അഞ്ചല്‍: യാത്രക്കാര്‍ക്ക് അപകടഭീതി ഉയര്‍ത്തി മലയോര ഹൈവേ. വേങ്കൊല്ല, മേലേമുക്ക്, മടത്തറ, കല്ലുവെട്ടാംകുഴി തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടം നിത്യസംഭവമായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പത്തിലധികം അപകടങ്ങളാണുണ്ടായത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ്വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി പാതയോരത്തെ വീടിന്റെ മതില് തകര്‍ത്തു.
മേലേമുക്കില്‍ മറ്റൊരു പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു. വേങ്കൊല്ലയില്‍ അപകടം നടന്ന ഇതേ സ്ഥലത്ത് ഒരാഴ്ച മുമ്പ് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിക്കുകയും ഒപ്പം യാത്രചെയ്ത യുവാവിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഒരാഴ്ച മുമ്പ് ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം മാറി കിണറ്റുമുക്കില്‍ തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി കയറ്റി എത്തിയ ടെമ്പോ വലിയ താഴ്ചയിലേക്ക് മറിയുകയും ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുളത്തൂപ്പുഴക്ക് സമീപം കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാള്‍ ഇപ്പോഴും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന് ബി.എന്‍. ഗോവിന്ദ്(20), കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
അപകടങ്ങള്‍ക്ക് ഏറെയും കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയും, അമിതവേഗതയുമാണ്. പാതയില്‍ വേഗത കുറയ്ക്കുന്നതും അപകട മുന്നറിയിപ്പ് നല്‍കുന്നതും സംബന്ധിച്ച് കാര്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ കുറവാണ്. പാതയില്‍ കാര്യമായ പോലീസ് പരിശോധനയും ഉണ്ടാകാറില്ല. സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുകയും പോലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്താല്‍ ഒരുപരിധിവരെ അപകടങ്ങള്‍ കുറയ്ക്കാമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: