കോഴിക്കോട്: ലീഗ് വനിതാ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ മുന്‍ ഭാരവാഹികള്‍ നല്കിയ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂണ്‍ 22ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ വച്ച് ഹരിത പ്രവര്‍ത്തകരെ എംഎസ്എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തി എന്നാണ് പരാതി.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ സ്റ്റേഷന് ജാമ്യത്തില്‍ ഇയാള്‍ക്ക് പുറത്തിറങ്ങാനാവും. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി ഇതിനെ കാണുന്നെന്നായിരുന്നു നവാസിന്റെ പ്രതികരണം. ലൈംഗികാധിക്ഷേപമുണ്ടായ വിവാദ യോഗത്തിന്റെ മിനുട്സ് ഹാജരാക്കാന്‍ എംഎസ്എഫ് ജനറല്‍ സെക്രട്ടറിക്ക് പോലീസ് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നവാസിനെ അറസ്റ്റ് ചെയ്തത്. ഹരിത നല്കിയ പരാതിയില്‍, പരാതിക്കാരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ചെമ്മങ്ങാട് പൊലിസാണ് കേസന്വേഷിക്കുന്നത്.
അതേസമയം ഹരിതയെ പിരിച്ചു വിട്ടത് പുനപരിശോധിക്കമമെന്നാവശ്യപ്പെട്ട് ലീഗിനുള്ളില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നടപടിയോടെ അവസാനിച്ചു എന്നാണ് ലീഗിന്റെ നിലപാടെങ്കിലും തര്‍ക്കം തുടരുകയാണെന്ന് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: