കോഴിക്കോട്: മഹാകവി അക്കിത്തത്തിന്റെ പേരില്‍ തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പുരസ്കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും കീര്‍ത്തി ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്കാരം. സാഹിത്യ-സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പ്രഥമ അക്കിത്തം പുരസ്കാരം എം.ടിക്ക് നല്‍കുന്നതെന്ന് തപസ്യ രക്ഷാധികാരിയും പുരസ്കാര നിര്‍ണയ സമിതി അംഗവുമായ പി. ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദീര്‍ഘകാലം തപസ്യയുടെ അധ്യക്ഷനായും രക്ഷാധികാരിയായും തപസ്യക്ക് മാര്‍ഗദര്‍ശനം നല്കിയ മഹാകവിയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തുന്ന ഈ അവാര്‍ഡ്. ഒക്ടോബര്‍ മാസം മഹാകവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ടു വെച്ച് എം.ടിക്ക് സമര്‍പ്പിക്കും.
ആഷാ മേനോന്, പി. നാരായണക്കുറുപ്പ്, പി. ബാലകൃഷ്ണന്, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന് എന്നിവരടങ്ങുന്ന സമിതിയാണ് എം ടി യുടെ പേര് ഏകകണ്ഠമായി നിര്‍ദേശിച്ചത്. ഒരേ വിദ്യാലയത്തില്‍ പഠിച്ച് അക്ഷരലോകത്ത് തനതായ വ്യക്തിമുദ്രപതിപ്പിക്കുകയും ജ്ഞാനപീഠത്തിനര്ഹരാവുകയും ചെയ്ത രണ്ട് മഹാപ്രതിഭകളാണ് അക്കിത്തവും എം.ടിയും എന്നും അക്കിത്തത്തിന്റെ പേരില്‍ തപസ്യ ഏര്‍പ്പെടുത്തുന്ന പുരസ്കാരത്തിന് ആദ്യം തന്നെ എം.ടി തിരഞ്ഞെടുക്കപ്പെട്ടതില്‍ അവര്‍ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്ന് ദൃക്സാക്ഷികളായ തപസ്യ പ്രവര്‍ത്തകര്‍ക്ക് ചാരിതാര്‍ഥ്യമുണ്ടെന്നും പി. ബാലകൃഷ്ണന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ഉപാദ്ധ്യക്ഷന്‍ യു.പി. സന്തോഷ്, ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: