തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വനവാസി ഊരുകളിലേക്കുള്ള സേവാഭാരതിയുടെ സഞ്ചരിക്കുന്ന ആശുപത്രിയായ ‘സുഗതം’ പദ്ധതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫഌഗ് ഓഫ് ചെയ്തു.
വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി സേവാഭാരതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സേവാഭാരതിക്കെതിരായ ചില ഭാഗങ്ങളില്‍ നിന്നുള്ള അനാവശ്യമായ വിമര്‍ശനങ്ങളില്‍ അസ്വസ്ഥരാകരുതെന്നും ആരംഭിച്ച ഉദാത്തമായ കാര്യങ്ങളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ഉപദേശിച്ചു,
സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.രഞ്ജിത്ത് ഹരി, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എസ്.സേതുമാധവന്, സേവാഭാരതി സംസ്ഥാന സമിതി അംഗം അഡ്വ.കെ.എം. രശ്മി, സുഗതകുമാരിയുടെ മകളും കവിയുമായ ലക്ഷ്മിദേവി,പദ്ധതി നിര്‍വ്വഹിക്കുന്ന ജില്ലകളിലെ സേവാഭാരതി അദ്ധ്യക്ഷന്മാരായ ഡോ.രാജ്മോഹന്‍(തിരുവനന്തപുരം), ഡോ.എന്‍.എന്‍.മുരളി (കൊല്ലം), അഡ്വ.ഡി. അശോക് കുമാര്‍(പത്തനംതിട്ട), തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷ രശ്മി ഐഷ തുടങ്ങിയവര്‍ പങ്കെടുത്തു.
സന്ദര്‍ശനവേളകളില്‍ സുഗതകുമാരി പങ്കുവെച്ച ആശയങ്ങളില്‍ നിന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. എഴുത്തുകാരിയുടെ ആറന്മുളയിലെ തറവാട്ടില്‍ പിന്നീട് സാംസ്കാരികപ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടിയപ്പോള്‍ ഈ ആശയം നടപ്പാക്കാനുള്ള ചുമതല സേവാഭാരതി ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വനവാസി ഊരുകളുള്ള 25 പഞ്ചായത്തുകളില്‍ സേവാഭാരതിയുടെ സുഗതം മൊബൈല്‍ മെഡിക്കല്‍ സംവിധാനം എത്തും. ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഉറപ്പാക്കുന്നതാണ് പദ്ധതി. മൂന്ന് ജില്ലകളിലെയും പ്രമുഖ ആശുപത്രികളുമായും വിദഗ്ധരായ ഡോക്ടര്‍മാരുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യുക്ക് ഹീല്‍ എന്ന പ്രസ്ഥാനമാണ് സുഗതം പദ്ധതിക്കായുള്ള മെഡിക്കല്‍ വാന്‍ സേവാഭാരതിക്ക് നല്‍കിയത്. ഒരാഴ്ച ഒരു ഊരില്‍ എന്ന നിലയിലാവും ആരോഗ്യസേവനം നടത്തുന്നത്. ചികിത്സയും മരുന്നും അവിടെത്തന്നെ നല്‍കും. ഗുരുതര രോഗമുള്ളവര്‍ക്കും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും അതാത് ജില്ലകളില്‍ത്തന്നെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ സൗജന്യനിരക്ക് ഉറപ്പാക്കും. എല്ലാ ഊരുകളിലും ആരോഗ്യപൂര്‍ണമായ ജീവിതം സാധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സേവാഭാരതി പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: