വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ നാറ്റോ സൈന്യത്തെ തെരഞ്ഞുപിടിച്ച് വകവരുത്താന്‍ താലിബാന് പദ്ധതിയിടുന്നതായി ഐക്യരാഷ്ട്രസഭ ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ഭരണം കയ്യേറിയതിന് പിന്നാലെ പ്രതികാര നടപടികള്‍ക്ക് തുടക്കമിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആയുധധാരികളായ താലിബാന് അംഗങ്ങള്‍ അഫ്ഗാന് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയാണ്. യുഎസ്, നാറ്റോ സൈന്യത്തേയും അവര്‍ക്ക് സഹായം നല്കിയവരേയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്താനാണ് താലിബാന് നിലവില്‍ പദ്ധതി തയ്യാറാക്കുന്നത്.
അധികാരം പിടിച്ചെടുത്തപ്പോള്‍ യുദ്ധം അവസാനിച്ചെന്നും പ്രതികാരനടപടികള്‍ ഉണ്ടാവില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്ദാനം. അഫ്ഗാന് സൈന്യത്തെയും തെരഞ്ഞുപിടിച്ച് താലിബാന് വധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയതോടെയാണ് താലിബാന് രാജ്യം നിയന്ത്രണത്തിലാക്കിയത്.
പ്രതികാര നടപടി ഉണ്ടാവില്ലെന്ന് താലിബാന് നേതാക്കള്‍ അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം. സാധാരണ ജീവിതത്തിലേക്ക് ആളുകള്‍ മടങ്ങി വരണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതായും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും താലിബാന് സഖ്യം അറിയിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം താലിബാനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ നിരവധി പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: