നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഡിപി നിരക്ക് 20.1 ശതമാനത്തിലേക്ക് കുതിച്ചുകയറിയത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിമര്‍ശകരെ നിശ്ശബ്ദരാക്കിയിരിക്കുകയാണ്. 2020 ഇതേ കാലയളവില്‍ നെഗറ്റീവ് 24.4 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കില്‍ നിന്നാണ് ഇപ്പോഴത്തെ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ ത്രൈമാസ വളര്‍ച്ചാ നിരക്ക് പുറത്തുവിടാന്‍ തുടങ്ങിയ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് പല സാമ്പത്തിക വിദഗ്ദ്ധരുടെയും കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിര്‍മാണ മേഖലയിലും, ഗതാഗത-കമ്യൂണിക്കേഷന്‍ മേഖലയിലുമൊക്കെ വലിയ വളര്‍ച്ച ദൃശ്യമായിരിക്കുന്നത് സാമ്പത്തികമേഖല തകര്ന്നടിഞ്ഞിരിക്കുകയാണെന്ന സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്. ചില സംഘടനകള്‍ കര്‍ഷകരുടെ പേരില്‍ നടത്തുന്ന സമരങ്ങള്‍ കാര്‍ഷിക മേഖലയില്‍ തളര്ച്ചയുണ്ടാക്കിയിട്ടില്ലെന്നും ജിഡിപിയുടെ വളര്‍ച്ചാ നിരക്ക് കാണിക്കുന്നു. രാജ്യത്തെ സമ്പദ്വ്യവസ്ഥയില് വി ആകൃതിയിലുള്ള കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.കെ.വി. സുബ്രഹ്മണ്യത്തിന്റെ വിലയിരുത്തല്‍ ഇപ്പോഴത്തെ മാറ്റം യാദൃച്ഛികമായി സംഭവിച്ചതല്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.
രാജ്യത്തെ ജിഎസ്ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയിരിക്കുന്നു എന്നതും സാമ്പത്തിക മേഖലയുടെ പുരോഗതിയെയാണ് കാണിക്കുന്നത്. കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ സമ്പദ്വ്യവസ്ഥ പ്രതിസന്ധി നേരിട്ടപ്പോള്‍ ഇക്കഴിഞ്ഞ ജൂണില്‍ ജിഎസ്ടി അഥവാ ചരക്കു സേവന നികുതി ഒരുലക്ഷം കോടിക്ക് താഴെ എത്തിയിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ അധികവരുമാനം ഉണ്ടായിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ലഭിച്ച തുകയില്‍നിന്ന് 30 ശതമാനം വര്‍ധനവ് കൈവരിച്ചിരിക്കുന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഒമ്പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്ക് മുകളില്‍ തുടരുന്നത് എന്നതും അഭിമാനകരമായി കാണേണ്ടതുണ്ട്. ജൂലൈയിലും ആഗസ്റ്റിലും ജിഎസ്ടി ഇനത്തില്‍ മികച്ച വരുമാനം നേടാനായത് സാമ്പത്തിക മേഖല കൊവിഡ് കാല മാന്ദ്യത്തെ മറികടന്ന് വലിയ തിരിച്ചുവരവ് നടത്തുന്നു എന്നതിന്റെ തെളിവായി കണക്കാക്കാം. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ അത് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഫലമായി സാമ്പത്തികരംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതിരുന്നത് സ്വാഭാവികമായി എടുക്കേണ്ടതിനു പകരം കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യമാണ് ഇതിനു കാരണമെന്ന പ്രചാരണമാണ് പ്രതിപക്ഷം നടത്തിയത്. സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയുമൊക്കെ പ്രഖ്യാപിച്ച പാക്കേജുകള്‍ക്കു നേരെ പ്രതിപക്ഷം ബോധപൂര്‍വ്വം കണ്ണടച്ചു.
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ചൈന, അമേരിക്ക, ജപ്പാന്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെല്ലാം മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പുറകിലാണെന്ന വസ്തുത കാണാതെ പോകരുത്. സാമ്പത്തിക പുരോഗതിയെക്കുറിച്ച് മോദി സര്‍ക്കാര്‍ നടത്തുന്നത് വെറും അവകാശവാദങ്ങളല്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ അതിമാരകമായ രണ്ടാംതരംഗം ഉണ്ടായില്ലെങ്കില്‍ ഇപ്പോഴത്തെ ജിഎസ്ടി വളര്‍ച്ചാ നിരക്ക് കൂടുതല്‍ ഉയരത്തിലാകുമായിരുന്നു എന്നുറപ്പാണ്. കൊവിഡ് മൂലം പ്രാദേശികതലത്തിലും ദേശീയമായും സര്‍ക്കാരിന് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. ഒരു ഘട്ടത്തില്‍ രാജ്യത്തിന്റെ 98 ശതമാനം ഭാഗങ്ങളും ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളുടെ കീഴിലായിരുന്നു. ഇത്തരം നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ സുചിന്തിതമായ തീരുമാനം സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്തുവെന്നു വേണം ഇപ്പോള്‍ മനസ്സിലാക്കാന്‍. മഹാമാരിക്കിടയിലും വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഇപ്പോഴത്തെ ജിഎസ്ടി വളര്‍ച്ച ഉപകരിക്കും. ഇത് പുതിയ നിക്ഷേപങ്ങളെ ആകര്‍ഷിക്കും. വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനൊപ്പം സ്വയംപര്യാപ്തത കൈവരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതുമാണ് ജിഎസ്ടിയിലെ അധിക വരുമാനവും ജിഡിപി നിരക്കിലെ കുതിപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: