കാബൂള്‍: കശ്മീര്‍ പ്രശ്നത്തില്‍ താലിബാന് യാതൊരു ഇടപെടലും നടത്തില്ലെന്ന് താലിബാന് യുവനേതാവ് അനസ് ഹഖാനി.
കശ്മീര്‍ തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നും കശ്മീരില്‍ ഇടപെടുന്നത് തങ്ങളുടെ നയത്തിന് എതിരാണെന്നും അനസ് ഹഖാനി പറഞ്ഞു. ‘ഞങ്ങളുടെ നയത്തിന് എതിരായി എങ്ങിനെ ഞങ്ങള്‍ പ്രവര്‍ത്തിക്കും?. ഇത് വളരെ വ്യക്തമാണ്, ഞങ്ങള്‍ ഇടപെടില്ല,’ അനസ് ഹഖാനി വ്യക്തമാക്കി.
ഇന്ത്യ 20 വര്‍ഷം ഞങ്ങളുടെ എതിരാളികളുമായി ബന്ധം സ്ഥാപിച്ചെങ്കിലും പഴയതെല്ലാം മറക്കാന്‍ തയ്യാറാണെന്നും അനസ് ഹഖാനി പറഞ്ഞു. അതേ സമയം യുഎസിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു: ‘നിങ്ങളുടെ ശക്തി ക്ഷയിച്ചു, നിങ്ങളുടെ സ്വാധീനവും പോയിക്കഴിഞ്ഞു’- അദ്ദേഹം പറഞ്ഞു. ആറ് വര്‍ഷം അഫ്ഗാനിലെ ബഗ്രാമിലെ ജയിലില്‍ അനസ് ഹഖാനിയെ യുഎസ് തടവുകാരനാക്കിയിരുന്നു.
‘ഇന്ത്യ മാത്രമല്ല, ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളുടെയും സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. വരും നാളുകളില്‍ ഞങ്ങള്‍ നയങ്ങള്‍ തീരുമാനിക്കും,’ അനസ് പറഞ്ഞു. ഇനിയും പാകിസ്ഥാന്റെ കയ്യിലെ കളിപ്പാവയാകാന്‍ അഫ്ഗാനിസ്ഥാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട താലിബാന് നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് അനസ് ഹഖാനി. ഗറില്ല യുദ്ധതന്ത്രങ്ങളിലൂടെ യുഎസിനെ നേരിട്ട ഹഖാനി ശൃംഖല എന്നറിയപ്പെടുന്ന തീവ്രവാദ സംഘത്തിന്റെ നേതാവ് കൂടിയാണ് ജലാലുദ്ദീന്‍ ഹഖാനി. ഏറെ പാരമ്പര്യമുള്ള ജലാലുദ്ദീന്‍ ഹഖാനി ഒരു കാലത്ത് യുഎസിന്റെ പ്രിയപുത്രനായിരുന്നു. സോവിയറ്റ് റഷ്യയ്ക്കെതിരെ പടനയിച്ച ജലാലുദ്ദീന്‍ ഹഖാനിയെ യുഎസ് കയ്യയച്ച് സഹായിച്ചു. എന്നാല്‍ പിന്നീട് ഇദ്ദേഹം താലിബാന് നേതാവായി മാറി. യുഎസ് നേറ്റോ സംഘത്തിന്റെ ആക്രമണത്തില്‍ 2014ല്‍ ജലാലുദ്ദീന്‍ ഹഖാനി കൊല്ലപ്പെട്ടതായി വാര്ത്തായുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം ദീര്‍ഘകാലത്തെ രോഗബാധയെ തുടര്‍ന്ന് മരിച്ചതായി 2018ല്‍ മാത്രമാണ് താലിബാന് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: