ന്യൂദല്‍ഹി: റഷ്യന്‍ ജോയിന്റ് സ്റ്റോക്ക് കമ്പനിയായ റോസ്ജിയോളജിയയും ഖനി വകുപ്പിന് കീഴീല്‍ പ്രവര്‍ത്തിക്കുന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഭൗമശാസ്ത്ര മേഖലയില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാ പത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.
ഖനനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കൂടുതല്‍ ധാതുസമ്പത്ത് കണ്ടെത്തുന്നതിനും ഈ മേഖലയില്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിനും പിജിഇ, ആര്‍ഇഇ പര്യവേക്ഷണം നടത്തുന്നതിനും ഇന്ത്യയിലെ ഭൗമശാസ്ത്ര ഡാറ്റ റഷ്യയിലെ നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇന്ത്യ കരാറിലേര്‍പ്പെടുന്നത്. ഡ്രില്ലിംഗ്, സാംപ്ലിംഗ്, കൃത്യമായ ഡാറ്റയ്ക്കായുള്ള ലാബോറട്ടറി വിശകലനം, ചെലവ് ചുരുക്കല്‍, ശാസ്ത്രജ്ഞര്ക്കുള്ള പരിശീലനവും മികവ് വര്‍ദ്ധിപ്പിക്കലും തുടങ്ങിയവ സഹകരണത്തിന്റെ ഭാഗമായി ലക്ഷ്യമിടുന്നു.
റോസ്ജിയോളജിയയുടേയും ജി എസ് ഐയുടേയും അനുഭവസമ്പത്തും സഹകരിക്കാനുള്ള സാധ്യതയും പരിഗണിക്കുമ്പോള്‍ ഭൗമശാസ്ത്ര മേഖലയില്‍ ഈ ധാരണാപത്രം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗവണ്മെന്റ് ഉടമസ്ഥതയില്‍ റഷ്യയിലുള്ള ഏറ്റവും വലിയ ഭൗമശാസ്ത്ര കമ്പനിയാണ് ജോയിന്റ് സ്റ്റോക്ക് കമ്പനി റോസ്ജിയോളജിയ. ധാതുഖനനവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളും ഭൂമിശാസ്ത്രപരമായ ഗവേഷണങ്ങളും പര്യവേക്ഷണ പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുന്നു.
2020ല്‍ റോസ്ജിയോയുടെ പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പര്യവേക്ഷണ പ്രവര്‍ത്തനങ്ങളിലെ സഹകരണ കാഴ്ചപ്പാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മൈന്‍സ് ആന്‍ഡ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(ജിഎസ്ഐ)യുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഈ യോഗത്തില്‍, ഭൗമശാസ്ത്ര മേഖലയിലെ സഹകരണത്തെക്കുറിച്ച് ജിഎസ്ഐയും റോസ്ജിയോയും തമ്മില്‍ ധാരണാപത്രം ഒപ്പിടാമെന്ന നിര്‍ദേശം ഉയര്‍ന്നു. അതനുസരിച്ചാണ്, ജിഎസ്ഐ റോസ്ജിയോയുമായി ചര്‍ച്ച ചെയ്ത് ഒരു കരട് ധാരണാപത്രം തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: