കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നതായി കെ.കെ രമ എംഎൽഎ. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നതെന്ന് രമ ആരോപിച്ചു. പോലീസും ഡോക്ടർമാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം നൽകുന്നതെന്നും പോലീസിന് പ്രതികളെ പേടിയാണെന്നും രമ കുറ്റപ്പെടുത്തി.
‘കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നത് പോലീസാണ്’. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും നിയമ നടപടിയെ കുറിച്ച് ആലോചിക്കുമെന്നും രമ കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ടിപി കേസ് പ്രതികൾക്ക് 291 ദിവസം അധിക അവധിനൽകിയതിനെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
290 ദിവസത്തെ കോവിഡ് പ്രത്യേക അവധി കൂടാതെ ടിപി കേസ് പ്രതികൾക്ക് 291 ദിവസം വരെ ജയിൽ വകുപ്പ് അവധി നൽകിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിയമസഭ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടിത്തിയത്. കൊടി സുനി ഒഴികെ മുഴുവൻപേരും പ്രത്യേക കൊറോണ അവധിയിൽ ജയിലിനു പുറത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: