കൊല്ലം: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളിലും കോളജുകളിലും നേരിട്ട് ക്ലാസുകള്‍ ആരംഭിക്കുന്നു. കേരളത്തില്‍ അതിന്റെ ആലോചന പോലും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല. ദിനംപ്രതി വര്‍ധിക്കുന്ന രോഗനിരക്ക് സ്‌കൂള്‍ തുറക്കുന്നതിന് തടസ്സമാണെന്നതാണ് സര്‍ക്കാരിന്റെ വാദം. ഈ വര്‍ഷവും പൂര്‍ണമായും ഓണ്‍ലൈന്‍ പഠനത്തിലൂടെ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ നടക്കുമെന്ന സൂചന സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ നടത്താതെ എല്ലാവരെയും അടുത്ത ക്ലാസിലേക്ക് വിജയിപ്പിക്കുകയാണ് ചെയ്തത്. ഇതു വിദ്യാഭ്യാസത്തിന്റെ പ്രൊഫഷണല്‍ രീതിയെ തകര്‍ക്കുമെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ സൂചന നല്‍കുന്നു. പല സ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും ഓണ്‍ലൈന്‍ പഠന സൗകര്യമില്ല. മലയോര ഗ്രാമീണ മേഖലയില്‍ മൊബൈല്‍ സിഗ്‌നല്‍ പ്രശ്‌നമായി അവശേഷിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ വേറെയും.
ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍ പ്രധാന പ്രശ്‌നങ്ങളാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. അയല്‍സംസ്ഥാനങ്ങളിലെല്ലാം ക്ലാസുകള്‍ ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
സര്‍ക്കാരിന് കടമ്പകളേറെ
മറ്റുസംസ്ഥാനങ്ങള്‍ക്കൊപ്പം ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള ആലോചന തുടങ്ങിയെങ്കിലും കേരളത്തില്‍ സര്‍ക്കാരിനു മുന്നില്‍ കടമ്പകളേറെ. ആദ്യഘട്ടത്തില്‍ ഒമ്പതുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്ന കാര്യമാണ് പരിഗണനയിലുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസ് ആരംഭിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സ്‌കൂളുകളിലെ മുഴുവന്‍ സൗകര്യവും ഇവര്‍ക്കായി പ്രയോജനപ്പെടുത്തി ക്ലാസ് സുഗമമായി നടത്താനാകുമെന്നാണ് അധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരാനാകും. അധ്യാപകര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കി ക്ലാസ് ആരംഭിക്കാനാകുമോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രൈമറി വിദ്യാര്‍ഥികള്‍ പ്രതിരോധശേഷിയില്‍ മുന്നിലാണെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് അപ്രായോഗികമായതിനാല്‍ അവര്‍ക്ക് ക്ലാസ് തുടങ്ങുന്നത് തടസമായുണ്ട്.
ഒപ്പം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഒട്ടേറെ ആശങ്കകള്‍ സര്‍ക്കാരിനുമുന്നിലുണ്ട്. ഓണത്തിനു തൊട്ടുപിന്നാലെ കൊവിഡ് മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പാണ് സര്‍ക്കാരിനെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം തന്നെ ദിനംപ്രതി ഉയരുന്ന കൊവിഡ് രോഗികളുടെ എണ്ണവും സര്‍ക്കാരിനെ പിന്നോട്ടടിക്കുന്നു.
കോളജ് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് അവരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും ആദ്യ ഡോസുപോലും ഭൂരിഭാഗംപേര്‍ക്കും ലഭിച്ചിട്ടില്ല. എല്‍പി, യുപി അധ്യാപകര്‍ക്കടക്കം മരുന്നു നല്‍കാനായി വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇപ്പോള്‍ വാക്‌സിന്‍ ധാരാളമായി ഉണ്ടെങ്കിലും അധ്യാപകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: