ബത്തേരി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട വീട്ടമ്മ ദുരിതത്തില്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബിന്ദുവാണ് ദുരിതത്തില്‍ കഴിയുന്നത്.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ വീട്ടമ്മയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടതും, കാഴചയ്ക്ക് മങ്ങലേറ്റതുമാണ് വീട്ടമ്മയെയും കുടുംബത്തെയും ദുരിതത്തിലാക്കുന്നത്. നാല് മാസം മുമ്പ് മുണ്ടക്കൊല്ലിയില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ ജോലിചെയ്യുമ്പോഴാണ് പാഞ്ഞടുത്ത കാട്ടുപന്നി ബിന്ദുവിനെ ആക്രമിച്ചത്.
ആക്രമണത്തില്‍ കഴുത്തിന് ആഴത്തില്‍ പരുക്കേറ്റു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലെ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്. ആക്രമണത്തെതുടര്‍ന്ന് ഇവരുടെ വലതുചെവിയുടെ കേള്‍വി ശക്തി നഷ്ടമായി. കാഴ്ചയ്ക്കു മങ്ങലുള്ളതായും ബിന്ദുപറയുന്നു. ഇതുകാരണം ജോലിക്കുപോകാനും ബിന്ദുവിന് ഇപ്പോള്‍ സാധിക്കുന്നില്ല. ഭര്‍ത്താവ് രഞ്ജിത്ത് കൂലിപണിക്കുപോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് നാല് പെണ്മക്കളടങ്ങുന്ന ഇവരുടെ കുടുംബം പുലരുന്നത്.
രഞ്ജിത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിസ്ഥലത്ത് വെച്ച് അപകടം സംഭവിച്ച് കാലിന് മുറിവ് പറ്റിയതിനാല്‍ സ്ഥിരമായി കൂലിപണിക്കുപോകാനും സാധിക്കുന്നില്ല. സ്ഥിരമായി ജോലിക്കുപോകുമ്പോള്‍ കാലിന് വേദന കൂടുന്നതും കുടുംബത്തെ ബുദ്ധിമുട്ടിലാക്കുകയാണ്. ബിന്ദുവിനെ കാട്ടുപന്നി ആക്രമിച്ചതിന്റെ നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പിനെ സമീപിച്ചെങ്കിലും ഇതുവരെ ഒരു സഹായവും വകുപ്പ് ചെയ്തില്ലന്നാണ് ബിന്ദു ആരോപിക്കുന്നത്.
ചികിത്സയെല്ലാം സൗജന്യമായതിനാല്‍ നഷ്ടപരിഹാരതുക ഇല്ലന്ന മറുപടിയാണ് വനംവകുപ്പില്‍ നിന്നും ലഭിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: