തൃശ്ശൂര്‍: താഴെത്തട്ട് മുതലുള്ള സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ പാര്‍ട്ടി പിടിക്കാന്‍ സിപിഎമ്മില്‍ ചേരിതിരിഞ്ഞ് കരുനീക്കങ്ങള്‍. വിഎസ് വിഭാഗം ദുര്‍ബലമായെങ്കിലും ഔദ്യോഗികപക്ഷത്ത് ശക്തമായ വിള്ളല്‍ രൂപപ്പെട്ടതോടെ വിഭാഗീയതയ്‌ക്ക് പുതിയ രൂപം കൈവരികയാണ്.
പാര്‍ട്ടിയുടെ കരുത്തായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കണ്ണൂര്‍ നേതൃനിരയിലാണ് വിള്ളല്‍ രൂക്ഷമാകുന്നത്. സംസ്ഥാന സെക്രട്ടറി പദത്തില്‍ കണ്ണുവച്ച് കോടിയേരിയും ഇ.പി. ജയരാജനും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. പിണറായി ആരെ പിന്തുണയ്‌ക്കും എന്നതാണ് നിര്‍ണായകമാവുക. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തിലും മന്ത്രിസഭ രൂപീകരണത്തിലും അസംതൃപ്തരായ ഒട്ടേറെ മുതിര്‍ന്ന നേതാക്കളുണ്ട്. ഇവരുടെ നിലപാടുകളും നിര്‍ണായകമാവും. പിണറായിക്കൊപ്പം കോടിയേരിയും ചേര്‍ന്നാണ് തങ്ങളെ വെട്ടിയതെന്ന് പലരും കരുതുന്നു. കെ.കെ. ശൈലജ, പി. ജയരാജന്‍, ജി. സുധാകരന്‍, എ.സി. മൊയ്തീന്‍ എന്നിവരെല്ലാം നീരസത്തിലാണ്.
മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മുതലാക്കാനായാല്‍ കോടിയേരിയെ മറികടന്ന് ഇ.പി. ജയരാജന്‍ സെക്രട്ടറി പദത്തിലെത്തും. സപ്തംബര്‍ 15 മുതലാണ് ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കുക. അടിത്തട്ടുമുതല്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ ചുമതലയില്‍ കൊണ്ടുവരാന്‍ ഇരുപക്ഷവും നീക്കമാരംഭിച്ചിട്ടുണ്ട്. ഏരിയ കമ്മിറ്റികളിലും ജില്ലാ കമ്മിറ്റികളിലും പിടിമുറുക്കിയാലേ സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം നേടാനാവൂ. വി.എസ് ഗ്രൂപ്പിനെ വെട്ടിനിരത്താന്‍ പിണറായിക്കൊപ്പം നിന്നവരാണ് കോടിയേരിയും ജയരാജനും. അതുകൊണ്ട് തന്നെ ഇരുവരുടെയും തന്ത്രങ്ങളും സമാനം.
നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കോടിയേരിയെ സെക്രട്ടറിയായി തിരികെക്കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതാണ്. മയക്കുമരുന്ന് കേസില്‍ പെട്ട് കര്‍ണാടകയിലെ ജയിലിലുള്ള മകന്‍ ബിനീഷ് കോടിയേരിക്ക് അപ്പോഴേക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജാമ്യം ലഭിച്ചില്ല. അതോടെ താത്കാലിക സെക്രട്ടറി എ. വിജയരാഘവന്‍ സംസ്ഥാന സമ്മേളനം വരെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന സമ്മേളനത്തിന് മുന്‍പ് ബിനീഷ് ജയില്‍ മോചിതനായാല്‍ കോടിയേരിക്ക് സാധ്യതയേറും. ബിനീഷിനെതിരായ നീക്കത്തിന് പിന്നില്‍ ഇ.പി. ജയരാജനാണെന്ന് കോടിയേരി പാര്‍ട്ടിനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പിണറായി ഉള്‍പ്പെടെയുള്ളവര്‍ ഇത് ഗൗരവമായെടുത്തിട്ടുമുണ്ട്. പിണറായിക്ക് ജയരാജനോടുള്ള താല്‍പ്പര്യം കുറയാന്‍ ഇതും കാരണമായി.
പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരും കോടിയേരി തിരിച്ച് വരുന്നതിന് അനുകൂലമാണ്. പക്ഷേ ഒരു മത്സരത്തിലേക്ക് നീങ്ങിയാല്‍ നേതൃത്വം ഉദേശിച്ച പോലെ കാര്യങ്ങള്‍ സംഭവിക്കണമെന്നില്ല. മിക്ക ജില്ലകളിലും താഴെത്തട്ടില്‍ പ്രവര്‍ത്തകരുമായി ബന്ധമുള്ളയാളാണ് ഇ.പി. ജയരാജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: