ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സിന് നാളെ തുടക്കം കുറിക്കും. വൈകിട്ട് 4.30 ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരാധകരെ കൂടാതെയാണ് മത്സരങ്ങള്‍ നടത്തുന്നത്. അടുത്തമാസം അഞ്ചിന് ഗെയിംസ് സമാപിക്കും. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ അഞ്ച് കായിക താരങ്ങള്‍ പങ്കെടുക്കും. 2016 ലെ പാരാലിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവായ തങ്കവേലു മാരിയപ്പന്‍ ഇന്ത്യന്‍ പതാകയേന്തും.
163 രാജ്യങ്ങളില്‍ നിന്നായി 4500 കായിക താരങ്ങള്‍ പങ്കെടുക്കും. 22 കായിക ഇനങ്ങളിലായി 540 ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും. അത്‌ലറ്റിക്‌സ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, വീല്‍ചെയര്‍ ഫെന്‍സിങ്, ബാസ്‌ക്കറ്റ്‌ബോള്‍, അമ്പെയ്‌ത്ത്, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
ഇന്ത്യ ഇത്തവണ വമ്പന്‍ സംഘത്തെയാണ് അയയച്ചിരിക്കുന്നത്. അമ്പത്തിനാല് കായിക താരങ്ങളാണ് സംഘത്തിലുള്ളത്. അമ്പെയ്‌ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, പാരാ കനോയിങ്, പവര്‍ലിഫ്റ്റിങ്, ഷൂട്ടിങ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, തായ്‌ക്വോണ്ടോ എന്നീ ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. നാളെ ആരംഭിക്കുന്ന വനിതകളുടെ ടേബിള്‍ ടെന്നീസ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ഭാവിന, സോണാല്‍ ബെന്‍ എന്നിവര്‍ മത്സരിക്കും. ടോക്കിയോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: