തിരുവനന്തപുരം: നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്കില്‍ വലയുന്ന കോണ്‍ഗ്രസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെച്ചൊല്ലി പുതിയ പോരിന് കളമൊരുങ്ങുന്നു. കെ. കരുണാകരനെ തൊടാതിരിക്കുന്നതാണ് നല്ലതെന്ന് വി.ഡി. സതീശന് മകനും മുന്‍ കെപിസിസി പ്രസിഡന്റുമായ കെ. മുരളീധരന്‍ എംപിയുടെ താക്കീത്. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിച്ചില്ലെന്ന സതീശന്റെ പ്രസ്താവനയ്‌ക്ക് മറുപടിയായി ജന്മഭൂമിയോട് സംസാരിക്കുമ്പോഴാണ് മുരളീധരന്‍ ശക്തമായ ഭാഷയില്‍ താക്കീത് നല്കിയത്. ”കരുണാകരനെ തൊടാതിരിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ” മുരളീധരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ പ്രതികരണം ഇന്ന് മുരളീധരന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് സൂചന.
എ.പി. അനില്‍കുമാറും ജി. രതികുമാറും സിപിഎമ്മില്‍ ചേര്‍ന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴായിരുന്നു സതീശന്റെ വിവാദ പരാമര്‍ശം.ആരു പാര്‍ട്ടി വിട്ടാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് സതീശന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘കരുണാകരന്‍ പോയിട്ടും പാര്‍ട്ടി നിന്നിട്ടുണ്ട്. അതൃപ്തിയുള്ളവര്‍ പാര്‍ട്ടി വിടട്ടെ. പ്രവര്‍ത്തകര്‍ പാര്‍ട്ടി മാറുന്നത് പുതിയ കാര്യമല്ല. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുന്നത് ആദ്യമായല്ല. നിരവധി പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസിലും ചേര്‍ന്നിട്ടുണ്ട്. നാളെ ആരെങ്കിലും സിപിഎം വിട്ടുവന്നാലും സ്വീകരിക്കും. പാര്‍ട്ടിക്ക് അതിന്റേതായ ചട്ടക്കൂടു വേണം’ സതീശന്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടി വിട്ട് സിപിഎമ്മിലെത്തിയ എ.പി. അനില്‍കുമാറിന്റെ നടപടിയെ സ്വാഗതം ചെയ്ത പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലും സിപിഎമ്മിലും വരുമെന്നു പറഞ്ഞു. വരുന്നവര്‍ക്ക് ആര്‍ക്കും നിരാശപ്പെടേണ്ടി വരില്ല, അര്‍ഹമായ സ്ഥാനങ്ങള്‍ അവര്‍ക്ക് നല്കുമെന്നും ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: