ന്യൂദല്‍ഹി: താലിബാന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷമുണ്ട് ഏവരുടെയും കണ്ണുകളില്‍. വാക്കിലും നോക്കിലുമുണ്ട് ഭീതിയൊഴിഞ്ഞ ആശ്വാസം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ശാന്തമായ അന്തരീക്ഷത്തില്‍ അവര്‍ കുശലം പറഞ്ഞും, തമാശ ആസ്വദിച്ചും രസിക്കുമ്പോഴും, ഏതാനും മാസം പോലും ആയിട്ടില്ലാത്ത കുരുന്നിന്റെ കളിചരി കണ്ട് ഹൃദയം നിറയ്ക്കുമ്പോഴുമുണ്ട് ഉള്ളിന്റെയുള്ളില്‍ വേദന, ആശങ്ക. ഇനിയെന്ത്? എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം.
ആഗസ്ത് 24ന് കാബൂളില്‍ നിന്ന് ഇന്ത്യ രക്ഷിച്ചുകൊണ്ടുവന്ന 74 അഫ്ഗാന് സിഖ് അഭയാര്‍ഥികള്‍ ദല്‍ഹിയിലെ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ കൊവിഡ് ഐസൊലേഷന്‍ കഴിഞ്ഞു. രോഗമില്ലെന്ന് ഉറപ്പിച്ചു. താലിബാനില്‍ നിന്ന് രക്ഷപ്പെട്ട് ദല്‍ഹിയിലെത്തി. പക്ഷേ, എങ്ങനെ ഇനി ജീവിതം മുന്നോട്ടുകൊണ്ടുപോകും… അറിയില്ല. ബിസിനസോ തൊഴിലോ വ്യാപാരമോ… എന്തായാലും ഇന്ത്യയില്‍ ഇവ ഒന്നില്‍ നിന്ന് തുടങ്ങണം, അതിനു പണം വേണം. അഫ്ഗാനില്‍ ജോലി ചെയ്തും ബിസിനസ് നടത്തിയും നല്ല നിലയില്‍ ജീവിച്ചവരാണ് ഇവരെല്ലാം. അവരുടെ വസ്ത്രങ്ങളും മറ്റും കണ്ടാലറിയാം ഇത്.
ദല്‍ഹിയില്‍ തന്നെ പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമം തുടങ്ങണം. ജീവനോപാധി കണ്ടെത്തണം. കുട്ടികളെ പഠിപ്പിക്കണം… എങ്ങനെയും ജീവിതം ശരിയായ ട്രാക്കില്‍ എത്തിക്കാമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. പക്ഷേ, ഉറ്റവരും ഉടയവരും ഇനിയുമുണ്ട് അഫ്ഗാനില്‍. അവരെയോര്‍ത്ത് ആശങ്കപ്പെടുകയാണ് ഇവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: