ന്യൂദല്‍ഹി: പഞ്ചാബില്‍ നിന്ന് സമരം മാറ്റണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സമരം പഞ്ചാബിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെങ്കില്‍ സമരം പഞ്ചാബിന് പുറത്തേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധം കാരണം സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുന്നു. പഞ്ചാബ് കര്‍ഷകരുടെ ഭൂമിയാണ്. ഇവിടെ പ്രതിഷേധം നടത്തുന്നത് സംസ്ഥാനത്തിന്റെ താല്പ്പര്യത്തിനനുസരിച്ചല്ല. സംസ്ഥാനത്ത് പ്രതിഷേധം നടത്തുന്നതിനു പകരം കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. പഞ്ചാബില്‍ കര്‍ഷകരെ തടഞ്ഞിരുന്നെങ്കില്‍, അവര്‍ സിംഗു, തിക്രി അതിര്‍ത്തികളില്‍ എത്തുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോഷിയാര്‍പൂരിലെ മുഖിലാനയിലെ ഗവണ്മെന്റ് കോളജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷക പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ഷകരുടെ ആവശ്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് ഈ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: