മുംബൈ: അമിതാഭ് ബച്ചന്റെ അംഗരക്ഷകന്റെ ചുമതലയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിന് സ്ഥലംമാറ്റം. പ്രതിവർഷം ഒന്നരക്കോടി രൂപ വരുമാനമുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് കോൺസ്റ്റബിൾ ജിതേന്ദ്ര ഷിൻഡെയെ ഡിബി മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് കമ്മിഷണർ ഹേമന്ത് നഗ്രലെ വ്യാഴാഴ്ച സ്ഥലം മാറ്റിയത്. 2015 മുതൽ ഷിൻഡെ അമിതാഭ് ബച്ചന്റെ അംഗരക്ഷകനായി പ്രവർത്തിച്ചു വരികയായിരുന്നു.
എക്സ് കാറ്റഗറി സുരക്ഷയാണ് അമിതാഭ് ബച്ചന് നൽകുന്നത്. പകലും രാത്രിയും രണ്ടു കോൺസ്റ്റബിൾ വീതം സുരക്ഷയ്ക്കായി ഉണ്ടാകും. ഇതിലൊരാളായിരുന്നു ഷിൻഡെ. സ്ഥലംമാറ്റത്തിനായി നഗ്രലെ നൽകിയ പുതിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്ന് അധികൃതർ അവകാശപ്പെട്ടു.
ഒരേ ചുമതലയിൽ അഞ്ചുവർഷത്തിൽകൂടുതൽ ഒരു കോൺസ്റ്റബിളും ജോലിചെയ്യാൻ പാടില്ലെന്ന് പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. വാർഷിക വരുമാനവുമായി ബന്ധപ്പെട്ട വസ്തുത കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: