കാന്‍ബെറ: ചൈനയുടെ ഇന്തോ-പസഫിക് സമുദ്രമേഖലയിലെ ആധിപത്യത്തിന് തിരിച്ചടി നല്‍കാന്‍ യുഎസ്, യുകെ. ആസ്ത്രേല്യ ചേര്‍ന്നുള്ള ഓക്കസ് ഉടമ്പടി വരുന്നു. ആണവശേഷിയുള്ള അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ ചൈനയെ നിലക്ക് നിര്‍ത്താനായി ഇന്തോ-പസഫിക്കില്‍ വിന്യസിക്കാനും പദ്ധതിയുണ്ട്.
തങ്ങളുടെ നീക്കം ഇന്തോ-പസഫിക്കില്‍ സ്ഥിരത കൊണ്ടുവരുകയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന് പുതിയ സുരക്ഷാ സംരംഭത്തെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഓക്കസ് (AUKUS-ഓസ്‌ട്രേലിയ, യുകെ, യുഎസ്) എന്ന് വിളിക്കുന്ന ഈ ഉടമ്പടിയുടെ ഭാഗമായി വരുന്ന 18 മാസങ്ങളില്‍ മൂന്ന് രാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരിക്കും. സഖ്യത്തിന്റെ ഭാഗമായി അണുവായുധ ശേഷിയുള്ള എട്ട് അന്തര്‍വാഹിനികള്‍ ആസ്ത്രേല്യയില്‍ നിര്‍മിക്കും. മേഖല കേന്ദ്രീകരിച്ച് പുതിയ സുരക്ഷാ ഉടമ്പടി വരുന്നത് ഇന്ത്യയ്‌ക്കും ഗുണകരമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇന്തോ-പസഫിക്ക് മേഖലയില്‍ ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ത്രിരാഷ്‌ട്ര ഉടമ്പടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വിളിച്ചിരുന്നു. അതേ സമയം ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്ന പരാതി ഫ്രാന്‍സിനുണ്ട്. ഓക്കസ് ഉടമ്പടി വന്നതോടെ 2016ല്‍ ആസ്ത്രേല്യയുമായി ഒപ്പുവച്ച ഏകദേശം 65 ബില്യണ്‍ ഡോളറിന്റെ അന്തര്‍വാഹിനി കരാറില്‍ നിന്നും ഫ്രാന്‍സിനെ ഒഴിവാക്കിയതില്‍ ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍ പ്രതിഷേധം അറിയിച്ചുവെന്ന് മാത്രമല്ല, യുഎസിലും തിരശ്ശീല വീണതില്‍ പ്രകോപിതരാണ് ഈ പ്രതിഷേധത്തിന്റെ ഭാഗമായി ആസ്ത്രേല്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള നയതന്ത്രപ്രതിനിധികളെ പിന്‍വലിക്കാനുള്ള തീരുമാനത്തിലാണ് ഫ്രാന്‍സ്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന യുഎസ് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: