തിരുവനന്തപുരം: കാര്‍ഷികവിളകളെ കീടങ്ങളില്‍ നിന്നു രക്ഷിക്കാന്‍ വിനോജ് മുന്നോട്ടുവച്ചത് വ്യത്യസ്തമായ വലിയ സാധ്യതകളുള്ള ആശയം. ഇത്തരം സാധ്യതകള്‍ക്ക് കാതോര്‍ക്കുന്ന മോദി സര്‍ക്കാര്‍ മലയാളിയായ യുവസംരംഭകനെ കണ്ടെത്തുകയായിരുന്നു.
കാര്‍ഷിക-വ്യവസായ മേഖലയിലെ നേട്ടത്തിനുള്ള ഈ വര്‍ഷത്തെ പുരസ്കാരം നേടിയ പത്തു പേരില്‍ ഒരാളാണ് മലയാളിയായ വിനോജ് പി.എ. രാജ്. ചെടികള്‍ക്കുള്ള പ്രതിരോധ ജൈവ മരുന്ന് ഉത്പാദിപ്പിക്കുന്ന സെന്റ് ജൂഡ് ഹെര്‍ബല്‍സ് സ്ഥാപകനായ വിനോജ് കാസര്‍കോട് സ്വദേശിയാണ്. ചെടികളില്‍ രോഗം പരത്തുന്ന വൈറസുകളെ പ്രതിരോധിക്കുന്നതിന് പകരം ചെടികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലേക്ക് ചിന്ത കടന്നതോടെയാണ് വിനോജ് പി.എ. രാജിന്റെ ഗവേഷണത്തിന് രാജ്യത്തിന്റെ അംഗീകാരം ലഭിച്ചത്. കാസര്‍കോട് കുമ്പള പടികാകുടി വീട്ടില്‍ രാജേഷ് ജോസ്-മമത ദമ്പതികളുടെ മകനാണ്.
എന്‍ഡോസള്‍ഫാനെ എങ്ങനെ ഒഴിവാക്കണമെന്നതിനെക്കുറിച്ചുള്ള ചിന്തയാണ് ഇത്തരത്തില്‍ ഒരു മരുന്ന് ഉത്പാദിപ്പിക്കാന്‍ വിനോജിനെ പ്രേരിപ്പിച്ചത്. സസ്യങ്ങള്‍ക്കും പ്രതിരോധ ശേഷിയുണ്ട്. രോഗാണുക്കള്‍ ഉള്‍പ്പെടെയുള്ള ഫംഗസുകളും വൈറസുകളും സസ്യങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രകൃതിദത്തമായി നിര്‍മ്മിച്ച ലായനിയാണ് വിനോജ് മുന്നോട്ടുവച്ചത്. മനുഷ്യന് ഹാനികരമാവാത്ത സസ്യങ്ങളുടെ നീരില്‍ നിന്നു തന്നെ വേര്‍തിരിച്ചെടുക്കുന്ന ലായനിയുടെ ചേരുവകള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വിനോജിന്റെ ലായനി കര്‍ഷകര്‍ക്ക് നിലവില്‍ ലഭ്യമാണ്. ഇതിന്റെ പേറ്റന്റ് സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുന്നു. സസ്യങ്ങള്‍ക്ക് പ്രതിരോധശേഷി വര്‍ധിക്കുന്നതോടെ കര്‍ഷകര്‍ക്ക് കീടനാശിനി പ്രയോഗിക്കേണ്ട ആവശ്യമില്ലാതാകുമെന്നതാണ് ഇതിന്റെ പ്രത്യേതക.
കര്‍ണാടകയില്‍ ആയുര്‍വേദ ചികിത്സകനായിരുന്ന അച്ഛന് കൃഷിയില്‍ ശ്രദ്ധചെലുത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് എത്തിച്ചേരുകയായിരുന്നു. കാസര്‍കോട് പ്രധാനമായും നേരിടുന്ന വിഷയം എന്‍ഡോസള്‍ഫാനായിരുന്നു. ഇതോടെയാണ് ഇതിന് പരിഹാരമാര്‍ഗം കണ്ടെത്താന്‍ വിനോജ് മുന്നിട്ടിറങ്ങിയത്.
നിരവധി കടമ്പകള്‍ കടന്നാണ് വിനോജ് കാര്‍ഷിക-വ്യവസായ മേഖലയില്‍ വിജയികളായ പത്ത് യുവസംരംഭക ടീമുകളില്‍ ഒരാളായി മാറിയത്. 100 പേരില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ നിന്നും വ്യത്യസ്തങ്ങളായ ജൂറികളിലൂടെ നടന്ന തിരഞ്ഞെടുപ്പിനൊടുവിലാണ് വിനോജ് ആദ്യ പത്തില്‍ എത്തിയത്. നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്സ് 2021ല്‍ അവസാന മത്സരാര്‍ഥി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: