കാബൂള്‍: താലിബാന്റെ ബദ്ധശത്രുക്കളായ ഐഎസ് ഐഎസ്ഖൊറാസന് യൂണിറ്റ് കാബൂളിലെ വിമാനത്താവളത്തിന് പുറത്ത് നിരവധി ബോംബാക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് അമേരിക്കന്‍ രഹസ്യപ്പൊലീസ് വിഭാഗം റിപ്പോര്‍ട്ട്.
ഇതോടെ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്രത്താവളത്തിന് പുറത്ത് അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാന്‍ തിക്കിത്തിരക്കിനില്ക്കുന്ന ജനക്കൂട്ടത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന് പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് അസ്വസ്ഥത സൃഷ്ടിക്കുക എന്നത് മാത്രമാണ് ഐഎസ് ഐഎസിന്റെ ലക്ഷ്യം.
ആഗസ്ത് 31ന് മുന്‍പ് മുഴുവന്‍ പേരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമാനത്താവളത്തിന് മുന്‍പ് ഇത്തരം ബോംബാക്രമണ പരമ്പര അരങ്ങേറുന്നത് വെല്ലുവിളിയാകുമെന്ന് അമേരിക്കയുടെ രഹസ്യസേനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
‘ഐസ് ഐഎസ് കാബൂള്‍ വിമാനത്താവളത്തെ ലക്ഷ്യംവെയ്ക്കുന്നുണ്ട്. ഇത് വഴി യുഎസിനെയും സഖ്യമുന്നണിയും നിഷ്കളങ്കരായ സാധാരണക്കാരെയുമാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്,’ ബൈഡന് പറയുന്നു. താലിബാന് കാബൂള്‍ പിടച്ചപ്പോള്‍ അഫ്ഗാനിസ്ഥാനിലെ രണ്ട് ജയിലുകളില്‍ നിന്നായി 100ല്‍ പരം ഐഎസ് ഐഎസ് തീവ്രവാദികള്‍ പുറത്തുവന്നിരുന്നു. ഇതാണ് യുഎസിനെ ആശങ്കയിലാഴ്ത്തുന്നത്.
അഫ്ഗാനിലെ ബഗ്രാം, പുള്‍-ഇ-ചര്‍കി എന്നീ ജയിലുകളില്‍ നിന്നും നൂറുകണക്കിന് ഐഎസ് ഐഎസ് തീവ്രവാദികള്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന് യുഎസ് വിലയിരുത്തുന്നു. കാബൂളിലേക്ക് താലിബാന് തീവ്രവാദികള്‍ എത്തും മുമ്പ് തന്നെ രണ്ട് ജയിലുകളും തകര്‍ക്കപ്പെട്ടിരുന്നു.
ചിലര്‍ വിമാനത്താവളത്തിന് മുന്പില് ആക്രമണം നടത്തി ജനങ്ങളെയും മാധ്യമത്തെയും ഉപദ്രവിക്കാനും ആക്രമിക്കാനും ശ്രമിക്കുന്നതായി വിവരങ്ങളുണ്ടെന്ന് താലിബാന് വൃത്തങ്ങളും പറയുന്നു. അഫ്ഗാനിലുള്ള ഐഎസ് ഐഎസ് ഖൊറാസന്‍ യൂണിറ്റില്‍ സിറിയയില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും ഉള്ള ഐഎസ് ഐഎസിന്റെ പരിചയസമ്പന്നരായ ജിഹാദികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പറയുന്നു. അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഐഎസിന്റെ ഉന്നതസ്ഥാനീയരായ പത്ത്, പതിനഞ്ച് തീവ്രവാദികളെ യുഎസ് പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ വിശാല പ്രദേശം എന്ന നിലയിലാണ് കൊറാസന് എന്ന പേര് ഉണ്ടായത്.
ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന പല സ്ഫോടനങ്ങള്‍ക്ക് പിന്നിലും ഐഎസ് ഐഎസ് ഖൊറാസന്‍ അംഗങ്ങളാണ്. സുരക്ഷ നല്കുന്നതിലുള്ള അഫ്ഗാന് സര്‍ക്കാരിന്റെ കഴിവില്ലായ്മ ചര്‍ച്ചാ വിഷയമാക്കാനായിരുന്നു ഈ ഐഎസ് ഐഎസ് നീക്കം. 2016 മുതല്‍ കാബൂളിലും പുറത്തും ഐഎസ് ഐഎസ് ഖൊറാസന്റെ കാബൂള്‍ സെല്ലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിരവധി സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: