ന്യൂദല്‍ഹി: ‘അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തില്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ മുസ്ലിങ്ങളിലെ വിഭാഗങ്ങള്‍ ആഘോഷിക്കുന്നു’വെന്ന് ചൂണ്ടിക്കാട്ടി അപലപിച്ച് മുതിര്‍ന്ന നടന് നസറുദ്ദീന്‍ ഷാ. ഇത് അപകടകരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ‘അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തില്‍ മടങ്ങിയെത്തിയത് ലോകത്ത് ആശങ്കയ്ക്ക് കാരണമാകുമ്പോള്‍, കിരാതന്മാരുടെ പേരിലുള്ള ഇന്ത്യന്‍ മുസ്ലിങ്ങളിലെ ചില വിഭാഗങ്ങളുടെ ആഘോഷങ്ങളുടെ അപകടവും ചെറുതല്ല’- സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ നസറുദ്ദീന്‍ ഷാ പറഞ്ഞു.
‘മതമോ ജീവിതമോ പഴയ കാടത്തംകൊണ്ട് പരിഷ്കരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ’യെന്ന് താലിബാന് വീണ്ടും ശക്തിപ്പെട്ടതില്‍ ആനന്ദിക്കുന്നവര്‍ സ്വയം ചോദിക്കണമെന്ന് 71-കാരനായ നടന് ആവശ്യപ്പെട്ടു. ‘ഹിന്ദുസ്ഥാനി ഇസ്ലാമും’ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ഇസ്ലാമില്‍നിന്ന് ഇന്ത്യയിലെ ഇസ്ലാം വിഭിന്നമാണ്.
‘നമുക്ക് തിരിച്ചറിയാന്‍പോലും കഴിയാത്തവിധം അത് വളരെയധികം മാറുന്ന കാലം ഈശ്വരന് സൃഷ്ടിക്കാതിരിക്കട്ടെ’യെന്നും നസറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 15-നായിരുന്നു അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചെടുത്തത്. പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലായിരുന്നു അഫ്ഗാന് സൈന്യത്തെ പരാജയപ്പെടുത്തിയുള്ള ഭീകരരുടെ മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: