മംഗലാപുരം സ്വദേശിയായ റോബര്‍ട്ട് റൊസാരിയോ, ക്രൈസ്തവസഭകളുടെ കുത്സിത പ്രവൃത്തനങ്ങള്ക്കെതിരെ കാല് നൂറ്റാണ്ടു കാലമായി പടപൊരുതുന്നു. ദേശീയവാദികളായ ക്രൈസ്തവരുടെ കൂട്ടായ്മയായ ഹിന്ദുസ്ഥാനി ക്രിസ്ത്യന്‍സ് എന്ന സംഘടനയുടെ സജീവ പ്രവര്ത്തകന്. ക്രൈസ്തവ സഭയുടെയും സഭാ നേതാക്കളുടേയും പല കൊള്ളരുതായ്മകളോടും ഒറ്റയ്ക്ക് പോരാടിയ ചരിത്രം അദ്ദേഹത്തിനുണ്ട്. ഭാരതത്തെ കൈയ്യടക്കാന്‍ ശ്രമിയ്ക്കുന്ന മിഷണറിമാരെ പറ്റിയും മതംമാറ്റം ഉള്‍പ്പെടെയുള്ള അവരുടെ കുതന്ത്രങ്ങളെ പറ്റിയും ഹിന്ദുക്കളെ ബോധവല്‍ക്കരിയ്ക്കാന്‍ റൊസാരിയോ മുന്‍പന്തിയില്‍ തന്നെയുണ്ട്. സാരംഗ ചാനലിനു വേണ്ടി എസ്തര് ധന്‍രാജ് അദ്ദേഹത്തോട് നടത്തിയ അഭിമുഖത്തില്‍ നിന്ന്
എസ്തര്: പൗരത്വ ഭേദഗതി ആക്റ്റ് (സിഎഎ) വിരുദ്ധ സമരത്തിന്റെ മൂര്‍ദ്ധന്യത്തില്‍, പ്രതിഷേധം നയിയ്ക്കുന്നത് സഭയാണ് എന്ന് താങ്കള്‍ പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് ?
റോബര്‍ട്ട്: സിഎഎ സമരത്തിന്റെ സമയത്ത് ഞാനത് തുറന്നു പറഞ്ഞു. സിഎഎ ക്ക് എതിരെ ഇന്ത്യയിലെങ്ങും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ആരാണ് അവരെ പിന്താങ്ങിയിരുന്നത് ? ക്രൈസ്തവ സഭ. തുടക്കത്തില്‍ അവര്‍ പിന്നണിയില്‍ നിന്നു മാത്രമാണ് തുണച്ചിരുന്നത്. പിന്നീട് മുന്നിലേക്ക് വന്നു. ആര്‍ച്ച് ബിഷപ്പുമാര്‍ തന്നെ മാദ്ധ്യമങ്ങളിലൂടെ പരസ്യമായി പ്രസ്താവനകള്‍ ഇറക്കി. എന്നോടൊപ്പം സമാന മനസ്ക്കരായ കുറച്ചു ക്രിസ്ത്യാനികള്‍ ഉണ്ട്. ഹിന്ദുസ്ഥാനി ക്രിസ്ത്യന്‍സ് എന്നാണ് ഞങ്ങളുടെ കൂട്ടായ്മയുടെ പേര്. ആ സമയത്ത് ഞങ്ങള്‍ മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് പ്രസ്താവന കൊടുത്തു. കര്‍ണ്ണാടക ക്രിസ്ത്യാനികളുടെ പേരിലാണ് താന്‍ സംസാരിയ്ക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു ‘എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. അദ്ദേഹം എന്റെ പ്രതിനിധി അല്ല. ഞാന്‍ അദ്ദേഹത്തെ തെരെഞ്ഞെടുത്തിട്ടില്ല. അദ്ദേഹത്തിന് ക്രിസ്ത്യാനികളുടെ പേരില്‍ സംസാരിയ്ക്കാന്‍ പറ്റില്ല. അങ്ങേയറ്റം അദ്ദേഹത്തിന് സ്വന്തം പേരില്‍ കാര്യം പറയാം’. എന്നിട്ട് ഞാന്‍ പ്രധാന മന്ത്രിയ്ക്ക് കത്തും എഴുതി. നോക്കൂ അവരുടെ ധൈര്യം. ആരാണ് ആര്‍ച്ച് ബിഷപ്പിനെ നിയമിയ്ക്കുന്നത് ? ഇന്ത്യയില്‍ നിന്നുള്ള ആരുമല്ല. അദ്ദേഹം വത്തിക്കാന്റെ നേരിട്ടുള്ള നിയമിതനാണ്. അത്തരം ഒരു വ്യക്തിയാണ് ഇന്ത്യയില്‍ രാഷ്ട്രീയ പ്രസംഗം നടത്തുന്നത്. നേരിട്ട് അദ്ദേഹം സര്‍ക്കാരിനെ അപലപിക്കുകയാണ്. ‘ഇതുപറയാന്‍ നിങ്ങള്‍ ആരാണ് ?’ എന്ന് സര്‍ക്കാര്‍ ചോദിക്കണമായിരുന്നു. ‘നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിക്കോളൂ’ എന്നു പറയണമായിരുന്നു. അത് സര്‍ക്കാരിന് എപ്പോഴും ചെയ്യാം. ‘നിങ്ങള്‍ ഒരു വിദേശ നിയമിതനാണ്. നിങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് മതകാര്യങ്ങള്‍ക്കു വേണ്ടിയാണ്’ എന്നു പറയണമായിരുന്നു. അദ്ദേഹം ഇവിടെ ജനിച്ച ആള് തന്നെയാണ്. എന്നാല്‍ ആരോടാണ് അദ്ദേഹത്തിന്റെ വിധേയത്വം ? ഇന്ത്യയിലെ ഏതൊരു ബിഷപ്പും, അദ്ദേഹം ഇവിടെ ജനിച്ച പൗരന് തന്നെയായിരുന്നാലും, അദ്ദേഹത്തിന്റെ വിധേയത്വം വത്തിക്കാനോടാണ്, ഇന്ത്യന്‍ ഭരണഘടനയോടല്ല. അത് വളരെ വളരെ വ്യക്തമാണ്. അത് സര്‍ക്കാര്‍ വളരെ ഗൗരവമായി തന്നെ എടുക്കണം. അദ്ദേഹം ആര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് ? ഇന്ത്യയിലെ എല്ലാ ബിഷപ്പുമാരും ഡല്‍ഹിയില്‍ ഇരിയ്ക്കുന്ന പാപ്പല്‍ നന്ഷ്യോയ്ക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരാണ് പാപ്പല്‍ നന്‍ഷ്യോ ? അദ്ദേഹം വത്തിക്കാന്റെ അംബാസഡര്‍ ആണ്. എല്ലാ രാജ്യങ്ങളും അംബാസഡര്‍മാരെ അയയ്ക്കുന്നതു പോലെ, വത്തിക്കാനും ഇന്ത്യയിലേക്ക് അംബാസഡറെ അയയ്ക്കുന്നു. ഈ ആളുകള്‍ അവിടെ പോയി അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. അനുസരിയ്ക്കുന്നു. അദ്ദേഹത്തെ അനുസരിച്ചു കൊള്ളാം എന്ന് അവര്‍ സത്യപ്രതിജ്ഞ തന്നെ എടുത്തിട്ടുണ്ട്. അതായത് ഇതെല്ലാം നേരിട്ടുള്ള വിദേശബന്ധമാണ്. പരോക്ഷ ബന്ധമല്ല. അതുകൊണ്ട് ക്രൈസ്തവസഭ ഇവിടെ രാഷ്ട്രീയപരവും, വ്യാജവും, എതിര്‍ക്കുന്നതുമായ ആഖ്യാനങ്ങള്‍ ഇറക്കുമ്പോള്‍, അത് വത്തിക്കാന്‍ നേരിട്ടു തന്നെ ചെയ്യുന്നതായി കണക്കാക്കേണ്ടി വരും.
എസ്തര്: സമൂഹത്തിലെ ചൂഷിതരായ ജനങ്ങള്‍ക്കുള്ള തുല്യതയില്ലായ്മയുടെ പേരിലും, അവരോടുള്ള മോശമായ പെരുമാറ്റത്തിന്റെ പേരിലും പാവങ്ങളുടെ മിശിഹാ ആയ സ്റ്റാന്‍ സാമിയുടെ ഹൃദയം വേദനിച്ചിരുന്നു എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ. എന്നാല്‍ തന്റെ കൂട്ടരായ പുരോഹിതന്മാരുടെ അടുക്കല്‍ നിന്ന് അള്‍ത്താര ബാലന്മാരും, കന്യാസ്ത്രീകളും നേരിട്ടിട്ടുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ എത്ര തവണ അദ്ദേഹം സംസാരിച്ചിട്ടുണ്ട് ? ലൈംഗിക ചൂഷണം ചെയ്യുന്ന പുരോഹിതരില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ എന്തെല്ലാം നടപടികള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട് ?
റോബര്‍ട്ട്: ഒരിയ്ക്കലും ഉണ്ടായിട്ടില്ല. പാവങ്ങളുടെ പടത്തലവന് എന്നതിനപ്പുറം, അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നതും, മറ്റുള്ളവര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതും മനുഷ്യാവകാശ സംരക്ഷകന്‍ എന്നാണ്. അത് വളരെ പ്രധാനമാണ്. അദ്ദേഹം സജീവമായി രംഗത്ത് ഉണ്ടായിരുന്നപ്പോഴാണ് കോണ്‍വെന്റില്‍ ഒരു പെണ്‍കുട്ടി മൃഗീയമായി കൊല ചെയ്യപ്പെട്ട് കിണറ്റില്‍ വലിച്ചെറിയപ്പെട്ടത്. അതിനെ കുറിച്ച് ഒരു പ്രസ്താവന ചെയ്യുവാന്‍ അദ്ദേഹം ബാദ്ധ്യസ്ഥനായിരുന്നു. എന്നാല്‍ ഒരിയ്ക്കലും അദ്ദേഹം അതിനെ കുറിച്ച് പറഞ്ഞില്ല. ഒരു ബിഷപ്പിനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു കന്യാസ്ത്രീയോടൊപ്പം നിലകൊണ്ടു എന്നതിന്റെ പേരില്‍ വേറൊരു കന്യാസ്ത്രീ വേട്ടയാടപ്പെടുന്നു. മനുഷ്യാവകാശ സംരക്ഷകന്‍ എന്നു പറയപ്പെടുന്ന ഇയാള്‍ അവിടേയും ഒന്നും പറഞ്ഞില്ല. അദ്ദേഹത്തെ വിടാം. ഇപ്പോള്‍ അദ്ദേഹത്തിനു വേണ്ടി അലമുറയിടുന്നവരും അക്കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി അറിയില്ല. അദ്ദേഹത്തിനു വേണ്ടി വാദിയ്ക്കുന്ന ആരും തന്നെ സിസ്റ്റര്‍ അഭയക്കു വേണ്ടിയോ, സിസ്റ്റര്‍ ലൂസിക്കു വേണ്ടിയോ, ബിഷപ്പ് ഫ്രാങ്കോയുടെ അതിക്രമത്തിന് ഇരയായ കന്യാസ്ത്രീയ്ക്ക് വേണ്ടിയോ ശബ്ദമുയര്‍ത്തിയിട്ടില്ല. അപ്പോള്‍ ഈ മനുഷ്യാവകാശത്തിനും പല തരംതിരിവുകള്‍ ഉണ്ടെന്ന് കരുതേണ്ടി വരുന്നു.
എസ്തര്: താങ്കള്‍ വിശ്വാസിയായ ഒരു ക്രിസ്ത്യാനിയാണ്. എന്നാല്‍ സഭയെ വിമര്‍ശിയ്ക്കുന്ന കാര്യത്തില്‍ താങ്കള്‍ വളരെ ശക്തമായ നിലപാടുകള്‍ ഉള്ളയാളാണ് താനും. ഇതെങ്ങനെ നടക്കുന്നു ?
റോബര്‍ട്ട്: അതെ, ഞാന്‍ ഒരു വിശ്വാസിയായ കത്തോലിക്കനാണ്. അതുപോലെ എന്റെ സമുദായത്തിലെ ഒരംഗവുമാണ്. ഞാനൊരു ഉത്തരവാദിത്വമുള്ള പൗരനുമാണ്. ആ നിലയ്ക്ക് എനിക്ക് പല ചുമതലകളും ഉണ്ട്. ഞാനൊരു സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. ഒരു സമുദായാംഗമെന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ആരാണ് എന്റെ സമുദായത്തിന്റെ ശത്രുക്കള്‍ എന്നു നോക്കാറുണ്ട്. കുട്ടിക്കാലം മുതലേ നമ്മളെ പഠിപ്പിച്ചിരിയ്ക്കുന്നത് പുറത്ത് ശത്രുക്കള്‍ ഉണ്ട് എന്നാണ്. ആളുകള്‍ ആക്രമിയ്ക്കും, അതുകൊണ്ട് നമ്മള് സൂക്ഷിയ്ക്കണം എന്നൊക്കെയാണ് പഠിപ്പിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയായ ശേഷം ആരാണ് നമ്മുടെ ശത്രുക്കള്‍ എന്നു ഞാന്‍ വിശകലനം ചെയ്തു. അപ്പോള്‍ മനസ്സിലായി, നമുക്ക് പുറത്ത് ശത്രുക്കള്‍ ആരുമില്ല. ശത്രു അകത്തു തന്നെയാണ്. സഭയാണ് എന്റെ ശത്രു. എന്റെ സ്വന്തം സമുദായാംഗങ്ങള്‍ തന്നെ സഭയുടെ കൈകളാല്‍ വളരെയധികം കഷ്ടതകള്‍ അനുഭവിയ്ക്കേണ്ടി വരുന്നു. എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും തരാന്‍ എനിക്ക് കഴിയും. അപ്പോള്‍ ആരാണ് നമ്മുടെ ശത്രുക്കള്‍ ? നമ്മുടെ സ്വന്തം സഭ തന്നെയാണ് ശത്രു. അതുകൊണ്ട് ഞാന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ അതെല്ലാം, എന്റെ സമുദയത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയാണ്. ക്രൈസ്തവ സമുദായത്തിലെ തന്നെ സഭയുടെ ഇരകളെ സംരക്ഷിയ്ക്കാനാണ് അത് ചെയ്യുന്നത്. ക്രൈസ്തവരല്ലാത്ത ഇരകളും ഉണ്ട്. എന്നാല്‍ സഭയുടെ ദ്രോഹങ്ങള്‍ക്ക് ഇരകളായവര്‍ സമുദായത്തിനുള്ളില്‍ തന്നെ ഇഷ്ടം പോലെയുണ്ട്. ഞാന്‍ അവര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിയ്ക്കുന്നത്.
എസ്തര്: സഭയുടെ ഇരയായ ഒരാളിന്റെ ഉദാഹരണം പറയാമോ ?
റോബര്‍ട്ട്: മംഗളൂരുവിലെ ഒരു ജെസ്യൂട്ട് ഇന്‍സ്റ്റിറ്റ്യൂട്ടായ സെയിന്റ് അലോഷ്യസ് കോളേജുമായി ബന്ധപ്പെട്ട സംഭവമാണ്. ഈ കോളേജിന്റെ കോമ്പൗണ്ടിനോട് ചേര്‍ന്ന് ഒരു ജോണ്‍ ബാപ്റ്റിസ്റ്റിന്റെ വീടുണ്ടായിരുന്നു. ഒരു ദിവസം പകല്‍ രണ്ടു മണിയ്ക്ക് ഈ പാതിരികള്‍ അവിടെ പോകുന്നു. അദ്ദേഹത്തെ വലിച്ച് പുറത്തിട്ട് നിലത്ത് കെട്ടിയിട്ടു. അദ്ദേഹത്തിന്റെ പെണ്മക്കള് ജോലിയ്ക്ക് പോയിരിയ്ക്കുന്ന സമയമായിരുന്നു. ജെസിബികള്‍ വച്ച് ആ വീട് അവര്‍ ഇടിച്ചു നിരത്തി. എന്നിട്ട് ആ സ്ഥലവും കൂടി കോളേജ് കോമ്പൗണ്ടിനോട് മതിലു കെട്ടി ചേര്‍ത്തു. ആ സ്ഥലം കൈയ്യേറാന്‍ അവര്‍ നേരത്തേ പദ്ധതിയിട്ടിരുന്നു. അതിനായി കോടതിയില്‍ സിവില്‍ കേസെല്ലാം കൊടുത്തിരുന്നു. കേസുകള്‍ നടക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ എളുപ്പത്തില്‍ കേസ് ജയിക്കുന്നതിനായി അവരുടെ അഡ്വൈസര്‍ പറഞ്ഞു കൊടുത്ത മാര്‍ഗ്ഗമായിരുന്നു ഇത്. അവിടെ വീടേ ഇല്ലെങ്കില്‍ കേസ് എളുപ്പത്തില്‍ തീര്‍ക്കാം. പട്ടാപ്പകല്‍ രണ്ടു മണിയ്ക്ക് അവര്‍ ഇത് ചെയ്യുന്നു. ഇതു നടക്കുമ്പോള്‍ പാതിരിമാരും അവരുടെ അഡ്വക്കേറ്റും അവിടെ ഹാജരുണ്ടായിരുന്നു. തീര്‍ച്ചയായും പോലീസിന് കണ്ണടയ്ക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ക്ക് കേസെടുക്കേണ്ടിയിരുന്നു. അതുകൊണ്ട് മടിച്ചിട്ടാണെങ്കിലും പോലീസ് വന്നു. എന്നിട്ട് എന്തു ചെയ്തു എന്നറിയാമോ ? അവര്‍ ആ കൂലിക്കാരുടേയും ജെസിബി ഡ്രൈവറുടേയും പേരില്‍ കേസെടുത്തു! പാതിരിമാര്‍ സ്വതന്ത്രരായി നടന്നു. ഇതു നടന്നത് മംഗളൂരു സിറ്റിയുടെ ഹൃദയ ഭാഗത്താണ്. ഇതുപോലെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും തരാന്‍ എനിക്ക് കഴിയും. ഇത് ഒരു ജോണ്‍ ബാപ്റ്റിസ്റ്റിന്റെ കഥ. ഒരുപക്ഷേ തെറ്റ് അയാളുടെ ഭാഗത്തായിരിക്കാം എന്ന് നിങ്ങള്‍ പറഞ്ഞേക്കും. ശരി. വേറൊരു സ്ഥലത്ത് 270 വീടുകളുള്ള ഒരു കോളനിയായിരുന്നു. അവരെ മുഴുവന്‍ ദ്രോഹിച്ചത് ബിഷപ്പ് തന്നെയായിരുന്നു. വേറൊരിടത്ത് 130 ക്രിസ്ത്യന്‍ കുടുംബങ്ങളെയാണ് സഭ ഉപദ്രവിച്ചു കൊണ്ടിരുന്നത്.
എസ്തര്: അത്യാഗ്രഹികളും, ഭൂമികൈയ്യേറ്റക്കാരുമായ ഈ പാതിരിമാരുടെ അടുക്കല്‍ തന്നെ പോയി എങ്ങനെയാണ് പാവപ്പെട്ട ഇരകള്‍ വീണ്ടും യേശുവിന്റെ സഹാനുഭൂതിയെ കുറിച്ചൊക്കെയുള്ള പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നത് ?
റോബര്‍ട്ട്: അവര്‍ അതേ പാതിരിയുടെ ഉപദേശം ഒരുപക്ഷേ കേട്ടേക്കില്ല, എന്നാല്‍ മറ്റേതെങ്കിലും പാതിരിയെ പിന്നേയും കേള്‍ക്കും. കാരണം എന്തായാലും അദ്ദേഹം ദൈവത്തിന്റെ വചനം പറയുന്ന ആളല്ലേ എന്നാവും അവര്‍ ചിന്തിയ്ക്കുക.
എസ്തര്: വചനം പ്രഘോഷണം ചെയ്യുന്ന പാതിരിയും, ഭൂമികൈയ്യേറ്റക്കാരനും തമ്മില്‍ ഒത്തു കളിയ്ക്കുകയാണ് എന്നകാര്യം അവര്‍ അറിയില്ലേ ?
റോബര്‍ട്ട്: ഇതൊക്കെ ഞാന്‍ കുറേ നാളുകളായി അവരോട് പറയാന്‍ ശ്രമിയ്ക്കുകയിരുന്നു. ഇപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത് പറയുമ്പോള്‍ അവര്‍ പറയും, ‘അദ്ദേഹം ദൈവത്തിന്റെ പ്രതിപുരുഷനാണ്. നിങ്ങള്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ല’ എന്നൊക്കെ. ഇപ്പോള്‍ അവര്‍ പറയുന്നു, ‘നിങ്ങള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ ഇതൊന്നും പുറത്തു പറയാന്‍ പാടില്ല, സമുദായത്തിനുള്ളില്‍ മാത്രമേ പറയാവൂ’. ഇപ്പോള്‍ അതാണ് കണ്ടീഷന്‍.
എസ്തര്: ഒരു ശരാശരി ഇന്ത്യന്‍ ക്രിസ്ത്യാനിയുടെ മനസ്സില്‍ കടന്നു കയറാനും, അയാളെ ഇന്ത്യയ്ക്കെതിരെ തന്നെ തിരിച്ചു വിടാനും സഭയ്ക്ക് എങ്ങനെ കഴിയുന്നു ?
റോബര്‍ട്ട്: ഞാന്‍ ഒരു ഉദാഹരണം തരാം. എണ്‍പതുകളുടെ മദ്ധ്യത്തില്‍ ബോംബെ (ഇപ്പോഴത്തെ മുംബൈ) നഗരത്തില്‍ ഒരു ആഖ്യാനമുണ്ടായിരുന്നു. ‘ഗര്‍വ് സേ കഹോ ഹം ഹിന്ദു ഹേ’ (‘അഭിമാനത്തോടെ പറയൂ നമ്മള് ഹിന്ദുക്കളാണ്’). ശിവസേന അതിനെ വളരെ കാര്യമായി പ്രചരിപ്പിയ്ക്കുന്നുണ്ടായിരുന്നു. ക്രൈസ്തവസഭയും മറ്റുള്ളവരും ഇതില്‍ അസ്വസ്ഥരായി. ഇതിനു പകരം വയ്ക്കാന്‍ ഒരു മറുവാക്യം വേണമെന്ന് അവര്‍ക്ക് തോന്നി. അതിനു പകരം അവര്‍ എന്തുണ്ടാക്കി എന്നറിയാമോ ? ‘പ്യാര് സേ കഹോ ഹം ഇന്സാന് ഹേ’ (‘സ്നേഹത്തോടെ പറയൂ, ഞങ്ങള്‍ മനുഷ്യത്വമുള്ളവരാണ്’). ഇത് ചുവരെഴുത്തുകളിലെല്ലാം നിറഞ്ഞു. ഇത് സഭ പ്രചരിപ്പിച്ചതാണെന്ന് എന്തടിസ്ഥാനത്തില്‍ പറഞ്ഞു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഒരു പാതിരി തന്നെ എന്നോട് പറഞ്ഞതാണത്. ഞാന്‍ ആ സമയത്ത് ഒരു വിദ്യാര്‍ഥിയായിരുന്നു. സഭയാണ് ഈ ആഖ്യാനം ഉണ്ടാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരു സാധാരണ പാതിരിയല്ല, ഇന്ന് അദ്ദേഹം ഒരു ബിഷപ്പാണ്. അതായത് അന്ന് അദ്ദേഹം ആ സംവിധാനത്തില്‍ ഭാഗമായിരുന്നു. ഈ ആഖ്യാനം നിങ്ങള്‍ നോക്കൂ. എത്ര ഭംഗിയായി അവര്‍ അത് ചെയ്തു. ഒരു സാധാരണ ഹിന്ദുവിന്റെ മുമ്പാകെ ഈ രണ്ട് ആഖ്യാനങ്ങളും നിങ്ങള്‍ വച്ചാല്‍, സാധാരണ ഹിന്ദു രണ്ടാമത്തേതേ എടുക്കൂ. കാരണം ക്രൈസ്തവ സഭ ഹിന്ദുക്കളുടെ മാനസിക നില വളരെ ആഴത്തില്‍ പഠിച്ചിരിയ്ക്കുന്നു. ഹിന്ദു നേതാക്കള്‍ പോലും ഇത്രയും കൃത്യമായി പഠിച്ചിട്ടുണ്ടാവില്ല. ഇത് ശുദ്ധ മന:ശാസ്ത്രപരമായ കുത്തിത്തിരുപ്പാണ്. ഒരു മനുഷ്യന് ജനിയ്ക്കുന്നതു മുതല്‍ അയാളുടെ മരണംവരെയുള്ള, സര്‍വ്വതും സഭ നിയന്ത്രിയ്ക്കുന്നു. കുഞ്ഞിന് പേരിടണമല്ലോ ? അപ്പോള്‍ നിങ്ങള്‍ പാതിരിയുടെ അടുത്തുപോയി ചോദിയ്ക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടത്തിന് പേരിടാന്‍ കഴിയില്ല. നിങ്ങള്‍ അയാളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് ഒരു അപ്പോയിന്റ്മെന്റ് എടുക്കണം. മാമോദീസ ചടങ്ങിനോടൊപ്പം പേരിടലും നടത്തുന്നു. അന്നു മുതല്‍ സഭയുടെ നിയന്ത്രണം തുടങ്ങുന്നു. അയാളുടെ മരണം നിങ്ങള്‍ പാതിരിയെ അറിയിക്കണം. അദ്ദേഹം നിശ്ചയിക്കും അയാളെ എപ്പോള്‍ അടക്കണം എന്ന്. നിങ്ങളുടെ വിവാഹത്തിന്, എല്ലാം നിശ്ചയിച്ച് പാതിരിയെ അറിയ്ക്കുമ്പോള് ആ ദിവസം സാദ്ധ്യമല്ല എന്നദ്ദേഹം പറഞ്ഞേക്കും. നിങ്ങള്‍ ഇന്ന ദിവസം വിവാഹം നടത്തണം എന്ന് അദ്ദേഹം നിശ്ചയിക്കും. കാരണം അയാളാണ് വിവാഹം നടത്തിക്കൊടുക്കേണ്ടത്. നിങ്ങളെ സെമിത്തേരിയില്‍ അടക്കണോ വേണ്ടയോ എന്നതും അയാള്‍ തീരുമാനിയ്ക്കും. എത്രത്തോളം നിങ്ങള്‍ക്ക് ഓടി മാറാന്‍ കഴിയും ? ചെറുപ്പത്തില്‍ കുറച്ച് വിപ്ലവാത്മകമായി ഒക്കെ പ്രതികരിച്ചാലും, വാര്ദ്ധക്യമാകുന്നതോടെ അന്ത്യകൂദാശയെ പറ്റിയെല്ലാം ചിന്ത വരുന്നു. സഭയ്ക്ക് കീഴടങ്ങുന്നു.
എസ്തര്: അപ്പോള്‍ സെമിത്തേരിയില്‍ ഇടം കിട്ടാതിരിക്കാനുള്ള സാദ്ധ്യത താങ്കളുടെ കാര്യത്തില്‍ ഉണ്ടോ ?
റോബര്‍ട്ട്:എന്നെപ്പോലെ ഒരുപാട് സംസാരിച്ചാല്‍, സെമിത്തേരിയില്‍ ഇടം കിട്ടിയേക്കില്ല. ഇയാള്‍ ഒരു വിശ്വാസിയായ കത്തോലിക്കന് അല്ല എന്നൊക്കെ പറഞ്ഞ് അവര്‍ തടയിടും. എന്നെ സെമിത്തേരിയില്‍ അടക്കരുത് എന്ന് ഞാന്‍ തന്നെ അവരോട് പറഞ്ഞു. വ്യക്തിപരമായി ഞാന്‍ അത് ആഗ്രഹിയ്ക്കുന്നില്ല. എന്നെ ദഹിപ്പിയ്ക്കുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
എസ്തര്: താങ്കളുടെ നിലപാട് എടുത്തു പറയേണ്ട സംഗതിയാണ്. എന്താണ് താങ്കളുടെ പ്രചോദനം ?
റോബര്‍ട്ട്: ഒരു പൗരന് എന്ന നിലയ്ക്ക് എനിക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു. ഈ ലോകത്ത് ഒരു ദൗത്യവുമായി വന്നിട്ട് തെരുവ് നായയെ പോലെ മരിയ്ക്കുന്നത് അര്‍ത്ഥശൂന്യമാണ്. എനിക്ക് ഒരു മനുഷ്യനെ പോലെ ജീവിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: