കാബൂള്‍: പഞ്ച്ശീറിലെ ഖവാകില് താലിബാന് തീവ്രവാദികളും വടക്കന്‍ സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 350 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 40 താലിബാന് തീവ്രവാദികളെ തടവുകാരായി പിടിച്ചതായി വടക്കന്‍ സഖ്യസേന അവകാശപ്പെട്ടു. ഇക്കാര്യം വടക്കന്‍ സഖ്യസേന ട്വിറ്ററിലൂടെ അറിയിച്ചു.
പ്രധാനമായും പര്‍വന്‍ പ്രവിശ്യയിലെ ജബര്‍ സരാജ് ജില്ല, ബാഗ്ലാന് പ്രവിശ്യയിലെ അന്ദരാബ് ജില്ല, ഖവാക് പഞ്ച്ശീര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ചൊവ്വാഴ്ച രാത്രി ഉടനീളം ഇരു വിഭാഗവും തമ്മില്‍ ശക്തമായ വെടിവെയ്പുണ്ടായി. പഞ്ച്ശീറിലേക്കുള്ള പ്രവേശന കവാടമായ ഗുല്‍ബഹര്‍ പ്രദേശത്ത് അഹമ്മദ് മസൂദ് തന്നെയാണ് താലിബാനെതിരെ വടക്കന്‍ സഖ്യസേനയെ നയിച്ചത്.
ഗുല്‍ബഹര്‍ പ്രദേശത്ത് താലിബാന് ഒരു പാലം തകര്‍ത്തതായി സ്വതന്ത്ര പത്രപ്രവര്ത്തകന് നടിക് മാലികാസാദ പറഞ്ഞു. ഗൊല്ബഹര് റോഡിനെ പഞ്ച് ശീറുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ത്തത്.
പഞ്ച്ശീറിന് ചുറ്റും താലിബാന് വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ച്ശീറിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധം താലിബാന് വിച്ഛേദിച്ചിരുന്നു. ഇവിടേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: