മറയൂര്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളുമായുള്ള യാത്രാ നിയന്ത്രണങ്ങള്‍ വന്നത് കാന്തല്ലൂര്‍ മേഖലയില്‍ പച്ചക്കറി ഉത്പാദനം ഇരട്ടിയാക്കി. വിനോദ സഞ്ചാരം പോലുള്ളവ നിലച്ചതാണ് ഈ മേഖലയിലുള്ളവരെ എല്ലാം കാര്‍ഷിക രംഗത്തേക്ക് പറിച്ചുനട്ടത്. ഇതോടെ ഹെക്ടര്‍ കണക്കിന് തരിശ് നിലങ്ങളാണ് കൃഷി ഭൂമികളായി മാറിയത്.
സ്ട്രോബറി, ബ്ലാക്ക് ബെറി ഉള്‍പ്പെടയുള്ള പാഷന് ഫ്രൂട്ട് പോലുള്ള വിളകളില്‍ നിന്നും കര്‍ഷകര്‍ പതിയെ പിന്മാറി നെല്ല്, കപ്പ, ഇഞ്ചി, മഞ്ഞള്‍, കൂവ പോലുള്ള വിളകളാണ് ഇപ്പോള്‍ ചെയ്ത് വരുന്നത്. വനവാസി മേഖലകളിലും റാഗി, തിന, ചാമ പോലുള്ള ചെറുധാന്യങ്ങളുടെ കൃഷിയും ആരംഭിച്ചിട്ടുണ്ട്. പുതിതായി 2000 ഏക്കറോളം പുതുതായി കൃഷി ഇറക്കിയതായാണ് കണക്ക്.
ഹോര്‍ട്ടികോര്‍പ്പ് കൃത്യമായ സംഭരണവും വിതരണവും നടത്തിയാല്‍ കേരളത്തിന് പച്ചക്കറി ഉത്പാദനത്തില്‍ സ്വാശ്രയത്വം കൈവരിക്കാന്‍ അഞ്ചുനാട്ടിലെ കര്‍ഷകര്‍ വലിയൊരളവില്‍ സഹായകരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. വട്ടവട കാന്തല്ലൂര്‍ മേഖലയില്‍ നിന്നും വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രെമോഷന് കൗണ്‍സിലിന്റെ ലേല വിപണി മുഖേനയും ഹോര്‍ട്ടികോര്‍പ്പ് നേരിട്ടുമാണ് സംഭരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച തറവില അടിസ്ഥാനപ്പെടുത്തിയാണ് ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് വില നല്‍കുന്നത്. ഉരുളക്കിഴങ്ങ്, ക്യാരറ്റ്, കാബേജ് എന്നിവയും വിവിധ ഇനം ബീന്‍സ് ഇനങ്ങളുമാണ് വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്.
2018 പ്രളയത്തില്‍ പെരിയവാര പാലം തകര്‍ന്നതും പീന്നീട് കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് മാര്‍ക്കറ്റിലുണ്ടായ വിലതകര്‍ച്ചയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഓണക്കാലം കര്‍ഷകര്‍ക്ക് പ്രതിസന്ധികള്‍ മാത്രമാണ് സമ്മാനിച്ചിരുന്നത്. ഇതില്‍ നിന്നും വ്യത്യസ്ഥമായി പ്രതീക്ഷയുടെ ഓണക്കാലമാണ് അഞ്ചുനാട്ടിലെ കര്‍ഷകര്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്.
കാന്തല്ലൂരില്‍ ഉരുളക്കിഴങ്ങിന്റെ വിളവെടുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: