കൊല്ലം: ഓണകച്ചവടം കൊഴുപ്പിക്കാന്‍ തെരുവ് കച്ചവടക്കാരും എത്തി തുടങ്ങി. കുഞ്ഞുങ്ങളുടെ വര്‍ണ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും ചെരുപ്പും മുതിര്‍ന്നവര്‍ക്കുള്ള പുത്തനുടുപ്പ്, സാരി, ബാഗുകള്‍ എന്നുവേണ്ട വീട്ടിലേക്ക് ആവശ്യമായ സകലസാധനങ്ങളും ഇപ്പോള്‍ തെരുവോരത്ത് കിട്ടും. സാധാരണക്കാരെ ലക്ഷ്യമിട്ട് എത്തുന്ന തെരുവ് കച്ചവടക്കാര്‍ക്ക് ഇത്തവണ ഇതുവരെ ഓണക്കച്ചവടം തുടങ്ങിയിട്ടില്ല.
ചിന്നക്കടയിലും കോണ്‍വെന്റ് ജംഗ്ഷനിലും പള്ളിമുക്കിലും തമ്പടിച്ചിരിക്കുന്ന ഇവര്‍ക്ക് വരും ദിവസങ്ങളിലാണ് പ്രതീക്ഷയുള്ളത്. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചുവെങ്കിലും അത്രകണ്ട് ആളുകള്‍ പുറത്തിറങ്ങി തുടങ്ങിയിട്ടില്ല. ആള്‍ക്കൂട്ടം എവിടെയുമില്ലെങ്കിലും കൂട്ടംകൂടരുതെന്നും അകലം പാലിക്കണമെന്നുമുള്ള പോലീസിന്റെ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ ഇടവിടാതെ കേള്‍ക്കുന്നുണ്ട്. മേമ്പൊടിക്ക് ഓണപ്പാട്ടുമുണ്ട്.
സാധാരണക്കാരന് ഓണമാഘോഷിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനെത്തുന്നത് കൂടുതലും തെരുവോരത്താണ്. പോക്കറ്റ് കീറാതെ ഓണമാഘോഷിക്കണമെങ്കില് തെരുവു കച്ചവടക്കാരെ തന്നെ ആശ്രയിക്കണം. പഞ്ഞകാലം മാറാതെ ഓണമാഘോഷിക്കാന്‍ അതെ മാര്‍ഗമുള്ളു. കൊവിഡിന്റെ പ്രതിസന്ധികള്‍ വിട്ടുമാറാതെ സാധാരണക്കാരന് ഓണമാഘോഷിക്കാന്‍ കഴിയില്ല. സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്താത്തതിനു പിന്നില്‍ അങ്ങനെയും ചിലകാര്യങ്ങള്‍ ഉണ്ട്. ഓന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുവെന്നാണ് തെരുവ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ തവണയും ഓണത്തിന് വലിയ മെച്ചമൊന്നുമുണ്ടായില്ല. ഇത്തവണ ചെറിയ പ്രതീക്ഷയുണ്ട്.
തമിഴ്നാട്ടില്‍ നിന്നും നിരവധിപേരാണ് മുമ്പ് ഓണക്കച്ചവടത്തിനായി നഗരത്തില്‍ എത്തിയിരുന്നത്. ഇപ്പോള്‍ കൊവിഡ് വ്യാപനത്തിന്റെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാവാം കച്ചവടക്കാരുടെ എണ്ണത്തില്‍ കുറവുണ്ട്. ഒരു പക്ഷെ വരും ദിവസങ്ങളില്‍ കൂടുതല്‍ കച്ചവടക്കാര്‍ എത്താനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: