കല്‍പ്പറ്റ: സംസ്ഥാന ടെലിവിഷന്‍ പുരസ്കാരത്തിലൂടെ വയനാട്ടിലെ തരിയോട് ഗ്രാമത്തെ വീണ്ടും പ്രശസ്തിയിലേക്കു ഉയര്‍ത്തി നിര്‍മല്‍ ബേബി വര്‍ഗീസിന്റെ ഡോക്യുമെന്ററി. തരിയോട് സ്വദേശിയായ നിര്‍മല്‍ ബേബി ‘തരിയോട്’ എന്ന പേരില്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് മികച്ച എജ്യുക്കേഷന്‍ പ്രോഗ്രാമിനുള്ള 2020ലെ പുരസ്കാരം നേടിയത്.
1880 മുതല്‍ 1915 വരെ തരിയോടിലും മലബാറിന്റെ മറ്റുഭാഗങ്ങളിലും നടന്ന സ്വര്‍ണ ഖനനമാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രമേയം. സ്വര്‍ണ ഖനനത്തിനായി വയനാട്ടിലും സമീപ പ്രദേശമായ നീലഗിരിയിലും സ്വര്‍ണ ഖനനത്തിനു മുതല്‍ മുടക്കിയ വിദേശ കമ്പനികളുടെ എണ്ണം 30നു മുകളില്‍ വരും. വമ്പിച്ച നഷ്ടത്തിന്റ കണക്കുകളുമായാണ് ഈ കമ്പനികളെല്ലാം തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
കമ്പനികള്‍ സ്വര്‍ണഖനനത്തിനു കൈവശപ്പെടുത്തിയ ഭൂമിയില്‍ ഏറെയും പില്ക്കാലത്തു പ്ലാന്റേഷനുകളായി മാറുകയായിരുന്നു. ഒരിക്കല്‍ സ്വര്‍ണ ഖനനം നടന്നതാണ് ബാണാസുര സാഗര്‍ അണക്കെട്ട് നിര്‍മാണത്തോടെ വെള്ളത്തിനടിയിലായ തരിയോടിന്റെ പല പ്രദേശങ്ങളും. വയനാട് ഗോള്‍ഡ് മൈന്‍സ് കമ്പനിയാണ് തരിയോടില്‍ സ്വര്‍ണ ഖനനത്തിനു പ്രധാനമായും നിക്ഷേപം നടത്തിയത്.
ഖനനത്തിനായുള്ള കമ്പനിയുടെ വരവ് പ്രദേശത്തു വികസനത്തിനും നഗരവത്കരണത്തിനും വഴിയൊരുക്കി. ഇതിലൂടെയെല്ലാം കടന്നുപോകുന്ന ഡോക്യുമെന്ററി സ്വര്‍ണ ഖനനത്തിന്റെ ഇപ്പോഴത്തെ സാധ്യതകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ചരിത്രകാരന്മാരായ കെ.കെ.എന്‍.കുറപ്പ്, മുണ്ടക്കയം ഗോപി, ഒ.കെ.ജോണി എന്നിവരുമായുള്ള അഭിമുഖങ്ങളും ഈ ഹ്രസ്വ ചലച്ചിത്രത്തിന്റെ ഭാഗമാണ്.
കാസാ ബ്ലാങ്കോ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബിയുടെ സഹോദരി ബേബി ചൈതന്യയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. 2018ല്‍ തുടങ്ങിയ ചിത്രീകരണം 2020 ലാണ് പൂര്‍ത്തിയായത്. ഡോക്യുമെന്ററിയിലൂടെ ഇതിനകം നിരവധി പുരസ്കാരങ്ങള്‍ ബേബി വര്‍ഗീസിനു ലഭിച്ചിട്ടുണ്ട്. 27 കാരനായ നിര്‍മല്‍ വഴിയെ എന്ന പേരില്‍ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. തരിയോടു പുതുപറമ്പില്‍ ബേബി, ലില്ലി ദമ്പതികളുടെ മകനാണ് നിര്‍മല്‍ ബേബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: