തിരുവനന്തപുരം : പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്്താവനയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. നാര്‍ക്കോടിക്സ് ജിഹാദെന്ന ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് പാലാ നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത് വന്നതിന് പിന്നാലെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പാലാ മണ്ഡലം കമ്മിറ്റിയുടെ വിവാദ നിലപാടിനെതിരായ വിശദീകരണം വന്നിരിക്കുന്നത്.
ഏത് വിഷയത്തിലായാലും യൂത്ത് കോണ്‍ഗ്രസ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ്സ് നിലപാടല്ല. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിര്‍ക്കുമെന്നായിരുന്നു ഫേസ്ബുക് പേജില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.
അതേസമയം ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്ക മാത്രമാണ്. ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞത്. വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
നാര്‍ക്കോടിക്സ് ജിഹാദ് വിഷയത്തില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ഇത്തരം പ്രചരണങ്ങള്‍ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകും. പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചാരണങ്ങളെ ചെറുക്കുമെന്നുമായിരുന്നു പാലാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് ആര്.വി. ജോസിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: