മാപ്പിളക്കലാപ കാലത്ത് ഹിന്ദുവംശഹത്യയ്ക്ക് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലിമുസ്ലിയാര്‍ക്കും സ്മാരകങ്ങള്‍ ഉയര്‍ന്ന നാട്ടില്‍ കേരള ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി കെ. കേളപ്പന് ഉചിതമായ സ്മാരകം ഉയരാത്തത് വിരോധാഭാസമാണ്. 1921 ലെ മാപ്പിളക്കലാപത്തിലടക്കം സമാധാനത്തിന്റെ ശക്തി ദുര്‍ഗ്ഗമായി നിലകൊണ്ട് അതിനെ ചെറുത്ത കേളപ്പജിയുടെ സമാധിസ്ഥലം അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കുകയും, അയിത്തോച്ചാടനവും ഖാദി പ്രചാരണവും ഉള്‍പ്പെടെ ഗാന്ധിയന്‍ നിര്‍മാണാത്മക പരിപാടികള്‍ പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്ത കേളപ്പന് ഹിന്ദുക്കളുടെ ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതുകയും ചെയ്തു. അസ്പൃശ്യതയ്ക്കെതിരായ ഗുരുവായൂര്‍ സത്യഗ്രഹത്തിനും, ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ഐതിഹാസികമായ നേതൃത്വം നല്കിയ ധീരനായിരുന്നു കേളപ്പജി. മതേതരത്വത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ഭവിഷ്യത്ത് മുന്നില്‍ കണ്ട് അതിനെതിരെയും കേളപ്പജി രംഗത്തുവരികയുണ്ടായി. ചുരുക്കത്തില്‍ ആധുനിക കേരളത്തിന്റെ ശില്‍പ്പികളിലൊരാളായിരുന്നു ഈ ഗാന്ധിയന്‍. മാപ്പിളക്കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് പടരാതിരിക്കാന്‍ കാരണക്കാരനായ വ്യക്തിയായിരുന്നു കേളപ്പജി എന്നു കരുതുന്ന ചില ‘മതേതരന്മാര്ക്കും’ കേരള ഗാന്ധിക്ക് ഒരു സ്മാരകം വേണമെന്ന് തോന്നുന്നില്ല!
ഭാരതപ്പുഴയുടെ തീരത്തുള്ള തവനൂരിലെ കേളപ്പജിയുടെ സമാധി സ്ഥലം അന്യാധീനപ്പെട്ട അവസ്ഥയിലാണ്. കേളപ്പജി മുന്‍കയ്യെടുത്ത് സ്ഥാപിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഹോസ്റ്റല്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേളപ്പജിയുടെ സുഹൃത്തായിരുന്ന തവനൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി സൗജന്യമായി നല്കിയ നൂറേക്കര്‍ സ്ഥലത്താണ് റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേളപ്പജിയുടെ സമാധിസ്ഥലം ഇന്നും അനാഥമായി കിടക്കുന്നു. നിളാ വിചാരവേദി സംഘടിപ്പിച്ച നിളാ പരിക്രമ യാത്രയ്ക്കുശേഷം വര്‍ഷംതോറും ഇവിടെ കേളപ്പജിയുടെ ജന്മ, സമാധി അനുസ്മരണ പരിപാടികള്‍ നടന്നുവരുന്നുണ്ട്. ഈ ഭൂമി കയ്യടക്കാനുള്ള ശ്രമം തടഞ്ഞത് നിളാ വിചാരവേദിയാണ്. ഈ സംഘടനയുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ കേളപ്പജിയുടെ സമാധിസ്ഥലം സിമന്റുതറ കെട്ടി സംരക്ഷിക്കുകയും ചെയ്തു. കേളപ്പജിക്ക് ഒരു സ്മാരകം നിര്‍മിക്കണമെന്നുണ്ടെങ്കില്‍ സ്ഥലമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നിട്ടും അങ്ങനെയൊരു തീരുമാനം കേരളം മാറി മാറി ഭരിച്ചവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല, ആത്മാര്‍ത്ഥതയുടെയും ആദര്‍ശധീരതയുടെയും പര്യായമായിരുന്ന ഈ മഹാന്റെ സംഭാവനകളെ തിരസ്കരിക്കാനും തമസ്കരിക്കാനുമാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് മ്യൂസിയം നിര്‍മിക്കാനും, വാരിയംകുന്നനെപ്പോലുള്ളവരെ മഹത്വവല്ക്കരിക്കാനും തീരുമാനിച്ചിട്ടുള്ള പിണറായി സര്‍ക്കാര്‍ കേളപ്പജിയെ ബോധപൂര്‍വം വിസ്മരിക്കുന്നു. കേളപ്പജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരാണ് കമ്യൂണിസ്റ്റുകളെന്ന് അതിനായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച കെ. മാധവന് വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.
ജന്മസ്ഥലമായ മുചുകുന്നില്‍ ഒരു കോളജ് സ്ഥാപിതമായപ്പോള്‍ അതിന് കേളപ്പജിയുടെ പേരിടാതെ മുസ്ലിംലീഗ് നേതാവായ ബാഫക്കി തങ്ങളുടെ പേരു നല്‍കുകയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചെയ്തത്.ഇടതുപക്ഷ ഭരണകാലത്ത് ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വാര്‍ഷികം ആചരിച്ചപ്പോള്‍ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത കേളപ്പജിയെ തഴഞ്ഞ് ശിഷ്യനായിരുന്ന എകെജിയുടെ പേരില്‍ കമാനം നിര്‍മിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ രണ്ടു പാര്‍ട്ടികളുടെയും അപലപനീയമായ മനോഭാവത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല എന്നതിന് തെളിവാണ് കേളപ്പജിയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയായി ഇക്കൂട്ടര്‍ വാഴ്ത്തിപ്പാടുന്നത്. മതഭ്രാന്തിന്റെ സ്വരൂപമായിരുന്ന വാരിയംകുന്നനെ ഭഗത്സിങ്ങിനോട് ഉപമിച്ച നിയമസഭാ സ്പീക്കറെ ശരിവയ്ക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും. കെപിസിസിയുടെ ആദ്യ സെക്രട്ടറിയായ കെ. മാധവന് നായരുടെ മലബാര്‍ കലാപം എന്ന പുസ്തകത്തിന് എഴുതിയ അവതാരികയില്‍ വാരിയംകുന്നന് അടക്കമുള്ളവരുടെ അക്രമപ്രവര്‍ത്തനങ്ങളെ കേളപ്പജി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതിനു നേരെ കണ്ണടച്ചുകൊണ്ടാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.സുധാകരന് അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമര നായകനായി ചിത്രീകരിക്കുന്നത്. വര്‍ഗീയ പ്രീണനത്തിനുവേണ്ടി ചരിത്രസത്യങ്ങളെ വിസ്മരിക്കുകയാണിവര്‍. കേളപ്പജിയുടെ സമാധി സ്ഥലത്ത് സ്മാരകം നിര്‍മിക്കാത്തതും ഇതിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമരത്തില്‍ അഭിമാനിക്കുന്നവരും ദേശസ്നേഹികളുമായവര്‍ ഇതിനെതിരെ രംഗത്തുവരണം. കേളപ്പജിയെ അവഗണിക്കുന്ന അനീതിക്കെതിരെ ആ മഹാപുരുഷന്റെ സമാധിസ്ഥലത്ത് ഉചിതമായ സ്മാരകം ഉയരുന്നതുവരെ ശബ്ദമുയര്‍ത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: