മൂന്നാര്‍: വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ പാമ്പാടുംചോല ദേശീയോദ്ധ്യാനത്തില്‍ അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ടു. കാട്ടുപോത്തിനെ കല്ലെറിഞ്ഞു, തടയാന്‍ ശ്രമിച്ച നാല് വാച്ചര്‍മാര്‍ക്ക് പരിക്ക്. കൊല്ലം സ്വദേശികളായ സഹോദരന്മാരടക്കം ആറ് യുവാക്കള്‍ റിമാന്‍ഡില്‍.
കൊട്ടാരക്കര സ്വദേശികളായ നെടുമണ്‍കാവ് വാക്കനാട് സുധീര്‍ മന്‍സില്‍ ഷെമീര്‍(31), ആയൂര്‍ ചിറവയ്‌ക്കല്‍ കടയില്‍ വീട്ടില്‍ രജ്ഞിത്ത്(29), ജിബിന്‍ നിവാസില്‍ ജിബിന്‍ ബാബു(28), കോട്ടയ്‌ക്കാവിള എളമാട് സെന്റ്‌മേരീസ് തെക്കെതില്‍ ജിനില്‍(26), കോട്ടയ്‌ക്കാവിള ഇളമാട് കോട്ടയ്‌ക്കവിള പുത്തന്‍വീട്ടില്‍ ജിജോ ബേബി(29), സഹോദരന്‍ സിബിന്‍(24) എന്നിവരെയാണ് വനപാലകര്‍ പിടികൂടിയത്. വാച്ചര്‍മാരായ കുബേന്ദ്രന്‍, ഉലഹനാഥന്‍, അനീഷ്, സനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മൂന്നാര്‍ കാണാനെത്തിയ സംഘം വട്ടവടയ്‌ക്ക് പോകുന്ന റൂട്ടിലുള്ള കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്ധ്യാനമായ പാമ്പാടും ചോലയിലെത്തുകയായിരുന്നു. ടോപ്പ് സ്റ്റേഷനില്‍വെച്ച് സംഘത്തിനോട് വഴിയില്‍ ഇറങ്ങരുതെന്ന നിര്‍ദേശം നല്‍കിയാണ് ചെക്ക് പോസ്റ്റ് കടക്കാന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ അനുവദിച്ചത്. എന്നാല്‍ ഇവര്‍ സമീപത്തെ പുല്‍മേട്ടില്‍ ഇറങ്ങുകയും വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട കാട്ടുപോത്തിനെ കല്ലെറിയുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാച്ചര്‍മാര്‍ ഇതുകണ്ട് തടഞ്ഞെങ്കിലും ഇവരെ അസഭ്യ പറഞ്ഞ് കൈയേറ്റം ചെയ്ത ശേഷം വാഹനമെടുത്ത് മടങ്ങുകയായിരുന്നു. ടോപ്പ് സ്റ്റേഷനിലെ ചെക്ക്‌പോസ്റ്റില്‍ വാഹനം തടഞ്ഞെങ്കിലും ഇവര്‍ വനപാലകരെ കൈയേറ്റം ചെയ്തു. നാല് വാച്ചര്‍മാര്‍ക്ക് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റു. പിന്നാലെ കൂടുതല്‍ പേരെത്തി സംഘത്തെ കീഴടക്കുകയായിരുന്നു. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികള്‍ക്കെതിരെ വന്യജീവി നിയമ പ്രകാരവും ജോലി തടസപ്പെടുത്തിയിതിനും ആക്രമണത്തിനും കേസെടുത്തു. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെല്ലാം വിദേശത്ത് ജോലി ചെയ്യുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: