”രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ മുകുന്ദ രാമ
പാഹിമാം
രാവണാന്തകാ മുകുന്ദ രാമ രാമ
പാഹിമാം……..”
ഈ ശീലുകള്‍ ഒരു വട്ടമെങ്കിലും കേള്‍ക്കാത്ത മലായാളികളില്ല. ആകെ നൂറ്റിയെട്ട് ഈരടികള്‍. പച്ച മലയാളത്തില്‍ കാച്ചിക്കുറുക്കിയെടുത്ത ഈ കൊച്ചുരാമായണം ഒരു നൂറ്റാണ്ടായി കേരളത്തിന്റെ ‘നാമം’ ചൊല്ലലിന്റെ ഭാഗമാണ്. ‘സന്ധ്യാനാമം’ എന്ന പേരില്‍ മലനാട്ടിലെമ്പാടും പ്രചരിച്ച ഈ ഭക്തികാവ്യം എഴുതിയത് തിരുമധുരപേട്ടയില്‍ ശങ്കു ആശാന്. സാഹിത്യകേരളത്തിലെ ജനകീയപ്രസാധകനായിരുന്ന എസ്.ടി. റെഡ്ഡ്യാര്‍ (1855-1915) സന്ധ്യാനാമം ആദ്യമായി അച്ചടിച്ചത് 1886-ലാണ്. റെഡ്ഡ്യാര്‍ എഡിഷന് മാത്രം ഇന്നേവരെ തുടര്‍ച്ചയായി 270 പതിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. എണ്ണമറ്റ വേറെ എഡിഷനുകള്‍ കൂടി കൂട്ടുമ്പോള്‍ ഒന്നേകാല്‍ നൂറ്റാണ്ടും കടന്നു ഭക്തരില്‍ എത്തിയത് ഏതാണ്ട് ഒരു കോടിയോളം കോപ്പികള്‍. മലയാളത്തില്‍ മറ്റൊരു കാവ്യത്തിനും അവകാശപ്പെടാനാകാത്ത വ്യാപക പ്രചാരം. അക്ഷരമറിയാത്തവര് പോലും കേട്ടു കാണാപ്പാഠമാക്കിയ ഈ രാമായണസന്ധ്യാനാമത്തിന്റെ ചരിത്രം നമ്മുടെ സാഹിത്യരേഖകളിലെങ്ങുമില്ല. രാമായണകഥകള്‍ മുഴുവന്‍ സാരവും രസവും ഇമ്പവും ചോരാതെ പന്ത്രണ്ടു പുറങ്ങളിലായി ആവിഷ്ക്കരിച്ച് തെളിമലയാളത്തിന്റെ സൂത്രഭംഗി വെളിവാക്കിയ തിരുമധുരപേട്ടയില്‍ ശങ്കു ആശാന്റെ ചരിത്രവിവരങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. രചയിതാവിന്റെ പേരല്ലാതെ ഒരു ചരിത്രസൂചന പോലും സന്ധ്യാനാമ കൃതിയില്‍ കാണുന്നില്ല. ‘മഹാരാജ്യരാജ്യശ്രീ’ എന്ന വിശേഷണമുള്ള ശങ്കു ആശാന്റെ ചരിത്രം തേടി തിരുവനന്തപുരത്ത് പേട്ടയില്‍ മൂന്ന് വര്‍ഷം മുന്‍പ് അലഞ്ഞ ലേഖകന്‍ തിരുമധുരപേട്ടയിലെ മറ്റൊരു ശങ്കു ആശാനെക്കുറിച്ച് പറഞ്ഞുതന്നത് സ്വാമി ജ്ഞാനാനന്ദസരസ്വതിയുടെ ഗൃഹസ്ഥശിഷ്യനായിരുന്ന രാജേന്ദ്രന് എന്ന ഉപാസകനാണ്. കോണ്ട്രാക്ടര് ശങ്കു ആശാനും, സന്ധ്യാനാമമെഴുതിയ തിരുമധുരപ്പേട്ടയില്‍ ശങ്കു ആശാനുമായി യാതൊരു ബന്ധവുമില്ലത്രേ. ഓച്ചിറ പടനിലത്തെ അന്തേവാസിയായ സത്യവ്രതന് സ്വാമിയാണ് കേട്ടുകേള്‍വികളില്‍ നിന്ന് സന്ധ്യാനാമകാരന്റെ ചരിത്രം ചികഞ്ഞെടുത്തു തന്നത്. ആ അറിവുകള്‍ ശരിവയ്ക്കുന്നതായിരുന്നു ‘സന്ധ്യാനാമ’ത്തിന്റെ പ്രസാധകരായ വി.വി.പ്രസിന്റെ ഇപ്പോഴത്തെ സാരഥി ഗിരിജ മുത്തുകൃഷ്ണന്റെ വാക്കുകള്‍.
തുടക്കം ‘രാമായണ സംഘ’ത്തില്‍ നിന്ന്
കേരളത്തിലെ ആദ്യത്തെ ആശ്രമ പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന സ്വരൂപാനന്ദസ്വാമികള്‍ (1841-1940) സ്ഥാപിച്ച ‘രാമായണസംഘ’ത്തിലെ പ്രധാനിയായിരുന്നു തിരുമധുരപേട്ടയില്‍ ശങ്കു ആശാന്. പതിമൂന്നാം വയസ്സില്‍ സംന്യാസിയായി മാറിയ സ്വരൂപാനന്ദന് അക്കാലത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 1854-ല്‍ പേട്ട ഭാഗത്ത് ആശ്രമം നിര്‍മ്മിച്ചു നല്‍കിയെങ്കിലും റെയില്‍വേ സ്ഥലമെടുപ്പ് കാരണം ആനയറയിലേക്ക് അത് മാറ്റേണ്ടി വന്നു. സ്വരൂപാനന്ദസ്വാമിയുടെ നേതൃത്വത്തില്‍ വികസിച്ച ‘രാമായണസംഘ’ത്തിനു വേണ്ടി ശങ്കു ആശാന് രചിച്ചതാണ് സന്ധ്യാനാമം എന്നു കരുതപ്പെടുന്നു.
ജ്ഞാനപ്രജാഗരംസഭയുടെ സംഘാടകനായിരുന്ന പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ (1872-1937) സുഹൃത്തായിരുന്നു ശങ്കു ആശാന്. അദ്ദേഹം തികഞ്ഞ ഭക്തനും യോഗിയുമായിരുന്നു. വിശാഖം തിരുനാളിന്റെ ഭരണകാലത്ത് (1860-1885) അമ്മ മഹാറാണിയുടെ താല്‍പ്പര്യത്തില്‍ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും കര്‍ക്കിടകസന്ധ്യകളില്‍ ഭജിക്കുവാന്‍ വേണ്ടി ശങ്കു ആശാന് സന്ധ്യാനാമം രാജാവിന് സമര്‍പ്പിക്കുകയുണ്ടായി എന്നാണ് വാമൊഴി. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ തേവാരമൂര്ത്തികളിലൊന്നായി പൂജിക്കപ്പെടുന്ന ശ്രീരാമവിഗ്രഹത്തിനു മുന്നില്‍ രാമായണസംഘത്തിന്റെ സാന്നിധ്യത്തിലത്രേ തന്റെ ‘കൊച്ചുരാമായണം’ ആശാന് പാടി സമര്‍പ്പിച്ചത്. കീര്ത്തനമിഷ്ടപ്പെട്ട തമ്പുരാന് ‘മഹാരാജ്യരാജ്യശ്രീ’ എന്ന അംഗീകാരം ശങ്കു ആശാന് നല്കി അനുഗ്രഹിക്കുകയുണ്ടായി. കുടുംബമൂല്യങ്ങളിലൂടെ സമൂഹശക്തി എന്ന സന്ദേശം പ്രചരിപ്പിച്ചിരുന്ന സ്വരൂപാനന്ദസ്വാമികള്‍ തറവാട്ടുകളരികള് കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പതിനെട്ട് ആശ്രമങ്ങള്‍ സ്ഥാപിച്ചതിലൂടെ രാമസന്ധ്യാനാമത്തിന് കൂടുതല്‍ പ്രചാരം കിട്ടിയിരുന്നു. ശ്രീരാമ സങ്കല്‍പ്പത്തോടും രാമായണദര്ശനത്തോടും ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന സ്വരൂപാ
നന്ദസ്വാമിയുടെ ആശ്രമങ്ങളില്‍ പഴയ ശ്രീരാമചിത്രങ്ങള് ഇപ്പോഴും ചില്ലിട്ടു സൂക്ഷിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിനൊടുവില്‍ കേരളത്തിലെ പുസ്തക വില്‍പ്പനയുടെ ചരിത്രം മാറ്റിയെഴുതിയ എസ്.ടി.റെഡ്ഡ്യാര്‍ രംഗത്തു വന്നതോടെയാണ് സന്ധ്യാനാമ ഭക്തിപ്രസ്ഥാനത്തിന്റെയും ചരിത്രം മാറിയത്.
എസ്.ടി. റെഡ്ഡ്യാറിലൂടെ സന്ധ്യാനാമം പ്രചരിക്കുന്നു
സാധാരണക്കാരനെ വായന പഠിപ്പിച്ചത് എസ്.ടി. റെഡ്ഡ്യാര്‍ പ്രചരിപ്പിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണെന്ന് തകഴി എഴുതിയിട്ടുണ്ട്. 1855-ല്‍ തിരുനെല്‍വേലിയിലെ സമൂഹരംഗപുരം ഗ്രാമത്തില്‍ ജനിച്ച എസ്.ടി.റെഡ്ഡ്യാര്‍ കൊല്ലത്തെത്തിയത് പതിനേഴാം വയസ്സിലാണ്. ആര്.ടി.പിള്ള, കുഞ്ഞുണ്ണിപ്പിള്ള എന്നീ പുസ്തക വ്യാപാരികളുടെ സഹായിയായി മാറി നാടുനീളെ സഞ്ചരിച്ച് പുസ്തക വില്‍പ്പന തുടങ്ങി. 1886-ല്‍ സ്വന്തമായി അച്ചടിശാല ആരംഭിച്ച റെഡ്ഡ്യാര്‍ വിദ്യാഭിവര്‍ദ്ധിനി (വി.വി.പ്രസ്) പു
സ്തകശാല, പ്രതിവാരപത്രം എന്നിവയ്ക്കും തുടക്കമിട്ടു. വി.വി. പ്രസ്സില്‍ ആദ്യം അച്ചടിച്ച കൃതി സന്ധ്യാനാമമാണെന്ന് ഗിരിജ മുത്തുകൃഷ്ണന് പറയുന്നു. തിരുവനന്തപുരം, ഓച്ചിറ, കൊടുങ്ങല്ലൂര്‍ എന്നിവയായിരുന്നു പ്രധാന വില്‍പ്പന കേന്ദ്രങ്ങള്‍. ഓച്ചിറക്കളി, വൃശ്ചികച്ചിറപ്പ്, കാര്‍ത്തികവിളക്ക് തുടങ്ങിയ ഉത്സവങ്ങളിലൂടെയാണ് സന്ധ്യാനാമം പരക്കെ വിറ്റഴിഞ്ഞതെന്ന് സംസ്കൃതപണ്ഡിതനായ തെക്കുംഭാഗം സുകുമാരന്‍ ശാസ്ത്രി ഈ ലേഖകനോട് പറയുകയുണ്ടായി. റെഡ്ഡ്യാരും സഹചാരികളും സന്ധ്യാനാമം ഈണത്തില്‍ പാടിയാണ് വായനക്കാരെ ആകര്‍ഷിച്ചിരുന്നത്. 1200 പുറങ്ങളുള്ള 72 കഥകളി കൃതികള്‍ (ഡമ്മി സൈസ്) രണ്ടര രൂപയ്ക്ക് വിറ്റ് മലയാളികളെ ഞെട്ടിച്ച റെഡ്ഡ്യാര്‍, സന്ധ്യാനാമം വിറ്റത് ഒരണയ്ക്കായിരുന്നു. കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍ കൃതികളും, നൂറ്റിനാല്‍പ്പത് ആട്ടക്കഥകളും, രാമായണം-ഭാഗവതം കിളിപ്പാട്ടുകളുമെല്ലാം ആദ്യമായി കേരളത്തിലെമ്പാടും പ്രചരിപ്പിച്ചത് സഞ്ചരിക്കുന്ന ‘ഭക്തിപ്രസ്ഥാന’മായിരുന്ന റെഡ്ഡ്യാര്‍ സ്വാമിയായിരുന്നുവെന്ന് പ്രമുഖര്‍ ‘എസ്.ടി.റെഡ്ഡ്യാര്‍ സ്മരണിക’യില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
”താന്‍ ചെയ്യാനൊന്നുമില്ലിന്നിതിലുപരിയാതൊരു ലോകോപകാരം” എന്നാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്, റെഡ്ഡ്യാര്‍ക്ക് എഴുതിയത്.
സന്ധ്യകളില്‍ വീശുന്ന രാമായണക്കാറ്റ്
ശങ്കു ആശാന്റെ സന്ധ്യാനാമശീലുകള്ക്ക് സംഗീതം പകര്‍ന്ന് മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്ക് കാസറ്റുകളായി എത്തിച്ചത് വി. ദക്ഷിണമൂര്‍ത്തിയാണ്. നൂറ്റിയെട്ട് ഈരടികളിലായി ലളിതമായ ഭാഷയില്‍ രാമായണം ചുരുക്കിപ്പറഞ്ഞ തിരുമധുരപേട്ടയില്‍ ശങ്കു ആശാന്റെ കഴിവ് അപാരമാണെന്ന് ‘സ്മരണിക’യില്‍ ദക്ഷിണമൂര്‍ത്തിസ്വാമി സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം തുടരുന്നു: ”കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കേരളത്തില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ മനഃപാഠമാക്കി ജപിച്ചുപോന്ന പ്രാര്ഥനാസ്തോത്രമാണ് സന്ധ്യാനാമം. ഏതു കൊച്ചുകുഞ്ഞിനുപോലും അര്‍ഥം മനസ്സിലാക്കി ചൊല്ലാന്‍ കഴിയുന്ന പാകത്തിലാണ് അത് തയ്യാറാക്കിയിട്ടുള്ളത്. സന്ധ്യാനാമത്തിലെ ഒരു വരിയെങ്കിലും ജപിക്കുകയോ വെറുതെ ചൊല്ലി ഓര്‍ക്കുകയോ ചെയ്യാത്ത ഒരൊറ്റ മലയാളിയേയും കാണാന്‍ കഴിയില്ല.”
തമിഴില്‍ ദക്ഷിണാമൂര്‍ത്തി തന്നെ സന്ധ്യാനാമപരിഭാഷ നിര്വഹിച്ചപ്പോള് തെലുങ്കില്‍ പി.ബി.ശ്രീനിവാസനാണ് ആ നിയോഗം ഏറ്റെടുത്തത്. ഓച്ചിറപ്പടനിലത്തും, ശിവരാത്രി കാലത്തെ ആലുവാ മണപ്പുറത്തും കൊടുങ്ങല്ലൂര്‍ ഭരണിത്തറയിലും ശങ്കു ആശാന്റെ സന്ധ്യാനാമം ഈണപ്പൊലിമയായി ഒഴുകിപ്പരന്നു. ഇന്ന് പ്രശസ്ത ഗായകരുടെ മധുരസ്വരങ്ങളിലുള്ള രാമസന്ധ്യാനാമമാണ് മലയാളികള്‍ക്ക് ഏറെ പരിചിതം. ഒരണയ്ക്ക് കിട്ടുന്ന കൊച്ചുരാമായണം, അക്ഷരപ്പിച്ച വയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കും കളരിയായി. താളിയോലകളില്‍ തുഞ്ചന്‍ വരഞ്ഞിട്ട അദ്ധ്യാത്മരാമായണം റെഡ്ഡ്യാരുടെ ‘അച്ചുകൂടം’ ഏറ്റെടുത്ത് പുറത്തെത്തിച്ചതോടെ ‘രാമചരിത’ത്തില്‍ (പതിമൂന്നാം നൂറ്റാണ്ട്) തുടങ്ങിയ രാമസ്വാധീനത്തിന് ആഴവും പരപ്പും കൈവന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഒരു വിഭാഗം മലയാളികളുടെ സാമാന്യനാമമായി ‘രാമചന്ദ്രന്’ മാറിയതിനു പിന്നില്‍ റെഡ്ഡ്യാരുടെ അദ്ധ്യാത്മരാമായണത്തിന്റെ വമ്പിച്ച പ്രചാരവും ഒരു പ്രധാന കാരണമാവാം. മരപ്പലകയില്‍ കൊത്തിയെടുത്ത ബ്ലോക്കുകളില്‍ മെനഞ്ഞ രാമായണകഥാപാത്രങ്ങളുടെ ചിത്രങ്ങളും വി.വി.പ്രസ്സിന്റെ രാമായണത്തിലുണ്ടായിരുന്നു. ശങ്കു ആശാന്റെ സുഹൃത്തായ പേട്ടയില്‍ രാമന്‍പിള്ള ആശാന് അക്കാലത്ത് എഴുതിയ ‘അദ്ധ്യാത്മരാമായണ സദാചാരങ്ങള്‍’ എന്ന വ്യാഖ്വാനവും കിളിപ്പാട്ടിന് കൂടുതല്‍ ഗരിമ നല്കി.
പ്രചാരണം മതഭേദമില്ലാതെ
തിരുവനന്തപുരത്ത് ഷാ മുതലാളിയും, കൊല്ലത്തിന് വടക്കോട്ട് കോയക്കുട്ടി എന്നയാളുമാണ് രാമായണ സന്ധ്യാനാമങ്ങള്ക്ക് പ്രധാന വില്പ്പനയൊരുക്കിയത്. മതഭേദമില്ലാതെ സന്ധ്യാനാമം പ്രചരിപ്പിക്കുന്നതിലും ഒത്തൊരുമയോടെ നിന്നു. ഇന്നും ഓരോ കേരളീയ ഗ്രാമങ്ങളിലേയും ഒരു ഹൈന്ദവ ഭവനത്തിലെങ്കിലും രാമ രാമ പാഹിമാം എന്നു തൊഴുകയ്യോടെ പാടുന്ന കുഞ്ഞുങ്ങളും മുത്തശ്ശിമാരുമുണ്ട്. മുക്തിക്കുവേണ്ടി ചൊല്ലുന്നു എന്നു പാടി അവസാനിപ്പിക്കുന്ന ഈ കൊച്ചു കീര്‍ത്തനം എത്രയോ ദുരിതകാലങ്ങളില്‍ ഭക്തരെ ആശ്വസിപ്പിച്ചിട്ടുണ്ടാവാം. പതിമൂന്നാം നൂറ്റാണ്ടിലെ രാമചരിതം മുതല്‍ അടുത്തകാലത്ത് കണ്ടെടുത്ത ‘മാപ്പിളരാമായണം’ വരെ പറയുന്നത് രാമകഥയാണെങ്കിലും രാമസന്ധ്യാനാമം മലയാളികള്‍ക്കിടയില്‍ പതിപ്പിച്ചെടുത്ത സ്വാധീനശക്തിയോട് അവയൊന്നും കിടനില്ക്കുന്നില്ല. ഈ കൊച്ചുരാമായണമെഴുതിയ തിരുമധുരപേട്ടയില്‍ ശങ്കു ആശാന് നമ്മുടെ സാഹിത്യചരിത്രത്തില്‍ ഒരു സ്ഥാനവുമില്ലാതെ പോയത് അന്വേഷണ വിഷയമാണ്. പരമ്പരാഗത സാഹിത്യനിയമങ്ങള്ക്കപ്പുറം പോയി, രാമകഥയെ അതിലളിതവും ഭക്തിസാന്ദ്രവുമാക്കിയ ശങ്കു ആശാനെ ഒരു ജപസന്ധ്യയും മറക്കില്ലെന്നു നിശ്ചയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: