കാബൂള്‍: താലിബാന് സര്‍ക്കാരിന് പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാന്. താലിബാന് സര്‍ക്കാര്‍ അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പാകിസ്ഥാന് പറഞ്ഞു.
പാകിസ്ഥാന് സര്‍ക്കാര്‍ പറത്തുവിട്ട പ്രസ്താവനയിലാണ് താലിബാന് സര്‍ക്കാര്‍ ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. യുദ്ധത്താല്‍ മുറിവേറ്റ അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നത് തുടരുമെന്നും പാകിസ്ഥാന് വ്യക്തമാക്കി.
‘പുതുതായി രൂപീകരിക്കപ്പെട്ട താലിബാന് സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയും സുരക്ഷയും സമാധാനവും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കും. അഫ്ഗാന് ജനതയുടെ വികസന കാര്യങ്ങളും മനുഷ്യാവകാശപ്രശ്നങ്ങളും ഈ സര്‍ക്കാര്‍ ശ്രദ്ധിക്കും,’ പാകിസ്ഥാന് പറഞ്ഞു.
നേരത്തെ അഫ്ഗാനിസ്ഥാന് വൈസ് പ്രസിഡന്റായിരുന്ന അംറുല്ല സാലേ അഫ്ഗാനിസ്ഥാനെ താലിബാന് ഏറ്റെടുക്കുന്നതിന് പിന്നിലെ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഈയിടെ പഞ്ച്ശീറില്‍ താലിബാന് വേണ്ടി പാകിസ്ഥാന് വ്യോമാക്രമണം നടത്തിയ വാര്‍ത്തയും പുറത്തുവന്നിരുന്നു. അഫ്ഗാന് പ്രതിരോധ സേനയെ പാകിസ്ഥാന് ആക്രമിച്ചതിനെതിരെ ഇറാന് വിമര്‍ശനം നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ വിദേശ ഇടപെടലിനെതിരെയായിരുന്നു ഇറാന് വിമര്‍ശനമുന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: