തിരുവനന്തപുരം: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ കൈകോര്‍ക്കുന്ന ഒരു അഫ്-പാക് യൂണിയന് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും വിദേശകാര്യവിദഗ്ധന്‍ ടി.പി. ശ്രീനിവാസന്. ഒരു പ്രമുഖപത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലായിരുന്നു നയതന്ത്ര വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്റെ ഈ വിലയിരുത്തല്‍.
അഫ്പാക് യൂണിയന് ഉണ്ടായാല്‍ പാകിസ്ഥാനേക്കാള്‍ വലിയൊരു ശത്രു ഇന്ത്യയുടെ അയല്പക്കത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാകിസ്ഥാന് തീര്‍ച്ചയായും കശ്മീര്‍ പിടിച്ചടക്കുക എന്നുള്ളതാണ് ലക്ഷ്യം. ചൈനയുടെ പിന്തുണയും പാകിസ്ഥാനുണ്ടാകും. ചൈനയ്ക്ക് വ്യാപാരം സംബന്ധിച്ച് മാത്രമല്ല അഫ്ഗാനില്‍ ഉള്ള താല്പര്യം. പാകിസ്ഥാന് ചൈനയുടെ ഉള്ളംകൈയിലായതിനാല് ചൈനയ്ക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടേണ്ട കാര്യമില്ല. അവര്‍ക്ക് ആവശ്യമായത് പാകിസ്ഥാന് വഴി അഫ്ഗാനിസ്ഥാനെക്കൊണ്ട് സാധിപ്പിച്ചെടുക്കാം.എന്തായാലും ഇന്ത്യയ്ക്ക് ഭീഷണിയായി ഒരു പാകിസ്ഥാന്-ചൈന-താലിബാന് എന്ന അച്ചുതണ്ട് രൂപപ്പെടും- ശ്രീനിവാസന് ചൂണ്ടിക്കാട്ടുന്നു.
ഇങ്ങോട്ടൊരു ആക്രമണമുണ്ടാകാതെ ഇന്ത്യ ഒരിക്കലും നേരിട്ട് അങ്ങോട്ട് ആക്രമിക്കാന്‍ പോകില്ല. സമാധാനം മാത്രമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷെ ഇങ്ങോട്ട് പ്രകോപനപരമായ നടപടിയുണ്ടായാല്‍ ഇന്ത്യയ്ക്ക് പ്രതിരോധിക്കാതെ മറ്റ് മാര്‍ഗ്ഗമില്ല. ഇപ്പോഴേ ഇന്ത്യ പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിത്തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: