് അനുകൂലമായ വിധി 2010ല്‍ വന്നു. 2014ല്‍ നേടേണ്ട അംഗീകാരം നേടാതെ, ഈ വിധിയുടെ മറവില്‍ വിദ്യാര്‍ഥികളെ കബളിപ്പിച്ച് കോഴ്സ് നടത്തുകയായിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാരും കൂട്ടുനിന്നു. ഫലത്തില്‍ അധ്യാപക പരിശീലനത്തിന്, ഏഴ് വര്‍ഷമായി സര്‍വ്വകലാശാല വ്യാജ കേന്ദ്രങ്ങള്‍ നടത്തുകയായിരുന്നു!
അധ്യാപക നിയമനത്തിന്, പഠിച്ച സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ അധ്യാപന കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലും വ്യവസ്ഥയുണ്ട്. ഓണ്‍ലൈന്‍ ടീച്ചര്‍-പ്യൂപ്പിള്‍ രജിസ്ഷ്രേന് മാനേജ്മെന്റ് സിസ്റ്റം (ഒടിപിആര്‍എംഎസ്) എന്നാണതിന്റെ പേര്. വ്യാജസ്ഥാപനങ്ങളില്‍ പഠിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതിരിക്കാനാണിത്. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇത് നല്കാന് സംവിധാനവുമുണ്ട്. എന്നാല്‍, കേരളത്തിലിതില്ല. ഇതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി, ഇപ്പോള്‍ പൂട്ടുന്ന കേന്ദ്രങ്ങളില്‍ പഠിച്ചവര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ജോലി കിട്ടിയിട്ടുണ്ടാവാം. അവര്‍ക്കും ജോലി നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: