തിരുവനന്തപുരം ജില്ലയില്‍ കേരള -തമിഴ്നാട് അതിര്‍ത്തിലുള്ള വിഖ്യാതമായ ശിവക്ഷേത്രമാണ് തിരുനന്തിക്കര മഹാദേവര്‍ ക്ഷേത്രം. ശിവാലയ ഓട്ടം നടക്കുന്ന പന്ത്രണ്ട് ശിവക്ഷേത്രങ്ങളില്‍ നാലാമത്തേതെന്ന പ്രത്യേകതയും ക്ഷേത്രത്തിനുണ്ട്. കരിങ്കല്ലിലാണ് ക്ഷേത്ര നിര്‍മ്മിതി. ആയ് രാജാക്കന്മാര് നിര്‍മ്മിച്ച ക്ഷേത്രം രാജരാജ ചോളനൂം മറ്റുചോളരാജാക്കന്മാരുമാണ് പരിപാലിച്ചു പോന്നത്.
ഉളുത്തുമലമുകളില്‍ നിന്നുത്ഭവിക്കുന്ന നന്തിയാറിന്റെ കരയിലാണ് തിരുനന്തിക്കര. തിരു നന്തീശ്വരന്‍ വാഴുമിടമാണ് ‘തിരുനന്തിക്കര’യായി മാറിയതെന്നാണ് വിശ്വാസം.
ആചാരാനുഷ്ഠാനങ്ങളിലും ഒട്ടേറെ പ്രത്യേകതകള്‍ ഇവിടെ കാണാം. സാധാരണ ശിവക്ഷേത്രങ്ങളില്‍ പ്രദക്ഷിണത്തിനിടെ തീര്ത്ഥവാഹിയായ ഓവുചാല്‍ മറികടക്കാന്‍ പാടില്ല. പക്ഷെ, ഇവിടെ മഹദേവന് മുഴു പ്രദക്ഷിണമാകാം. ക്ഷേത്രഗോപുരമാകട്ടെ അന്‍പത്തിരണ്ട് കഴുക്കോല് കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിന് അന്‍പത്തിരണ്ട് ആഴ്ചകളാണല്ലൊ. ഓരോ കഴുക്കോലും ഓരോ ആഴ്ചകളായി കണക്കാക്കുന്നു. ക്ഷേത്രത്തെ ഒരു തവണ പ്രദക്ഷിണം ചെയ്താല്‍ ഒരു വര്‍ഷം പ്രദക്ഷിണം ചെയ്തഫലമുണ്ടാകും.
പ്രധാന വഴിപാട് ഉഴുന്ന് നിവേദ്യമാണ്. സന്ധ്യാ ദീപാരാധനക്കുശേഷം ഉഴുന്ന് നിവേദ്യം നടത്തും. നന്ദിക്കുവേണ്ടിയായാണ് വിശേഷപ്പെട്ട ഈ നിവേദ്യം. ഉഴുന്നു പ്രസാദം കാലികളുടെ രോഗമുക്തിക്ക് ഉത്തമമത്രെ.
പെരുഞ്ചാണി അണയില്‍ നിന്നുള്ള ജലസമൃദ്ധമായ ചാനലും ചാനലിനടിയില്‍ തണുത്തൊരു ടണലും ക്ഷേത്രത്തിനരികെയായി കാണാം. ക്ഷേത്രത്തിന് വലതുമാറി ‘ഉളുത്തുപാറ’ എന്നൊരു വലിയൊരു പാറയുണ്ട്. ദൂരെ നിന്ന് നോക്കിയാല്‍ ഒരാനയോ കൂറ്റനൊരു കാളയോ കിടക്കുന്നതു പോലെ തോന്നും. പാറയില്‍ ശിവപ്രതിഷ്ഠയുള്ള ഒരു ഗുഹാക്ഷേത്രമുണ്ട്. പലയിടത്തുമായി ശിവലിംഗങ്ങളും കൊത്തിവച്ചിട്ടുണ്ട്. എങ്ങും ശിവമയം! പ്രാക്തന മലയാള ശിലാലിഖിതങ്ങളാണ് ഗുഹയുടെ മറ്റൊരു പ്രത്യേകത. പാറയ്ക്കു മുകളില്‍ ഒരിക്കലും വറ്റാത്ത ഒരു ഉറവയും ശിവപാദവും ദൃശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: