കോഴിക്കോട്: വാക്സിൻ സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ജില്ലയിൽ 800 ഡോസ് വാക്സിൻ പാഴായി. കോഴിക്കോട് ചെറൂപ്പ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തിലൂടെ എട്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായാണ് ഏകദേശ കണക്ക്.
കോവിഷീൽഡ് വാക്സിൻ തണുത്തുറഞ്ഞ് ഉപയോഗശൂന്യമാവുകയായിരുന്നു. താപനില ക്രമീകരിച്ചതിലെ വീഴ്ചയാണ് വാക്സിൻ പാഴാകാൻ കാരണം. ജീവനക്കാരുടെ വീഴ്ചയെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീൽഡ് വാക്സിൻ സൂക്ഷിക്കേണ്ടത്. എന്നാൽ മൈനസ് ഡിഗ്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചതാണ് തണുത്തുറഞ്ഞ് പോകാൻ കാരണം. ഇതുമൂലം പെരുവയൽ, മാവൂർ , പെരുമണ്ണ പഞ്ചായത്തുകളിലെ വാക്സിൻ വിതരണം താളം തെറ്റി.
സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, മുസ്ലിം ലീഗ് പ്രവർത്തകർ രംഗത്തെത്തി. ചെറൂപ്പയിലെ സംഭവം സംസ്ഥാനത്തെ സീറോ വേസ്റ്റേജെന്ന പ്രചാരണത്തിന് കളങ്കമായെന്ന് ബിജെപി കുറ്റപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സൗജന്യ വാക്സിൻ പാഴാക്കിയതിനെതിരെ മുസ്ലിം ലീഗ്, ബിജെപി പ്രവർത്തകർ ആശുപത്രി ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: