പത്തനംതിട്ട: വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്ന തീര്‍ത്ഥാടകരിൽ നിന്നും നിശ്ചിത തുക ഫീസായി വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നു. ദര്‍ശനം നടത്തിക്കഴിയുമ്പോള്‍ ഓണ്‍ലൈനായി തുക തിരികെ നൽകും. തീർത്ഥാടകർ ശബരിമലയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാണിത്. ബുക്ക് ചെയ്തിട്ട് ദര്‍ശനം നടത്താത്തവരുടെ തുക നഷ്ടമാകും. ഇത് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടിലേക്കു മാറ്റും.
കഴിഞ്ഞ മാസങ്ങളിലെ പൂജകള്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം 10,000 പേര്‍ക്ക് ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍, രണ്ടായിരത്തോളം ആളുകളേ എത്തിയുള്ളൂ. ഇത് ഒഴിവാക്കാനാണ് പുതിയ നടപടി. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്നത്, ദര്‍ശനം ആഗ്രഹിക്കുന്നവരുടെ അവസരം നഷ്ടപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ഫീസ് ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം ഉയര്‍ന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു.
നട തുറക്കുന്നതിന് ഒരാഴ്ച മുന്‍പ് ബുക്കിംഗ് ആരംഭിക്കണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. വെര്‍ച്വല്‍ ക്യു തല്‍ക്കാലം ഏറ്റെടുക്കേണ്ടെന്നാണ് ബോര്‍ഡ് തീരുമാനം. സോഫ്ട് വെയറിനെ സംബന്ധിച്ച് പരാതികളുണ്ടായാല്‍ പരിഹരിക്കുക പ്രയാസമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വെര്‍ച്വല്‍ ക്യൂ സംബന്ധിച്ച പരാതികള്‍ ദേവസ്വം ബോര്‍ഡ് പ്രസിന്റ് എന്‍.വാസു പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
ബുക്ക് ചെയ്യണമെന്ന് അറിയാതെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി നിലയ്‌ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ബോര്‍ഡ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: