ന്യൂദല്‍ഹി: മോദിയെ വിടാതെ പിന്തുടര്‍ന്ന നേതാവായിരുന്നു ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പസ്വാന്. ഇദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച നരേന്ദ്രമോദി ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ കത്ത് വായിച്ച, ഈയിടെ ബിജെപിയില്‍ നിന്നകന്നുനില്ക്കുന്ന രാം വിലാസ് പസ്വാന്റെ മകന് ചിരാഗിനും മനസ്സലിഞ്ഞു. ഉടനെ മോദിയുടെ കത്ത് ചിരാഗും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ കത്തിന് വായനക്കാരേറി.
ഈ ദിവസം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത വൈകാരിക ദിനമാണെന്നും രാംവിലാസ് പസ്വാനെ വല്ലാതെ നഷ്ടപ്പെടുന്നുവെന്നും കുറിച്ചുകൊണ്ടാണ് മോദിയുടെ കത്ത് തുടങ്ങുന്നത്. പസ്വാനെ ദളിതരുടെയും പിന്നാക്കക്കാരുടെയും പാവങ്ങളുടെയും ചാമ്പ്യന്‍ എന്നും മോദി വിശേഷിപ്പിക്കുന്നു. പസ്വാനെപ്പോലെ പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനെ കഴിഞ്ഞ വര്‍ഷം നഷ്ടമായതുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന് തിരിച്ചടിയായെന്നും കത്തില്‍ പറയുന്നു.
‘രാഷ്ട്രീയം കാണാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്ന യുവാക്കള്‍ രാം വിലാസ് പസ്വാന്റെ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ സ്വാംശീകരിക്കണം. ഉയരങ്ങളില്‍ എത്തിയിട്ടും അദ്ദേഹം എപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് സമീപസ്ഥനും ഊഷ്മളബന്ധം പുലര്‍ത്തുന്ന വ്യക്തിയും ആയിരുന്നു. അദ്ദേഹം സംഭാഷണങ്ങളിലും സൗഹൃദത്തിലും വിശ്വസിച്ചു. അതുകൊണ്ടാണ് എല്ലാ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹത്തിന് അത്രയ്ക്ക് നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിച്ചത്,’ മോദി അഭിപ്രായപ്പെടുന്നു.
ഈ കത്തെഴുതിയതിന് രാം വിലാസ് പസ്വാന്റെ മകന് ചിരാഗ് പസ്വാന് മോദിയെ അഭിനന്ദിച്ചു. പസ്വാനോടുള്ള മോദിയുടെ സ്നേഹത്തിനും ചിരാഗ് നന്ദി പറഞ്ഞു. രാം വിലാസ് പസ്വാന്റെ പ്രവര്‍ത്തനങ്ങളെ ഈ കത്ത് ബഹുമാനിക്കുന്നുവെന്നും ചിരാഗ് കുറിച്ചു. വൈകാതെ ചിരാഗ് പ്രധാനമന്ത്രിയുടെ ഈ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.
രാം വിലാസ് പസ്വാനുമായി കൂട്ടുചേരുന്നത് ഭാഗ്യമാണെന്ന് മോദി വിശ്വസിച്ചിരുന്നു. 2014ലും 2019ലും രാം വിലാസ് പസ്വാന് ബിജെപി ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായിരുന്നു. മോദി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ശേഷം രൂപീകരിച്ച രണ്ട് മന്ത്രിസഭകളിലും രാം വിലാസ് പസ്വാന് കേന്ദ്രമന്ത്രി സ്ഥാനവും മോദി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: