അക്കാദമിക് സ്വാതന്ത്ര്യത്തെക്കുറിച്ച് മുറവിളി കൂട്ടുകയും, ഇതിന്റെ പേരില്‍ അക്രമാസക്ത സമരങ്ങള്‍ക്ക് പോലും നേതൃത്വം നല്‍കുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ കടുത്ത ശത്രുക്കളാണെന്ന് തെളിഞ്ഞിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. ഇതിലൊന്നാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെയും, ഹിന്ദുത്വ ആശയത്തിന്റെ വക്താവായ വി.ഡി. സവര്‍ക്കറെയും, ദീനദയാല്‍ ഉപാധ്യായയെയും ഉള്‍പ്പെടുത്തിയതിനെതിരെ ചില കോണുകളില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധം. ഈ മൂന്ന് പ്രതിഭാശാലികളുടെയും ആശയങ്ങള്‍ പാഠ്യപദ്ധതിയില്‍ സര്‍വകലാശാല അധികൃതര്‍ ഒളിച്ചുകടത്തുകയല്ല ചെയ്തതെന്ന് ആദ്യമേ മനസ്സിലാക്കണം. അഞ്ച് യൂണിറ്റുകളിലായി നിരവധി മഹാന്മാരെയും അവരുടെ ആശയങ്ങളെയും കുറിച്ചുള്ള ഒരു താരതമ്യപഠനത്തിന് അവസരം നല്‍കുകയാണ് ചെയ്തിരിക്കുന്നത്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ബി.ആര്. അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു എന്നിങ്ങനെ നിരവധി പേരുടെ ആശയങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പമാണ് ഗോള്‍വല്‍ക്കറുടെയും സവര്‍ക്കറുടെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെയും ബല്‍രാജ് മഥോക്കിന്റേയുമൊക്കെ ചിന്തകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുത്വ-ദേശീയ ചിന്താഗതിയുടെ മറുപക്ഷത്തു നില്ക്കുന്ന എ.കെ. രാമാനുജനെയും കാഞ്ച ഐലയ്യയെയും പോലുള്ളവരുടെ ആശയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്താണ് ആധുനിക ഭാരതത്തിന്റെ രാഷ്ട്രീയ സ്വത്വം, അത് എങ്ങനെയൊക്കെയാണ് രൂപപ്പെട്ടത് എന്നു പരിശോധിക്കുന്നിടത്താണ് ഗോള്‍വല്‍ക്കറുടെയും സവര്‍ക്കറുടെയും മറ്റും ആശയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. ദേശീയത സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടുകള്‍ ഏകപക്ഷീയമായി അവതരിപ്പിക്കുകയല്ല, ദേശീയതാവാദത്തെ വിമര്‍ശിക്കുന്ന ടാഗോറിന്റെ ചിന്തകളെ മുന്‍നിര്‍ത്തിയാണ് ഈ യൂണിറ്റ് ആരംഭിക്കുന്നതെന്ന കാര്യം വിമര്‍ശകര്‍ ബോധപൂര്‍വം മറച്ചുപിടിക്കുന്നു. ദേശീയത സംബന്ധിച്ച മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറുടെയുമൊക്കെ ആശയങ്ങള്‍ അവതരിപ്പിച്ചശേഷമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായ സവര്‍ക്കറുടെയും ഗോള്‍വല്‍ക്കറുടെയും ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിനെയും എതിര്‍ക്കുന്നയാളെന്ന നിലയ്ക്കാണ് കാഞ്ച ഐലയ്യയേയും പരിചയപ്പെടുത്തുന്നത്. ചുരുക്കത്തില്‍ വളരെ ഉദാരമായ ഒരു സമീപനമാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍ സര്‍വകലാശാല സ്വീകരിച്ചത്. വ്യവസ്ഥാപിതമായ രീതിയിലാണ് ഇത് ചെയ്തിട്ടുള്ളതും. ബുദ്ധിയുറയ്ക്കാത്ത പ്രൈമറി വിദ്യാര്‍ത്ഥികളല്ല, മാനസിക പക്വത വന്നവരും ബൗദ്ധിക ക്ഷമതയുള്ളവരുമായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ഇവ പഠിക്കുന്നത്. ഏതെങ്കിലും ആശയങ്ങള്‍ തള്ളാനും കൊള്ളാനുമുള്ള വിവേകം ഇവര്‍ക്കുണ്ട്. ഇതിനുള്ള അവസരം ഈ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. വ്യാജമായ ആശങ്കകള്‍ സൃഷ്ടിച്ച് അക്കാദമിക് രംഗം കലുഷിതമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ ഇതില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള മാന്യത കാണിക്കണം.
സവര്‍ക്കറും ഗോള്‍വല്‍ക്കറും ദീനദയാല്‍ ഉപാധ്യായയുമൊക്കെ മൗലികമായ ചിന്താധാരകള്‍ അവതരിപ്പിച്ചവരാണ്. പുതിയ കാലത്ത് രാഷ്ട്രീയമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അപാരമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഇവരുടെ ആശയപ്രപഞ്ചം പല വിദേശ സര്‍വകലാശാലകളില്‍പ്പോലും പഠനവിഷയമാണ്. ഈ മഹാന്മാരുടെ ജന്മനാട്ടില് അത് അനുവദിക്കാനാവില്ലെന്നു ശഠിക്കുന്നത് അക്കാദമിക് സ്വഭാവത്തിനും സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്നു മാത്രമല്ല, ജനാധിപത്യ വിരുദ്ധവും ദേശവിരുദ്ധവുമാണ്. രാഷ്ട്രീയമായി വിരുദ്ധ പക്ഷത്ത് നി
ല്‍ക്കുമ്പോഴും ശശിതരൂരിനെപ്പോലുള്ളവര്‍ ഇതിനെ അനുകൂലിച്ച് നിലപാടെടുത്തിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വായിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുമ്പോഴേ അക്കാദമിക് സ്വാതന്ത്ര്യം പൂര്‍ത്തിയാകൂ എന്ന തരൂരിന്റെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ബഹുസ്വരതയെക്കുറിച്ച് വാദിച്ചുകൊണ്ടു തന്നെ അതിന് കടകവിരുദ്ധമായി പെരുമാറുന്ന ഒരു വിഭാഗം ആളുകള്‍ നമ്മുടെ കാമ്പസുകളില്‍ സജീവമാണ്. ജെഎന്‍യുവിലും ദല്‍ഹി സര്‍വകലാശാലയിലും ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലുമൊക്കെ ഇക്കൂട്ടരുടെ അഴിഞ്ഞാട്ടങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. കടുത്ത അസഹിഷ്ണുത മുഖമുദ്രയാക്കി അക്കാദമിക് മേഖലകളില്‍ തങ്ങളുടെ ആശയപരവും സംഘടനാപരവുമായ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരെ വിജയിക്കാന്‍ അനുവദിക്കരുത്. ഇടതു-ഇസ്ലാമിക ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ളതല്ല രാജ്യത്തെ സര്‍വകലാശാല കാമ്പസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: