ന്യൂദല്‍ഹി: ലൗ ജിഹാദും നാര്‍ക്കോ ഭീകരവാദവും തടയാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും ഇത്തരം കേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ ശബ്ദം അദ്ദേഹത്തിന്റെ രൂപതയില്‍ നിന്നുള്ളത് മാത്രമല്ല. ലൗ ജിഹാദിന്റെയും നാര്‍ക്കോ ഭീകരതയുടെ വീഴ്ചയുടെയും ഇരകളായ സമൂഹത്തിന്റെ ശബ്ദമാണെന്നും ടോം വടക്കന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലൗ ജിഹാദ് കേസുകളുടെയും മയക്കുമരുന്നിന് ഇരകളാകുന്നവരുടെയും എണ്ണം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തീവ്രവാദവും മയക്കുമരുന്നിന്റെ വ്യാപനവും സംസ്ഥാനത്ത് പരസ്പരബന്ധമുള്ളതാണെന്നും ഇത് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും വിവിധ അന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടും കേരള സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടില്ലെന്ന മട്ടിലാണ്.
വിവിധ പള്ളികളിലെയും ഭദ്രാസനങ്ങളിലെയും വിശ്വാസികളില്‍ നിന്നും ലഭിച്ച പരാതികളെത്തുടര്‍ന്നാണ് വിഷയം ബിഷപ്പ് കൗണ്‍സില്‍ ഉന്നയിച്ചത്. പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാക്കപ്പെടുകയും വിദേശത്തെ ജയിലുകളില്‍ എത്തപ്പെടുകയും ചെയ്യുന്നു. ഇത് മനുഷ്യക്കടത്തായി കണക്കാക്കണം.
വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കുടുംബങ്ങളിലെ സമാധാനത്തെ ബാധിക്കുകയും വിനാശകരമായ തലങ്ങളില്‍ സാമൂഹിക -സാമ്പത്തിക ക്രമക്കേട് സൃഷ്ടിക്കുകയും ചെയ്യുന്നു. യുവതലമുറയുടെ ബൗദ്ധികവും അക്കാദമികവുമായ ശക്തി നാര്‍ക്കോ ഭീകരതയിലൂടെയോ നാര്‍ക്കോ ജിഹാദ് മുഖേനയോ നശിപ്പിക്കപ്പെടുന്നു. മയക്കുമരുന്ന് ഉപയോഗം കുടുംബത്തിലെയും സമൂഹത്തിലെയും സമാധാനം തകര്‍ക്കുന്നു. ഇത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. നമ്മുടെ രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കാന്‍ യുവതലമുറയുടെ കഴിവുകളെയും മികവിനെയും ആശ്രയിക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നത്തിന് ഗുരുതരമായ ഭീഷണിയും പ്രത്യാഘാതവും സൃഷ്ടിക്കുന്നു. വിവിധ രൂപതകള്‍, പള്ളികള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പള്ളികള്‍ നടത്തുന്ന ഡി അഡിക്ഷന് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കുകളും ബിഷപ്പുമാര്‍ ഉന്നയിച്ച പരാതിയിലുണ്ട്. ഇത് ഏതെങ്കിലും ഒരു സമുദായത്തിനെതിരെയുള്ള വെറും ആരോപണമല്ല. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും യുവതലമുറയെ നശിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: