കൊല്ലം: സ്ത്രീപീഡന കേസില്‍ നടപടി സ്വീകരിച്ച് രണ്ടു വര്‍ഷം മുന്‍പ് സ്ഥലം മാറ്റിയ ചവറ കെഎംഎംഎല്ലിലെ ഉന്നത ഉദ്യോഗസ്ഥനെ വ്യവസായ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തിരികെ നിയമിച്ചു. പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മുന്‍കാല പ്രാബല്യത്തോടെയുള്ള പുതിയ നിയമനം.
2019ല്‍ സഹപ്രവര്‍ത്തകയായ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഇദ്ദേഹത്തെ അന്വേഷണ വിധേയമായി ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറിയിലേക്കായിരുന്നു സ്ഥലം മാറ്റിയത്. രണ്ട് ഇന്‍ക്രിമെന്റും തടഞ്ഞിരുന്നു. ലീഗല്‍ ഓഫീസറായിരുന്ന അനില്‍കുമാറിനായിരുന്നു പകരം നിയമനം നല്‍കിയത്. ഡിപ്പാര്‍ട്ട്മെന്റ് തല നടപടി വന്നതിനാല്‍ പോലീസില്‍ പരാതി നല്‍കാതെ ഡിപ്പാര്‍ട്ട്മെന്റിനുള്ളില്‍ തന്നെ പ്രശ്നം ഒത്തുതീര്‍ത്തു.
എന്നാല്‍, സിപിഎം യൂണിയന് സെക്രട്ടറിയുടെ വലംകൈയായിരുന്ന ഇദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം അണിയറ നീക്കം തുടങ്ങിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയെ സ്വാധീനത്തിലാക്കി മന്ത്രിതലത്തില്‍ തന്നെ ശക്തമായ ഇടപെടല്‍ നടത്തി. ഒടുവില്‍ കഴിഞ്ഞ ദിവസം പുനര്‍ നിയമനം നല്കി ഉത്തരവിറങ്ങി. ഇതേ ആളിനെപ്പറ്റി 2008ലും സമാനമായ പരാതി ഉണ്ടായിരുന്നു. അന്ന് പരിശീലനത്തിന്റെ ഭാഗമായി എത്തിയ യുവതിയായിരുന്നു പരാതിക്കാരി. അവരെ മാറ്റി സംഭവം ഒതുക്കി.
പുതിയ പരാതിയില്‍ വനിതാ ജീവനക്കാരിക്കു നേരെയുണ്ടായ പീഡനം പുറത്തേക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതു സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ഈ വിഭാഗത്തില്‍ നിയമനം നല്‍കില്ലെന്ന് പറഞ്ഞാണ് കേസ് ഒതുക്കിയത്. ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലിയിലുള്ള പരാതിക്കാരി കോടതിയെ സമീപിക്കുമെന്ന് യൂണിയനുകളെ അറിയിച്ചിട്ടുണ്ട്. കെഎംഎംഎല്ലിലെ ഡെപ്യൂട്ടി മാനേജര്‍ അതുല്യയുടെ നേതൃത്വത്തിലുള്ള വനിത അന്വേഷണ കമ്മിഷനാണ് അന്വേഷണം നടത്തിയത്. എന്നാല്‍, ഈ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് യാതൊരു വിലയും നല്‍കാതെയാണ് പുനര്‍നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: