എന്റെ പ്രിയപ്പെട്ട ദേശവാസികളേ!
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.
ഇന്ന്, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഈ പുണ്യ ഉത്സവത്തില്‍, രാഷ്ട്രരക്ഷയ്ക്കായി രാപ്പകല്‍ ഭേദമെന്യേ ആത്മത്യാഗം അനുഷ്ഠിച്ച എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും ധീരദേശാഭിമാനികളെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യം എന്ന ആശയത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ സമാദരണീയനായ ബാപ്പുജിയെയും; സ്വാതന്ത്ര്യത്തിനായി സര്‍വ്വവും ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്; ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്, ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി, കിട്ടൂരിലെ റാണി ഛെന്നമ്മ, റാണി ഗെയ്ഡിന്‍ലിയു, അസമിലെ മാതംഗിനി ഹസ്ര തുടങ്ങിയ മഹത്തായ വിപ്ലവകാരികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യക്തിത്വങ്ങളെയും രാജ്യം സ്മരിക്കുന്നു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, ഏകരാഷ്ട്രമായി രാജ്യത്തെ സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവിയിലേക്കുള്ള ദിശ നിര്‍ണ്ണയിക്കുകയും വഴി തെളിക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.
ഇത്തരത്തില്‍ മഹത് രത്നങ്ങളാല്‍ സമ്പന്നമായ ഭൂമിയാണ് ഇന്ത്യ. പേരുകള്‍ ചരിത്രത്തില്‍ ഇടം നേടാതെ പോയ ഇന്ത്യയുടെ ഓരോ കോണിലുമുള്ള എണ്ണമറ്റ വ്യക്തികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ ഈ രാഷ്ട്രം കെട്ടിപ്പടുക്കുകയും അതതു കാലഘട്ടങ്ങളില്‍ അതിനെ മുന്നോട്ട് നയിക്കുകയും ചെയ്തു.
മാതൃരാജ്യത്തിന്റെ സംസ്കാര സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനുമായി ഇന്ത്യ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടം നടത്തി. ഈ രാജ്യം നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ വേദനയിലും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം ഉപേക്ഷിച്ചില്ല. ജയ-പരാജയങ്ങള്‍ക്കിടയിലും, മനസ്സില്‍ ആഴത്തില്‍ കോറിയിട്ട സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിവാഞ്ജയ്ക്ക് ഒരിക്കലും കുറവ് വന്നില്ല. നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ യോദ്ധാക്കളായി അണിനിരന്നവര്‍ക്കും, പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയവര്ക്കും മുന്നില്‍ നമ്രശിരസ്ക്കരാകേണ്ട സമയമാണിത്. തീര്‍ച്ചയായും അവര്‍ നമ്മുടെ ആദരം അര്‍ഹിക്കുന്നു.
നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, വാക്സിനുകള്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍, ആഗോള മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ സേവന സന്നദ്ധരായി രംഗത്തുള്ള ദശലക്ഷക്കണക്കിന് രാജ്യവാസികള്‍ തുടങ്ങിയവരും നമ്മുടെ അഭിനന്ദനം അര്‍ഹിക്കുന്നു.
ഇന്ന് രാജ്യത്തെ ചില പ്രദേശങ്ങള്‍ വെള്ളപ്പൊക്കം നേരിടുകയാണ്. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും സംഭവിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ദുഖകരമായ ചില വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. പല മേഖലകളിലും ജനങ്ങളുടെ ക്ലേശം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരമൊരു കാലഘട്ടത്തില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ്ണ സേവന സന്നദ്ധതയോടെ അവരോടൊപ്പമുണ്ട്.
നമ്മുടെ രാജ്യത്തിന് കീര്‍ത്തിയേകിയ വിജയങ്ങള്‍ കൊണ്ട് വന്ന ഇന്ത്യയിലെ യുവ അത്ലറ്റുകളും കായികതാരങ്ങളും ഇന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ഇന്ന്, എല്ലാ ഇന്ത്യക്കാരോടും, ഇവിടെ സന്നിഹിതരായിട്ടുള്ളവരോടും, ഇന്ത്യയുടെ വിവിധ കോണുകളിലിരുന്ന് ഈ ചടങ്ങ് വീക്ഷിക്കുന്നവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു – നമ്മുടെ കായികതാരങ്ങളോടുള്ള ബഹുമാനാര്‍ത്ഥം, ഏതാനും നിമിഷങ്ങള്‍ കരഘോഷം മുഴക്കി അവരെ അഭിനന്ദിക്കാം. അവരുടെ വലിയ നേട്ടങ്ങള്‍ക്ക് ആദരമര്‍പ്പിക്കാം.
ഇന്ത്യയുടെ കായികരംഗത്തോടും യുവത്വത്തോടുമുള്ള നമ്മുടെ ആദരവ് പ്രകടിപ്പിക്കുന്നതിനോടൊപ്പം, രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടം സമ്മാനിച്ച യുവാക്കളെ ആദരിക്കാം. കോടിക്കണക്കിന് വരുന്ന രാജ്യവാസികള്‍ ഇന്ത്യയിലെ യുവാക്കളോട് പ്രത്യേകിച്ച് അത്ലറ്റുകളോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി ഉച്ചത്തില്‍ കരഘോഷം മുഴക്കട്ടെ. അവര്‍ ഇന്ന് നമ്മുടെ ഹൃദയം കവരുക മാത്രമല്ല ചെയ്തത് മറിച്ച് ഇന്ത്യയിലെ യുവാക്കളെയും ഭാവി തലമുറകളെയും അവരുടെ വലിയ നേട്ടങ്ങളിലൂടെ പ്രചോദിപ്പിക്കുക കൂടിയാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഇന്ന് നാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍, എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തില്‍ ഇപ്പോഴും തുളച്ചുകയറുന്ന വിഭജനത്തിന്റെ വേദന നമുക്ക് മറക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണത്. സ്വാതന്ത്ര്യം നേടിയ ശേഷം, വിഭജനത്തിന്റെ ദുരന്തമനുഭവിച്ചവരെ വളരെ വേഗം നാം മറന്നു. അവരുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇന്നലെ രാജ്യം വൈകാരികമായ ഒരു തീരുമാനം കൈക്കൊണ്ടു. വിഭജനത്തിന്റെ ഇരകളുടെ ഓര്‍മ്മയ്ക്കായി ഇനി മുതല്‍ ഓഗസ്റ്റ് 14 ‘വിഭജനഭീതിയുടെ അനുസ്മരണ ദിനമായി’ ആചരിക്കും. മനുഷ്യത്വരഹിതമായ സാഹചര്യങ്ങള്‍ക്ക് വിധേയരായവര്‍, പീഡനങ്ങള്‍ അനുഭവിച്ചവര്‍, മാന്യമായ ശവസംസ്കാരം പോലും ലഭിക്കാത്തവര്‍, അവരെല്ലാം നമ്മുടെ ഓര്‍മ്മകളില്‍ ജീവിക്കണം. അവര്‍ ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകരുത്. ‘വിഭജനഭീതിയുടെ അനുസ്മരണ ദിനം’ ആചരിക്കാന്‍ 75-ാമത് സ്വാതന്ത്ര്യദിനത്തില്‍ എടുത്ത തീരുമാനം ഓരോ ഇന്ത്യക്കാരനില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന അര്‍ഹിക്കുന്ന ആദരവാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ലോക രാജ്യങ്ങളെടുത്താല്‍, പുരോഗതിയുടെയും മാനവികതയുടെയും പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന നമ്മുടെ രാജ്യത്തിന് കൊറോണ മഹാമാരി വലിയ വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ നാം ഇന്ത്യക്കാര്‍ ഈ പോരാട്ടത്തെ വളരെ കരുതലോടെയും ക്ഷമയോടെയും നേരിട്ടു. ഒരുപാട് വെല്ലുവിളികള്‍ നാം നേരിടേണ്ടിവന്നു. എന്നാല്‍ സമസ്ത മേഖലകളിലും നാം അസാധാരണമായ പ്രകടനം കാഴ്ചവച്ചു. വാക്സിനുകള്‍ക്കായി ആരെയും ഇല്ലെങ്കില്‍ ഒരു രാജ്യത്തെയും ആശ്രയിക്കേണ്ടി വരാത്തത് നമ്മുടെ സംരംഭകരുടെയും ശാസ്ത്രജ്ഞരുടെയും ശക്തി കൊണ്ടാണ്. വാക്സിന് നമുക്ക് സ്വന്തമായി നിര്‍മ്മിക്കാന്‍ കഴിയാതിരുന്നെങ്കിലുള്ള അവസ്ഥ മനസില്‍ സങ്കല്‍പ്പിക്കുക. പോളിയോ വാക്സിന് ലഭിക്കാന്‍ നമുക്ക് എത്ര നാള് കാത്തിരിക്കേണ്ടി വന്നു?
ലോകമെമ്പാടും മഹാമാരി പടര്‍ന്ന് പിടിക്കുന്ന ഒരു വലിയ പ്രതിസന്ധി ഘട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഇന്ത്യക്ക് അത് ലഭിക്കുകയോ അല്ലെങ്കില്‍ ലഭിക്കാതിരിക്കുകയോ ചെയ്യാം. വാക്സിന് ലഭിച്ചിട്ടുണ്ടെങ്കില്‍ പോലും അത് യഥാസമയം ലഭിക്കുമെന്ന് ഉറപ്പില്ല. എന്നാല്‍ ഇന്ന് നമുക്ക് അഭിമാനത്തോടെ പറയാം, ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി നമ്മുടെ രാജ്യത്ത് നടക്കുന്നു. 54 കോടിയിലധികം ആളുകള്‍ക്ക് വാക്സിന് ഡോസ് ലഭിച്ചു. കോവിന്‍, ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇന്ന് ലോകത്തെ ആകര്‍ഷിക്കുന്നു. മഹാമാരി സമയത്ത് മാസങ്ങളോളം തുടര്‍ച്ചയായി 80 കോടി പൗരന്മാര്ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിക്കൊണ്ട് പാവപ്പെട്ട വീടുകളില്‍ ഇന്ത്യ അടുപ്പുകള്‍ കത്തിച്ചത് ലോകത്തെ വിസ്മയിപ്പിക്കുക മാത്രമല്ല ചര്‍ച്ചാവിഷയം ആകുകയും ചെയ്തു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗബാധിതര്‍ കുറവാണ് എന്നത് സത്യമാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയില്‍ കൂടുതല്‍ പൗരന്മാരെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതും സത്യമാണ് – പക്ഷേ അത് അഭിമാനിക്കാവുന്ന ഒന്നല്ല! ഈ നേട്ടങ്ങളില്‍ നമുക്ക് തൃപ്തിപ്പെടാന്‍ കഴിയില്ല. ഒരു വെല്ലുവിളിയും ഇല്ലെന്ന് പറയുന്നത് നമ്മുടെ സ്വന്തം വികസനത്തിന്റെ പാതയെ നിയന്ത്രിക്കുന്ന ഒരു ചിന്തയാകും.
ലോകത്തിലെ സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. സമ്പന്ന രാജ്യങ്ങള്‍ക്ക് ഉള്ളത് പലതും നമ്മുടെ പക്കലില്ല. മാത്രമല്ല, ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജനസംഖ്യ നമുക്കുണ്ട്. നമ്മുടെ ജീവിതശൈലിയും വ്യത്യസ്തമാണ്. എല്ലാ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും, ധാരാളം ആളുകളെ നമ്മുക്ക് രക്ഷിക്കാനായില്ല. എത്രയോ കുട്ടികള്‍ അനാഥരായി. ഈ അസഹനീയമായ വേദന എന്നെന്നേക്കുമായി നിലനില്ക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
എല്ലാ രാജ്യങ്ങളുടെയും വികസന യാത്രകളില്‍, ആ രാജ്യം സ്വയം പുനര്‍നിര്‍വചിക്കുകയും പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്യുന്ന ഒരു സമയം ഉണ്ടാകാറുണ്ട്. ഇന്ന് ഇന്ത്യയുടെ വികസന യാത്രയില്‍ ആ സമയം എത്തിയിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ ആഘോഷം ഒരു ചടങ്ങില്‍ മാത്രമായി പരിമിതപ്പെടുത്തരുത്. നാം, പുതിയ ലക്ഷ്യങ്ങള്‍ക്ക് അടിത്തറയിടുകയും പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയും വേണം. ഇവിടെ നിന്ന് ആരംഭിച്ച്, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന, അടുത്ത 25 വര്‍ഷത്തെ മുഴുവന്‍ യാത്രയും ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കുന്ന അമൃത് കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഈ അമൃത് കാലഘട്ടത്തിലെ തീരുമാനങ്ങളുടെ പൂര്‍ത്തീകരണം അഭിമാനത്തോടെ ഇന്ത്യന്‍ സ്വാതന്ത്ര്യ ത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക് നമ്മെ നയിക്കും.
ഭാരതത്തിനും ഭാരതീയര്‍ക്കും പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ സമ്മാനിക്കുക എന്നതാണ് ‘അമൃത് കാല്’-ന്റ്റെ ലക്ഷ്യം. സൗകര്യങ്ങളുടെ ലഭ്യതയുടെ പേരില്‍ ഗ്രാമങ്ങളെയും നഗരങ്ങളെയും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ഒരു ഭാരതത്തിനു രൂപം നല്‍കുക എന്നതും അമൃത് കാല് ലക്ഷ്യമിടുന്നു.
രാജ്യത്തെ പൗരന്മാരുടെ ജീവിതത്തില്‍ ഭരണകൂടം ആവശ്യമില്ലാതെ ഇടപെടാത്ത ഒരു ഭാരതം കെട്ടിപ്പെടുക്കുക എന്നതും അമൃത് കാല്-ന്റ്റെ ലക്ഷ്യമാണ്. ലോകത്തിലെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളെല്ലാംതന്നെ ഉള്ള ഒരു ഭാരതത്തിന് രൂപം നല്‍കാനും അമൃത് കാല്- ലിലൂടെ ഉദ്ദേശിക്കുന്നു.
നാം മറ്റാരെക്കാളും താഴ്ന്ന് നിലകൊള്ളാന്‍ പാടുള്ളതല്ല. രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ നിശ്ചയമാണ് ഇത്. എന്നാല്‍ കഠിനാധ്വാനം, ധൈര്യം എന്നിവ കൂടാതെയുള്ള ഈ നിശ്ചയം ആകട്ടെ തികച്ചും അപൂര്‍ണവും ആണ്. അതുകൊണ്ടുതന്നെ നമ്മുടെ എല്ലാത്തരം നിശ്ചയവും, കഠിനാധ്വാനത്തിലൂടെയും ധൈര്യത്തിലൂടെയും യാഥാര്‍ഥ്യമാക്കന്‍ നമുക്ക് കഴിയണം. അതിര്‍ത്തികള്‍ക്കപ്പുറം സുരക്ഷിതവും പുരോഗതി ഉള്ളതുമായ ഒരു ലോകത്തിനായി മികച്ച സംഭാവന നല്‍കാനും ഈ സ്വപ്നങ്ങളും നിശ്ചയദാര്‍ഢ്യവും കൂടിയേതീരൂ.
ഇരുപത്തിയഞ്ചു വര്‍ഷമാണ് ആണ് അമൃത കാലം. . എന്നാല്‍, നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നീണ്ട കാലം കാത്തിരിക്കേണ്ടതില്ല. ഇപ്പോള്‍ തന്നെ നാം ആരംഭിക്കേണ്ടതുണ്ട്. നഷ്ടപ്പെടുത്തി കളയാന്‍ ഒരു നിമിഷം പോലും നമുക്കില്ല. ഇതാണ് ശരിയായ സമയം. നമ്മുടെ രാജ്യം മാറേണ്ടതുണ്ട്. ഒപ്പം പൗരന്മാര് എന്ന നിലയില്‍ നാമും മാറണം. മാറുന്ന കാലത്തിനനുസരിച്ച് നാമും അനുരൂപപ്പെടേണ്ടതുണ്ട്. ‘എല്ലാവര്ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന ചിന്തയുടെ സത്ത ഉള്‍ക്കൊണ്ട് ആണ് നാം നമ്മുടെ യാത്ര ആരംഭിച്ചത്. ഇന്ന് ചുവപ്പ് കോട്ടയില്‍ നിന്നുകൊണ്ട് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ് – ‘എല്ലാവര്ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്നത്തിനൊപ്പം എല്ലാവരുടെയും പരിശ്രമങ്ങളും നമ്മുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അതീവ പ്രധാനമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ തുടക്കം കുറിച്ച നിരവധി പദ്ധതികളുടെ ഗുണഫലങ്ങള്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഉജ്ജ്വ ല മുതല്‍ ആയുഷ്മാന്‍ ഭാരത് വരെയുള്ള പദ്ധതികളുടെ പ്രാധാന്യത്തെപ്പറ്റി രാജ്യത്തെ എല്ലാ ദരിദ്ര വിഭാഗങ്ങള്‍ക്കും അറിവുണ്ട്. ഭരണകൂടം നടപ്പാക്കുന്ന പദ്ധതികളുടെ വേഗം ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യങ്ങള്‍ വേഗം പൂര്‍ത്തീകരിക്കുന്നു. മുന്‍പുള്ളതിനേക്കാള്‍ അതിവേഗം നാം പുരോഗതി പ്രാപിച്ചിട്ടുണ്ട്. എന്നാലിത് ഇവിടംകൊണ്ട് തീരുന്നതല്ല. നാം പൂര്‍ണ്ണത കൈവരിക്കേണ്ടതുണ്ട്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും റോഡുകള്‍ വരേണ്ടതുണ്ട്, എല്ലാ കുടുംബങ്ങളിലും ബാങ്ക് അക്കൗണ്ടുകളും. കൂടാതെ, എല്ലാ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ സ്വന്തമായി വേണ്ടതുണ്ട്. ഒപ്പം അര്‍ഹരായ എല്ലാവര്ക്കും ഉജ്ജ്വല പദ്ധതിയുടെ ഗുണഫലങ്ങള്‍, ഗ്യാസ് കണക്ഷനുകള്‍ എന്നിവ ലഭിക്കുകയും വേണം. യോഗ്യതയുള്ള എല്ലാ പൗരന്മാരെയും ഭരണകൂടത്തിന്റെ ഇന്‍ഷുറന്‍സ്, പെന്ഷന്, ഭവന നിര്‍മ്മാണ പദ്ധതികളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. 100% ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്ന ധാരണയോടുകൂടി വേണം നാം മുന്പോട്ട് യാത്ര ചെയ്യേണ്ടത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ട്രാക്കുകളിലും, കൈ വണ്ടികളിലും, വഴിയോരങ്ങളിലും വിറ്റിരുന്ന വഴിയോര കച്ചവടക്കാരെ പറ്റി ആരും ഇതുവരെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ സ്വാനിധി പദ്ധതി വഴി ബാങ്കിംഗ് സംവിധാനവുമായി ഇവരെ ബന്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
100 ശതമാനം കുടുംബങ്ങളിലും വൈദ്യുതി ലഭ്യമാക്കിയത് പോലെ, 100% കുടുംബങ്ങളിലും ശൗചാലയങ്ങള്‍ കെട്ടിപ്പടുക്കാന്‍ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നടത്തിയത് പോലെ, പദ്ധതികളുടെ ലക്ഷ്യങ്ങള്‍ നൂറുശതമാനവും കൈവരിക്കുക എന്ന ലക്ഷ്യവുമായി നാം മുന്നോട്ട് യാത്ര ചെയ്യേണ്ടതുണ്ട്. എന്നാല്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അതിവിദൂരമായ കാലം മുന്പോട്ട് വയ്ക്കാനാവില്ല. നമ്മുടെ ലക്ഷ്യങ്ങള്‍ വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് കഴിയണം.
എല്ലാ വീട്ടിലും ശുദ്ധജലം എന്ന ദൗത്യം രാജ്യത്ത് വേഗത്തില്‍ പുരോഗമിക്കുകയാണ്. ജല്‍ ജീവന് ദൗത്യത്തിന്റെ രണ്ടുവര്‍ഷക്കാലം കൊണ്ടുതന്നെ രാജ്യത്തെ നാലര കോടിയിലേറെ കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പൈപ്പുകളില്‍ നിന്നും അവര്‍ക്ക് ജലം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും ആശിര്‍വാദം ആണ് നമ്മുടെ യഥാര്‍ത്ഥ മൂലധനം. പദ്ധതികളുടെ ലക്ഷ്യം നൂറുശതമാനവും പൂര്‍ത്തീകരിക്കുന്നതിന്റെ ഏറ്റവും മികച്ച ഗുണം എന്നത്, സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങളില്‍ നിന്നും ഒരു വ്യക്തി പോലും ഒഴിവാക്കപ്പെടില്ല എന്നതാണ്. അര്‍ഹരായവരിലെ അവസാന വ്യക്തിയിലേക്ക് എത്തുന്നതുവരെ ഭരണകൂടം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ വിവേചനം ഒഴിവാക്കാനും, അഴിമതിക്കുള്ള സാധ്യതകള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യാനും സാധിക്കൂ.
എന്റെ പ്രിയപ്പെട്ട സഹപൗരരേ,
രാജ്യത്തെ എല്ലാ ദരിദ്ര വ്യക്തികള്‍ക്കും ആവശ്യമായ പോഷണം ഉറപ്പാക്കുക എന്നതും ഈ ഭരണകൂടത്തിന്റെ മുന്‍ഗണനകളില്‍ ഒന്നാണ്. രാജ്യത്തെ ദരിദ്രരായ വനിതകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആവശ്യമായ പോഷണം ലഭ്യമാകാത്തതും, പോഷണക്കുറവും നമ്മുടെ വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍, വിവിധ പദ്ധതികളിലൂടെ രാജ്യത്തെ ദരിദ്ര വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്ന അരിയുടെ പോഷകമൂല്യം ഭരണകൂടം വര്‍ധിപ്പിക്കുന്നതാണ്. പോഷക സമ്പുഷ്ടമായ ഈ അരി രാജ്യത്തെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യും. റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നതോ, കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി ലഭ്യമാക്കുന്നതോ, വിവിധ പദ്ധതികളിലൂടെ വിതരണം ചെയ്യുന്നതോ ആയ എല്ലാതരം അരികളുടെയും പോഷകമൂല്യം 2024-ഓടെ വര്‍ധിപ്പിക്കുന്നതാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഇന്ന്, രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംഘടിതപ്രവര്‍ത്തനവും അതിവേഗം നടക്കുകയാണ്. ഇതിനായി, മെഡിക്കല്‍ വിദ്യാഭ്യാസത്തിലും സുപ്രധാന പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. രോഗപ്രതിരോധ ആരോഗ്യ പരിരക്ഷ (പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍)യ്ക്കും തുല്യ ശ്രദ്ധ നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുമുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാനാവുന്ന മരുന്നുകള്‍ ജന്‍ ഔഷെധി യോജന വഴി ലഭ്യമാക്കുന്നുമുണ്ട്. ഇതുവരെ എഴുപത്തി അയ്യായിരത്തിലധികം ആരോഗ്യ സൗഖ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ബ്ലോക്ക് തലത്തിലും, നല്ല ആശുപത്രികളുടെയും ആധുനിക ലാബുകളുടെയും ശൃംഖലയില്‍ മാത്രമായി ആധുനിക ആരോഗ്യ പശ്ചാത്തലസൗകര്യങ്ങള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. താമസിക്കാതെതന്നെ രാജ്യത്തെ ആയിരക്കണക്കിന് ആശുപത്രികള്‍ക്ക് സ്വന്തമായി ഓക്സിജന്‍ പ്ലാന്റുകളും ഉണ്ടാകും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാനായി, ഇന്ത്യയുടെ സാധ്യതകളുടെ ഏറ്റവും മികച്ച ഉപയോഗം കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇത് വളരെ പ്രധാനമാണ്. ഇതിനുവേണ്ടി, നാം പിന്നോക്ക വിഭാഗങ്ങളുടെയും മേഖലകളുടേയും കൈപിടിക്കേണ്ടത് അനിവാര്യമാണ്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ആശങ്കയോടൊപ്പം, ദലിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കും സംവരണം ഉറപ്പാക്കിയിട്ടുമുണ്ട്. അടുത്തിടെ, മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍, അഖിലേന്ത്യാ ക്വാട്ടയില്‍ ഒ.ബി.സി വിഭാഗത്തിനും സംവരണം ഉറപ്പാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ഒരു നിയമത്തിന് രൂപം നല്‍കികൊണ്ട്, സംസ്ഥാനങ്ങള്‍ക്ക് സ്വന്തം ഒ.ബി.സി പട്ടിക ഉണ്ടാക്കാനുള്ള അവകാശവും നല്കി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
സമൂഹത്തിന്റെ വികസന യാത്രയില്‍ ഒരു വ്യക്തിയോ ഒരു വര്‍ഗ്ഗമോ പിന്നിലാകരുതെന്ന് നാം ഉറപ്പുവരുത്തുന്നതുപോലെ, അത്തരത്തില്‍ തന്നെ രാജ്യത്തിന്റെ ഒരു ഭാഗവും, രാജ്യത്തിന്റെ ഒരു കോണും ഉപേക്ഷിക്കപ്പെടരുത്. വികസനം സാര്‍വത്രികമായിരിക്കണം, വികസനം സര്‍വ്വവ്യാപിയായിരിക്കണം, വികസനം എല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കണം. രാജ്യത്തിന്റെ അത്തരം പിന്നോക്ക മേഖലകളെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നടത്തിയ ശ്രമങ്ങള്‍ നമ്മള് ഇപ്പോള്‍ ത്വരിതപ്പെടുത്തുകയാണ്. അത് കിഴക്കന്‍ ഇന്ത്യയോ, വടക്കുകിഴക്കോ, ജമ്മു-കാശ്മീരോ, ലഡാക്ക് ഉള്‍പ്പെടുന്ന മുഴുവന്‍ ഹിമാലയന്‍ പ്രദേശമോ, അത് നമ്മുടെ തീരപ്രദേശമോ ഗോത്രവര്‍ഗ്ഗ മേഖലയോ ആകട്ടെ, ഈ പ്രദേശങ്ങള്‍ ഭാവിയില്‍ ഇന്ത്യയുടെ വികസനത്തില്‍, ഇന്ത്യയുടെ വികസനം യാത്രയില്‍ ഒരു സുപ്രധാന അടിത്തറയായി മാറാന്‍ പോകുകയാണ്.
ഇന്ന് വടക്ക് കിഴക്ക് ബന്ധിപ്പിക്കലിന്റെ ഒരു പുതിയ ചരിത്രം എഴുതപ്പെടുകയാണ്. ഇത് ഹൃദയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഒരു ബന്ധിപ്പിക്കലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും റെയില്‍ സര്‍വീസുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും. ആക്ട്-ഈസ്റ്റ് നയപ്രകാരം, ഇന്ന് വടക്ക്-കിഴക്ക്, ബം ാദേശ്, മ്യാന്മര്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയും ബന്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍ കാരണം, ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ശ്രേഷ്ഠ ഭാരതം സൃഷ്ടിക്കുന്നതിനുള്ള ഉത്സാഹവും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സമാധാനവും പലമടങ്ങ് വര്‍ദ്ധിച്ചു.
ടൂറിസം, സാഹസിക വിനോദങ്ങള്‍, ജൈവകൃഷി, ഹെര്‍ബല്‍ മെഡിസിന്, ഓയില്‍ പമ്പ് എന്നീ മേഖലകളില്‍ വടക്ക് കിഴക്കിന് വലിയ സാദ്ധ്യതകളുാണുള്ളത്. ഈ സാദ്ധ്യതകളെ നമ്മള് പൂര്‍ണമായി ഉപയോഗപ്പെടുത്തുകയും രാജ്യത്തിന്റെ വികസന യാത്രയുടെ ഭാഗമാക്കുകയും വേണം. അമൃത് കാലത്തിന്റെ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ നമ്മള് ഈ ജോലി പൂര്‍ത്തിയാക്കുകയും വേണം. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ആത്മാവാണ് എല്ലാവരുടെയും കഴിവുകള്‍ക്ക് ന്യായമായ അവസരം നല്‍കുകയെന്നത്. അത് ജമ്മുവോ അല്ലെങ്കില്‍ കാശ്മീരോ ആകട്ടെ, വികസനത്തിന്റെ സന്തുലിതാവസ്ഥ ഇപ്പോള്‍ പ്രകടമാണ്്.
ജമ്മു കാശ്മീരില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് രൂപീകരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുകയുമാണ്. വികസനത്തിന്റെ അതിരുകളില്ലാത്ത സാദ്ധ്യതകളിലേക്ക് ലഡാക്കും പുരോഗമിക്കുകയാണ്. ഒരു വശത്ത് ലഡാക്ക് ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെ സൃഷ്ടിക്ക് സാക്ഷ്യം വഹിക്കുമ്പോള്‍, മറുവശത്ത് സിന്ധു കേന്ദ്ര സര്‍വകലാശാല ലഡാക്കിനെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ദശകത്തില്‍, ഇന്ത്യ നീല സമ്പദ്ഘടനയിലേക്കുള്ള ശ്രമങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തും. മത്സ്യക്കൃഷിയോടൊപ്പം, കടല്‍പ്പായല്‍ കൃഷിയില്‍ ഉയര്‍ന്നുവരുന്ന പുതിയ സാദ്ധ്യതകളും നമ്മള് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം. സമുദ്രത്തിന്റെ പരിധിയില്ലാത്ത സാദ്ധ്യതകളെ പര്യവേക്ഷണം ചെയ്യാനുള്ള നമ്മുടെ അഭിലാഷത്തിന്റെ ഫലമാണ് ആഴക്കടല്‍ ദൗത്യം. കടലില്‍ മറഞ്ഞിരിക്കുന്ന ധാതു സമ്പത്ത്, സമുദ്രജലത്തിലുള്ള താപോര്‍ജ്ജം, എന്നിവയ്ക്ക് രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉയരങ്ങള്‍ നല്കാന് കഴിയും.
തഴയപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന രാജ്യത്തെ ജില്ലകളുടെ അഭിലാഷങ്ങളും നമ്മള് ഉണര്‍ത്തി. രാജ്യത്തെ 110 ലധികം വികസനംകാംക്ഷിക്കുന്ന ജില്ലകളില്‍ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡുകള്‍, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് മുന്‍ഗണന നല്കുന്നു. ഈ ജില്ലകളില്‍ പലതും നമ്മുടെ ഗോത്രവര്‍ഗ്ഗ മേഖലയിലാണ്. ഈ ജില്ലകള്‍ക്കിടയില്‍ വികസനത്തിനായുള്ള ആരോഗ്യകരമായ മത്സരത്തിന്റെ ഒരു മനോഭാവം നമ്മള് സൃഷ്ടിച്ചു. വികസനം കാംക്ഷിക്കുന്ന ഈ ജില്ലകള്‍ ഇന്ത്യയിലെ മറ്റ് ജില്ലകള്‍ക്ക് തുല്യമാകാന്‍ വേണ്ടിയുള്ള ശക്തമായ മത്സരമാണ് ആ ദിശയില്‍ നടക്കുന്നത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
മുതലാളിത്തവും സോഷ്യലിസവും സാമ്പത്തിക ലോകത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ്, എന്നാല്‍ ഇന്ത്യ സഹകരണ വാദത്തിനാണ് (കോര്‍പ്പറേറ്റീവിസം) പ്രാധാന്യം നല്‍കുന്നത്. കോര്‍പ്പറേറ്റീവിസം നമ്മുടെ പാരമ്പര്യങ്ങളോടും മൂല്യങ്ങളോടും പൊരുത്തപ്പെടുന്നതാണ്. ബഹുജനങ്ങളുടെ കൂട്ടായ ശക്തി സമ്പദ് വ്യ വസ്ഥയുടെ ചാലകശക്തിയായി മാറുന്ന കോര്‍പ്പറേറ്റീവിസം രാജ്യത്തിന്റെ താഴെത്തട്ടിലുള്ള സമ്പദ് വ്യ വസ്ഥയ്ക്ക് പ്രധാനവുമാണ്. സഹകരണസംഘങ്ങള്‍ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഒരു ശൃംഖല മാത്രമല്ല, സഹകരണമെന്നത് ഒരു ആത്മാവും സംസ്കാരവും കൂട്ടായ വളര്‍ച്ചയുടെ മനോഭാവവുമാണ്. ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ച് അവരെ ശാക്തീകരിക്കാനുള്ള നടപടികള്‍ നമ്മള് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ സഹകരണ മേഖലയെ ശാക്തീകരിക്കാനാണ് നമ്മള് ഈ നടപടി സ്വീകരിച്ചത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഈ ദശകത്തില്‍ ഗ്രാമങ്ങളില്‍ ഒരു പുതിയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ നാം നമ്മുടെ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ഇന്ന് നമ്മുടെ ഗ്രാമങ്ങള്‍ അതിവേഗം മാറുന്നത് നമുക്ക് കാണാന്‍ കഴിയും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ഗവണ്മെന്റ് ഗ്രാമങ്ങളില്‍ റോഡുകളും വൈദ്യുതിയും നല്കി. ഇപ്പോള്‍ ഈ ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍നെറ്റ് വര്‍ക്ക് ഡാറ്റയും ഇന്റര്‍നെറ്റും ഉപയോഗിച്ച് ശക്തിപ്പെടുത്തി. ഗ്രാമങ്ങളിലും ഡിജിറ്റല്‍ സംരംഭകര്‍ ഉയര്‍ന്നുവരുന്നു. സ്വാശ്രയ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഗ്രാമങ്ങളിലെ എട്ട് കോടിയിലധികം സഹോദരിമാര്‍ ഏറ്റവും മുന്‍നിര ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നമ്മുടെ രാജ്യത്തും വിദേശത്തും വലിയ വിപണി ലഭിക്കുന്നതിനായി ഇപ്പോള്‍ ഗവണ്മെന്റു ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം തയ്യാറാക്കുകയാണ്. ഇന്ന്, വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന മന്ത്രവുമായി രാജ്യം മുന്നോട്ട് പോകുമ്പോള്‍, ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വനിതാ സ്വാശ്രയ ഗ്രൂപ്പുകളുടെ ഉല്‍പ്പന്നങ്ങളെ രാജ്യത്തിലെ അങ്ങോള മിങ്ങോളമുള്ള ആളുകളുമായും അതോടൊപ്പം അന്താരാഷ്ട്രതലത്തിലും ബന്ധിപ്പിക്കും. അങ്ങനെ അവരുടെ ദിഗ് മണ്ഡലങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.
കൊറോണ സമയത്ത്, സാങ്കേതികവിദ്യയുടെ ശക്തിക്കും നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രതിബദ്ധതയ്ക്കും കഴിവുകള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞര്‍ വളരെ ഉത്സാഹത്തോടെയും തന്ത്രപരമായും രാജ്യത്തിന്റെ വിശാലതയ്ക്കായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ കാര്‍ഷിക മേഖലയിലും ശാസ്ത്രജ്ഞരുടെ കഴിവുകളും അവരുടെ നിര്‍ദ്ദേശങ്ങളും സമന്വയിപ്പിക്കേണ്ട സമയമെത്തിയിരിക്കുന്നു. ഇനി നമുക്ക് കൂടുതല്‍ കാത്തിരിക്കാനാവില്ല. ഈ ശക്തി നാം പ്രയോജനപ്പെടുത്തണം. രാജ്യത്തിന് ഭക്ഷ്യസുരക്ഷ നല്‍കുന്നതോടൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം മുന്നോട്ട് നയിക്കും. അങ്ങനെ നമ്മള് നമ്മളെ അതിവേഗത്തില്‍ ലോക ഭ്രമണപഥത്തിലേക്ക് എത്തിക്കും.
ഈ കൂട്ടായ പരിശ്രമങ്ങള്‍ക്കിടയിലും, നമ്മുടെ കാര്‍ഷിക മേഖല നേരിടുന്ന ഒരു വലിയ വെല്ലുവിളിയെക്കുറിച്ച് നാം അറിയേണ്ടതുണ്ട്. ജനസംഖ്യയില്‍ വളരെയധികം വര്‍ദ്ധനവുണ്ടാക്കുകയും കുടുംബത്തില്‍ ഉണ്ടാകുന്ന വിഭജനങ്ങള്‍ മൂലം കൈവശമു്ളത് ചെറിയ ഭൂമിയാകുകയും ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന ഗ്രാമീണരുടെ ഭൂമി കുത്തനെ കുറയുന്നതിന്റെ വെല്ലുവിളി. കൃഷിഭൂമി ആശങ്കാജനകമായി ചുരുങ്ങി. രാജ്യത്തെ 80 ശതമാനത്തിലധികം കര്‍ഷകരും രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരാണ്. നമ്മുടെ രാജ്യത്തെ കര്‍ഷകരില്‍ 100 ല്‍ 80 പേര്‍ക്കും രണ്ട് ഹെക്ടറില്‍ താഴെയാണ് ഭൂമി ഉള്ളതായാണ് കാണുന്നതെങ്കില്‍; അതായത് നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ പ്രായോഗികമായി ചെറുകിട കര്‍ഷക വിഭാഗത്തിലാണുള്ളത് നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞകാല നയങ്ങളിലെ ആനുകൂല്യങ്ങളില്‍ നിന്ന് ഈ വിഭാഗം ഒഴിവാക്കപ്പെട്ടിരുന്നു. അവര്‍ക്ക് അവരുടേതായ പ്രാധാന്യം ലഭിച്ചില്ല. ഇപ്പോള്‍, രാജ്യത്തെ ഈ ചെറുകിട കര്‍ഷകരെ മനസ്സില്‍ കണ്ടുകൊണ്ട്, കാര്‍ഷിക പരിഷ്കാരങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ക്ക് പ്രയോജനകരമാകാന്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെചയ്തു.
വിള ഇന്‍ഷുറന്‍സ് പദ്ധതി മെച്ചപ്പെടുത്തല്‍ അല്ലെങ്കില്‍ താങ്ങുവില (എം.എസ്.പി)ഒന്നര ഇരട്ടി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനം; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ബാങ്കുകളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വായ്പ നല്കുന്ന സംവിധാനം; കൃഷിയിടത്തിലേക്ക് സൗരോര്‍ജ്ജവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഏറ്റെടുക്കുന്നത്, ഒരു കര്‍ഷക ഉല്‍പ്പാദക സംഘടന രൂപീകരിക്കുന്നത്. ഈ ശ്രമങ്ങളെല്ലാം ചെറുകിട കര്‍ഷകന്റെ കരുത്ത് വര്‍ദ്ധിപ്പിക്കും. ബ്ലോക്ക് തലം വരെ വെയര്‍ഹൗസ് സൗകര്യം സൃഷ്ടിക്കുന്നതിനുള്ള ഒരു സംഘടിതപ്രവര്‍ത്തനവും വരും കാലങ്ങളില്‍ ആരംഭിക്കും.
ഓരോ ചെറുകിട കര്‍ഷകന്റെയും ചെറിയ ചെലവുകള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന നടപ്പിലാക്കുന്നത്. ഇതുവരെ, പത്ത് കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം കോടിയിലധികം രൂപ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിച്ചിട്ടുണ്ട്. ചെറുകിട കര്ഷകന് ഇപ്പോള്‍ നമ്മുടെ പ്രതിജ്ഞയും മന്ത്രവുമാണ്. ചെറുകിട കര്ഷകന് രാജ്യത്തിന്റെ അഭിമാനമായി മാറുന്നു …. ചെറുകിട കര്ഷകന് രാജ്യത്തിന്റെ അഭിമാനമായി മാറുന്നു. ഇത് ഞങ്ങളുടെ സ്വപ്നമാണ്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ചെറുകിട കര്‍ഷകരുടെ കൂട്ടായ ശക്തി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പുതിയ സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുമുണ്ട്.
ഇന്ന്, കിസാന്‍ റെയില്‍ രാജ്യത്തെ 70 ലധികം റെയില്‍ റൂട്ടുകളിലൂടെ ഓടുകയാണ്.
ഈ ആധുനിക സൗകര്യമുപയോഗിച്ചുകൊണ്ട് കിസാന്‍ റെയിലിന് ഗതാഗതത്തിന്റെ കുറഞ്ഞചെലവില്‍ ഉല്‍പ്പന്നങ്ങളെ വിദൂര കേന്ദ്രങ്ങളില്‍ പോലും എത്തിച്ച് കര്‍ഷകരെ സഹായിക്കാന്‍ കഴിയും.
കമലം, ഷാഹി ലിച്ചി, ഭൂത് ജോലോകിയചില്ലിസ്, കറുത്ത അരി അല്ലെങ്കില്‍ മഞ്ഞള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ന്, ഇന്ത്യയുടെ മണ്ണില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഈ ഉല്‍പ്പന്നങ്ങളുടെ സുഗന്ധം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ എത്തുമ്പോള്‍ രാജ്യം സന്തോഷിക്കുകയാണ്. ഇന്ന് ഇന്ത്യയുടെ വയലുകളില്‍ വളരുന്ന പച്ചക്കറികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും ലോകത്തില്‍ ഒരു രുചി വളര്‍ന്നുവരികയാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഇന്നത്തെ ഗ്രാമങ്ങളുടെ കഴിവുകള്‍ ഉയര്‍ത്തുന്നതിനുള്ള സംരംഭങ്ങളുടെ ഒരു ഉദാഹരണമാണ് സ്വാമിത്വ യോജന. ഗ്രാമങ്ങളിലെ ഭൂമിയുടെ വിലയ്ക്ക് എന്ത് സംഭവിക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നിരവധി വര്‍ഷങ്ങളായി ഗ്രാമങ്ങളിലെ ഭൂമിയുടെ രേഖകളുടെ അനുശ്രണമായി ഒരു ജോലിയും നടക്കാത്തതിനാല്‍ ഭൂമിയുടെ ഉടമകളായിട്ടും അവര്‍ക്ക് ഭൂമിയുടെ അടിസ്ഥാനത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നില്ല. ആളുകള്‍ക്ക് ഈ സംവിധാനം ഇല്ല. ഈ അവസ്ഥ മാറ്റാനാണ് സ്വാമിത്വ പദ്ധതി ശ്രമിക്കുന്നത്. ഇന്ന് എല്ലാ ഗ്രാമങ്ങളും എല്ലാ വീടുകളും എല്ലാ ഭൂമിയും ഡ്രോണുകളിലൂടെ മാപ്പ് ചെയ്യപ്പെടുന്നു. ഗ്രാമങ്ങളിലെ ഭൂമിയുടെ വിവരങ്ങളും വസ്തുവകകളുടെ കടലാസുകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യും. ഇതോടെ, ഗ്രാമങ്ങളിലെ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചുവെന്ന് മാത്രമല്ല, ഗ്രാമത്തിലെ ആളുകള്‍ക്ക് ബാങ്കുകളില്‍ നിന്ന് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനുള്ള ഒരു സംവിധാനവും സൃഷ്ടിക്കപ്പെട്ടു. ഗ്രാമത്തിലെ പാവപ്പെട്ടവരുടെ ഭൂമി തര്‍ക്കങ്ങളേക്കാള്‍ വികസനത്തിന്റെ അടിത്തറയായിരിക്കണം. രാജ്യം ഇന്ന് അതേ ദിശയിലാണ് നീങ്ങുന്നത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
സ്വാമി വിവേകാനന്ദന് ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഭാരതാംബയുടെ മഹത്വം തന്റെ കണ്ണുകള്‍ക്ക് മുന്നില്‍ കാണുമ്പോള്‍, അദ്ദേഹം പറയുമായിരുന്നു- കഴിയുന്നത്ര ഭൂതകാലത്തിലേക്ക് നോക്കാന്‍ ശ്രമിക്കുക. അവിടെ എപ്പോഴും ഒഴുകുന്ന പുതിയ നീരുറവയിലെ വെള്ളം കുടിക്കുക, അതിനുശേഷം മുന്നോട്ട് നോക്കുക. മുന്നോട്ട് പോയി ഇന്ത്യയെ മുമ്പത്തേക്കാളും തിളക്കമാര്‍ന്നതും മഹത്വമുള്ളതും മികച്ചതുമാക്കി മാറ്റുക. സ്വാതന്ത്ര്യത്തിന്റെ ഈ 75 -ാം വര്‍ഷത്തില്‍, രാജ്യത്തിന്റെ അപാരമായ സാദ്ധ്യതകളില്‍ വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടത് നമ്മുടെ കടമയാണ്. പുതിയ തലമുറ പശ്ചാത്തലസൗകര്യത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കണം; ലോകോത്തര നിര്‍മ്മാണത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കണം; അത്യന്താധുനിക നൂതനാശയങ്ങള്‍ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കണം; പുതിയ കാലത്തെ സാങ്കേതികവിദ്യയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ആധുനിക ലോകത്തിലെ പുരോഗതിയുടെ അടിസ്ഥാനം ആധുനിക അടിസ്ഥാനസൗകര്യങ്ങളിലാണ്. ഇതു മധ്യവര്‍ഗത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നു. ദുര്‍ബലമായ അടിസ്ഥാനസൗകര്യങ്ങള്‍ വികസനത്തിന്റെ വേഗതയെ തടസ്സപ്പെടുത്തുന്നു, നഗരത്തിലെ മധ്യവര്‍ഗം കഷ്ടപ്പെടുകയും ചെയ്യുന്നു.
അടുത്ത തലമുറ അടിസ്ഥാനസൗകര്യങ്ങള്‍ക്കും ലോകോത്തര ഉല്പാദനത്തിനും നൂതന കണ്ടുപിടിത്തത്തിനും നവയുഗ സാങ്കേതികവിദ്യയ്ക്കുമായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഈ ആവശ്യം തിരിച്ചറിഞ്ഞ്, കടല്‍, കര മുതല്‍ ആകാശം വരെയുള്ള എല്ലാ മേഖലകളിലും അസാധാരണ വേഗതയും അളവും രാജ്യം പ്രകടമാക്കിയിട്ടുണ്ട്. പുതിയ ജലപാതകളുടെ വികസനമായാലും പുതിയ സ്ഥലങ്ങളെ ജലവിമാനങ്ങളുമായി ബന്ധിപ്പിക്കുന്നതായാലും ദ്രുതഗതിയിലുള്ള പുരോഗതിയാണു നടക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയും അതിന്റെ ആധുനിക രൂപങ്ങളുമായി അതിവേഗം പൊരുത്തപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കാന്‍ രാജ്യം തീരുമാനിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവം 75 ആഴ്ച ആഘോഷിക്കാന്‍ നാം തീരുമാനിച്ചതായി നിങ്ങള്‍ക്കറിയാം. ഇത് മാര്‍ച്ച് 12നു തുടങ്ങി 2023 ഓഗസ്റ്റ് 15 വരെ തുടരും. നമുക്ക് പുതിയ ആവേശത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിനാലാണ് രാജ്യം വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തിരിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഈ 75 ആഴ്ചകളില്‍, 75 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തിന്റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കും. രാജ്യത്ത് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്ന വേഗതയും വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഉഡാന്‍ പദ്ധതിയും അഭൂതപൂര്‍വമാണ്. മെച്ചപ്പെട്ട വ്യോമബന്ധം ആളുകളുടെ സ്വപ്നങ്ങള്‍ക്ക് എങ്ങനെ പുതിയ ചിറകുകള് നല്‍കുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ക്കൊപ്പം, അടിസ്ഥാനസൗകര്യ നിര്‍മ്മാണത്തില്‍ സമഗ്രവും സംയോജിതവുമായ സമീപനം സ്വീകരിക്കേണ്ടത് വളരെ ആവശ്യമാണ്. സമീപഭാവിയില്‍, ഞങ്ങള്‍ പ്രധാനമന്ത്രി ‘ഗതി ശക്തി’യുടെ ദേശീയ തലത്തിലുള്ള ബൃഹത് പദ്ധതി തുടങ്ങാന്‍ പോവുകയാണ്. അത് ഒരു വലിയ പദ്ധതിയും കോടിക്കണക്കിന് രാജ്യവാസികളുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതുമാണ്. 100 ലക്ഷം കോടി രൂപയിലധികം വരുന്ന ഈ പദ്ധതി ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
ഗതി ശക്തി നമ്മുടെ രാജ്യത്തിനായുള്ള ഒരു ദേശീയ അടിസ്ഥാനസൗകര്യ ബൃഹദ് പദ്ധതി ആയിരിക്കും. അത് സമഗ്ര അടിസ്ഥാന സൗകര്യങ്ങളുടെ അടിത്തറയിടുകയും നമ്മുടെ സമ്പദ്വ്യവസ്ഥയെ് സമഗ്രവും സംയോജിതവുമായ പാതയിലേക്ക് നയിക്കുകയും ചെയ്യും. ഇപ്പോള്‍, നമ്മുടെ ഗതാഗത മാര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഏകോപനമില്ല. ഗതി ശക്തി പരമ്പരാഗത അറകള്‍ തകര്‍ക്കും. ഈ തടസ്സങ്ങളെല്ലാം നീക്കം ചെയ്യും. ഇത് സാധാരണക്കാരന്റെ യാത്രാ സമയം കുറയ്ക്കുകയും നമ്മുടെ വ്യവസായങ്ങളുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ പ്രാദേശിക നിര്‍മ്മാതാക്കളെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതരാക്കുന്നതിലും ഗതി ശക്തി ഒരുപാട് മുന്നോട്ട് പോകും. ഭാവി സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ വികസിപ്പിക്കുകയും ചെയ്യും. ഈ ദശകത്തില്‍, വേഗതയുടെ ശക്തിയാണ് ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ അടിസ്ഥാനം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
വികസനത്തിന്റെ പാതയില്‍ മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യ അതിന്റെ നിര്‍മ്മാണവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
വികസനത്തിന്റെ പാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍, ഇന്ത്യ അതിന്റെ നിര്‍മ്മാണവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഇന്ത്യ തങ്ങളുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കടലില്‍ പരീക്ഷണത്തിന് വിക്ഷേപിച്ചതിന് നിങ്ങള്‍ സാക്ഷിയാണ്. ഇന്ന് ഇന്ത്യ സ്വന്തമായി തദ്ദേശീയ യുദ്ധവിമാനം നിര്‍മ്മിക്കുന്നു, സ്വന്തം അന്തര്‍വാഹിനിയും. ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയര്‍ത്താന്‍ ഗഗന്യാന് പദ്ധതിയുണ്ട്. തദ്ദേശീയ നിര്‍മ്മാണത്തിലെ നമ്മുടെ അപാരമായ കഴിവുകള്‍ക്ക് ഇത് തന്നെ തെളിവാണ്.
കൊറോണ കാരണം ഉയര്‍ന്നുവന്ന പുതിയ സാമ്പത്തിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ, ഇന്ത്യയില്‍ നിര്‍മിക്കൂ പ്രചാരണ പരിപാടി ഏകീകരിക്കുന്നതിന് രാജ്യം ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ നടപ്പാക്കുന്ന മാറ്റത്തിന്റെ ഉദാഹരണമായി ഇലക്ട്രോണിക് നിര്‍മ്മാണ മേഖല നിലകൊള്ളുന്നു. ഏഴ് വര്‍ഷം മുമ്പ് നാം ഏകദേശം എണ്ണൂറു കോടി ഡോളര്‍ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്തിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ ഇറക്കുമതി ഗണ്യമായി കുറഞ്ഞെങ്കിലും നാം മുന്നൂറു കോടി ഡോളര്‍ വിലമതിക്കുന്ന മൊബൈല്‍ ഫോണുകളും കയറ്റുമതി ചെയ്യുന്നു.
ഇന്ന്, നമ്മുടെ നിര്‍മ്മാണ മേഖല ഊര്ജ്ജസ്വലമാകുമ്പോള്, നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇന്ത്യയില്‍ നാം ഉണ്ടാക്കുന്നതെന്തും ഉയര്‍ന്ന നിലവാരമുള്ള നിലവാരത്തിലുള്ളതായിരിക്കണം എന്നതിലാണ്. അങ്ങനെ ആഗോള മത്സരത്തില്‍ നിലനില്ക്കാന് കഴിയും. മാത്രമല്ല, സാധ്യമെങ്കില്‍ നമ്മള് ഒരു ചുവട് മുന്നോട്ട് പോവുകയും ആഗോള വിപണിക്കായി സ്വയം തയ്യാറാകാന്‍ മുന്‍കൈയെടുക്കുകയും വേണം. നാം അത് ലക്ഷ്യം വയ്ക്കണം. രാജ്യത്തെ എല്ലാ നിര്‍മ്മാതാക്കളോടും ഞാന്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ വിദേശത്ത് വില്‍ക്കുന്ന ഉല്‍പ്പന്നം നിങ്ങളുടെ കമ്പനി നിര്‍മ്മിച്ച ഒരു ഉല്‍പ്പന്നം മാത്രമല്ല, അത് നമ്മുടെ രാഷ്ട്രത്തിന്റെ, ഇന്ത്യയുടെ അന്തസ്സും നമ്മുടെ രാജ്യത്തെ പൗരന്മാരായ എല്ലാവരുടെയും വിശ്വാസവുമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ
അതുകൊണ്ടാണ് നിങ്ങളുടെ എല്ലാ ഉത്പന്നങ്ങളും ഇന്ത്യയുടെ ഒരു ബ്രാന്‍ഡ് അംബാസഡര്‍ ആണെന്ന് ഞാന്‍ ഞങ്ങളുടെ എല്ലാ നിര്‍മ്മാതാക്കളോടും പറയുന്നത്. ആരെങ്കിലും നിങ്ങളുടെ ഉല്‍പ്പന്നം വാങ്ങി ഉപയോഗിക്കുമ്പോള്‍, ഉപഭോക്താവ് അഭിമാനത്തോടെ പറയണം- ‘ഇത് ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്’. അതാണ് നമുക്ക് വേണ്ടത്. നിങ്ങള്‍ എല്ലാവരും ഇപ്പോള്‍ ആഗോള വിപണിയില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ഗവണ്മെന്റ് പൂര്‍ണമായും നിങ്ങളോടൊപ്പമുണ്ട്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഇന്ന്, രാജ്യത്തിന്റെ വിവിധ മേഖലകളിലും രാജ്യത്തെ ചെറിയ ദ്വിതല, ത്രിതല നഗരങ്ങളിലും നിരവധി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രൂപപ്പെടുന്നു. ഇന്ത്യന്‍ ഉല്പന്നങ്ങള് അന്തര്‍ സംസ്ഥാന വിപണിയില്‍ പ്രവേശിക്കുന്നതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്. അവര്‍ക്ക് സാമ്പത്തിക സഹായം, ഇളവുകള്‍, നിയമങ്ങള്‍ ലഘൂകരിക്കല്‍ എന്നിവ നല്കി ഗവണ്മെന്റ് പൂര്‍ണമായും അവരോടൊപ്പമുണ്ട്. കൊറോണയുടെ ഈ പ്രയാസകരമായ കാലഘട്ടത്തില്‍ ആയിരക്കണക്കിന് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നത് നമ്മള് കണ്ടു. അവര്‍ വലിയ വിജയത്തോടെ മുന്നേറുകയാണ്. പഴയകാല സ്റ്റാര്‍ട്ടപ്പുകള്‍ ഇന്നത്തെ യൂണികോണുകളായി മാറുകയാണ്. അവരുടെ വിപണി മൂല്യം ആയിരക്കണക്കിന് കോടി രൂപയില്‍ എത്തുന്നു.
ഇവരാണ് ഇന്ന് നമ്മുടെ രാജ്യത്തെ പുതിയ തരം സമ്പത്ത് സ്രഷ്ടാക്കള്‍. അവരുടെ അദ്വിതീയ ആശയങ്ങളുടെ ശക്തിയോടെ അവര്‍ സ്വന്തം കാലില്‍ നില്ക്കുന്നു, ലോകം കീഴടക്കുക എന്ന സ്വപ്നവുമായി മുന്നോട്ട് നീങ്ങുകയും കുതിക്കുകയും ചെയ്യുന്നു. അവര്‍ പുതിയ തരം സമ്പത്ത് സ്രഷ്ടാക്കളാണ്. അവരുടെ അദ്വിതീയ ആശയങ്ങളുടെ ശക്തിയിലും ലോകത്തെ ജയിക്കാനുള്ള സ്വപ്നത്തിലുമാണ് അവര്‍ നീങ്ങുന്നത്. ഈ ദശകത്തില്‍, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകളെയും സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെയും ലോകത്തിലെ ഏറ്റവും മികച്ചതാക്കാന്‍ നമ്മള് വിശ്രമമില്ലാതെപ്രവര്‍ത്തിക്കേണ്ടതുണ്ട്.
എന്റെ നാട്ടുകാരെ,
വലിയ മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരാന്‍ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഇന്ത്യയില്‍ രാഷ്ട്രീയ ഇച്ഛാശക്തിക്ക് ക്ഷാമമില്ലെന്ന് ലോകം ഇന്ന് സാക്ഷ്യപ്പെടുത്തുന്നു. പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ നല്ലതും ബുദ്ധിപരവുമായ ഭരണം ആവശ്യമാണ്. ഇന്ത്യ എങ്ങനെയാണ് ഭരണത്തിന്റെ ഒരു പുതിയ അധ്യായം ഇവിടെ എഴുതുന്നത് എന്നതിന് ഇന്ന് ലോകവും സാക്ഷിയാണ്. ‘അമൃത് കാല’ത്തിന്റെ ഈ ദശകത്തില്‍, അടുത്ത തലമുറ പരിഷ്കാരങ്ങള്‍ക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കും. സേവന വിതരണം പോലുള്ള എല്ലാ സൗകര്യങ്ങളും അവസാന നാഴികക്കല്ലു വരെ പൗരന്മാരിലേക്ക് എത്തുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും; ഒരു മടിയും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും കൂടാതെ അത് അവസാനത്തെ വ്യക്തിയില്‍ തടസ്സമില്ലാതെ എത്തണം. രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന്, ജനങ്ങളുടെ ജീവിതത്തില്‍ ഗവണ്മെന്റിന്റെയും ഗവണ്മെന്റ് പ്രക്രിയകളുടെയും അനാവശ്യമായ ഇടപെടലുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്.
നേരത്തെ, ഗവണ്മെന്റുതന്നെ ഡ്രൈവിംഗ് സീറ്റിലായിരുന്നു. അതായിരുന്നിരിക്കാം അക്കാലത്തെ ആവശ്യം. എന്നാല്‍ ഇപ്പോള്‍ കാലം മാറി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ അനാവശ്യ നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും വലയില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും രാജ്യത്ത് ശക്തമായിട്ടുണ്ട്. ഇതുവരെ രാജ്യത്തെ നൂറുകണക്കിന് പഴയ നിയമങ്ങള്‍ നിര്‍ത്തലാക്കി. കൊറോണ മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ പോലും, സര്‍ക്കാര്‍ 15,000 ത്തിലധികം നിബന്ധനകള്‍ നിര്‍ത്തലാക്കി. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ചെറിയ ഗവണ്മെന്റ് ജോലിക്കായി നിങ്ങള്‍ക്ക് ധാരാളം ബുദ്ധിമുട്ടുകളും കടലാസ് പ്രവര്‍ത്തനങ്ങളും അനുഭവപ്പെട്ടിരിക്കാം. ഇതുവരെയുള്ള സ്ഥിതി അതായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ 15,000 നിബന്ധനകള്‍ അവസാനിപ്പിച്ചത്.
സങ്കല്‍പ്പിച്ചുനോക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം നല്കാന് ആഗ്രഹിക്കുന്നു. 200 വര്‍ഷത്തിലേറെയായി, അതായത് 1857 -ന് മുമ്പുതന്നെ ഇന്ത്യയില്‍ ഒരു നിയമം നിലവിലുണ്ട്. ഈ നിയമം അനുസരിച്ച്, രാജ്യത്തെ പൗരന്മാര്ക്ക് മാപ്പുകള്‍ സൃഷ്ടിക്കാന്‍ അവകാശമില്ല. അത് 1857 മുതല്‍ നിലവിലുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഒരു ഭൂപടം സൃഷ്ടിക്കണമെങ്കില്‍, ഗവണ്മെന്റില് നിന്ന് അനുമതി തേടുക, നിങ്ങള്‍ക്ക് ഒരു പുസ്തകത്തില്‍ മാപ്പ് അച്ചടിക്കണമെങ്കില്‍, ഗവണ്മെന്റി നിന്ന് അനുമതി തേടുക എന്നിങ്ങനെ മാപ്പ് നഷ്ടപ്പെട്ടാല്‍ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥയുണ്ട്. ഇപ്പോള്‍ എല്ലാ ഫോണുകളിലും ഒരു മാപ്പ് ആപ്പ് ഉണ്ട്. ഉപഗ്രഹങ്ങള്‍ക്ക് വളരെയധികം ശക്തിയുണ്ട്! പിന്നെ എങ്ങനെയാണ് ഇത്തരം നിയമങ്ങളുടെ ഭാരം കൊണ്ട് നമ്മള് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുക? അനുസരണകളുടെ ഈ ഭാരം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. മാപ്പിംഗ്, ബഹിരാകാശം്, വിവര സാങ്തിക വിദ്യ, ബിപിഒ തുടങ്ങി വിവിധ മേഖലകളിലെ നിരവധി നിയന്ത്രണങ്ങള്‍ ഞങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
അനാവശ്യ നിയമങ്ങളുടെ പിടിയില്‍ നിന്നുള്ള സ്വാതന്ത്ര്യം ജീവിതത്തിന്റെയും വ്യവസായങ്ങളുടെയും എളുപ്പത്തിന് വളരെ പ്രധാനമാണ്. നമ്മുടെ രാജ്യത്തെ വ്യവസായങ്ങളും വ്യാപാരങ്ങളും ഇന്ന് ഈ മാറ്റം അനുഭവിക്കുന്നു.
ഇന്ന് ഡസന്‍ കണക്കിന് തൊഴില്‍ നിയമങ്ങള്‍ വെറും 4 കോഡുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നികുതി സംബന്ധമായ ക്രമീകരണങ്ങളും എളുപ്പമാക്കി. ഇപ്പോള്‍ മുഖം നോക്കാത്തതായിത്തീര്‍ന്നിരിക്കുന്നു. പരിഷ്കാരങ്ങള്‍ ഗവണ്മന്റില് മാത്രമായി പരിമിതപ്പെടേണ്ടവയല്ല. ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും നഗരസഭകളും വരെ അത് ഇറങ്ങിച്ചെല്ലുന്നതിന് നാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും അവലോകനം ചെയ്യുന്നതിനായി ഒരു പ്രചാരണപരിപാടി ആരംഭിക്കാന്‍ എല്ലാ കേന്ദ്ര, സംസ്ഥാന വകുപ്പുകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് തടസ്സവും ഭാരവും ആയിത്തീര്‍ന്ന എല്ലാ നിയമങ്ങളും ഓരോ പ്രക്രിയയും നമുക്ക് ഒഴിവാക്കണം. 70-75 വര്‍ഷങ്ങളില്‍ ശേഖരിച്ചത് ഒരു ദിവസത്തിലോ ഒരു വര്‍ഷത്തിലോ ഇല്ലാതാകില്ലെന്ന് എനിക്കറിയാം. എന്നാല്‍ നാം ഒരു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയാണെങ്കില്‍, നമുക്ക് ഇത് തീര്‍ച്ചയായും ചെയ്യാന്‍ കഴിയും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഇത് മനസ്സില്‍ വച്ചുകൊണ്ട്, ഉദ്യോഗസ്ഥ സംവിധാനത്തില്‍ ജനകേന്ദ്രീകൃത സമീപനം വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗവണ്മെന്റ് ‘മിഷന് കര്‍മ്മയോഗി’യും ശേഷി നിര്‍മ്മാണ കമ്മീഷനും ആരംഭിച്ചു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
നമ്മുടെ വിദ്യാഭ്യാസവും വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാഭ്യാസ പാരമ്പര്യവും യുവാക്കളെ സജ്ജരാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു, നൈപുണ്യവും മികവും കൈവശമുള്ളവരും, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള മനസ്സ് ഉള്ളവരുമാണ് അവര്‍. 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ന് രാജ്യത്ത് ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഉണ്ട്. ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ നൈപുണ്യത്തിന്റെ അഭാവം മൂലം അവസാനിപ്പിക്കുകയോ ഭാഷാ തടസ്സങ്ങളാല്‍ ബന്ധിക്കപ്പെടുകയോ ചെയ്യില്ല. നിര്‍ഭാഗ്യവശാല്‍, ഭാഷയുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് വലിയൊരു ഭിന്നതയുണ്ട്. നാടിന്റെ ഒരു വലിയ പ്രതിഭയെ നാം ഭാഷയുടെ കൂട്ടില്‍ ബന്ധിച്ചിരിക്കുന്നു. ഭാവിയുടെ പ്രതീക്ഷയായ ആളുകളെ മാതൃഭാഷയില്‍ നിന്നു കണ്ടെത്താനാകും. പ്രാദേശിക ഭാഷയില്‍ നിന്നുള്ള ആളുകള്‍ മുന്നോട്ട് വന്നാല്‍ അവരുടെ ആത്മവിശ്വാസം വളരും. പാവപ്പെട്ട കുട്ടികളുടെ മാതൃഭാഷയില്‍ പഠിക്കുന്നതിലൂടെ അവര്‍ പ്രൊഫഷണലുകളാകുമ്പോള്‍ അവരുടെ കഴിവുകളോട് നീതി പുലര്‍ത്തപ്പെടും.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ഉപകരണം ഭാഷയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു തരത്തില്‍ ഈ പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയവും ദാരിദ്ര്യത്തിനെതിരെ പോരാടനുള്ള ഉത്കൃഷ്ടമായ ഉപകരണമാകാന്‍ പോവുകയാണ്. ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടം വജയിക്കാനുള്ള അടിസ്ഥാനവും വിദ്യാഭ്യാസം തന്നെ. അതയത് പ്രാദേശിക ഭാഷയുടെ മാന്യതയും പ്രാധാന്യവും. രാജ്യം ഇത് കളിക്കളത്തില്‍ കണ്ടു കഴിഞ്ഞു. ഭാഷ ഒരു പ്രതിബന്ധമേ അല്ല എന്നു നാം അനുഭവിച്ചിരിക്കുന്നു. അതിന്റെ ഫലമായി രാജ്യത്തെ യുവാക്കള്‍ കളിച്ചു വിടരുന്നതും നാം കണ്ടു. ഇനി ജീവിതത്തിന്റെ മറ്റു മേഖലകളിലും ഇതു തന്നെ സംഭവിക്കും.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ മറ്റൊരു പ്രത്യേക സവിശേഷത പാഠ്യേതര വിഷയങ്ങള്‍ക്കു പകരം കളികളും വിദ്യാഭ്യസ പൊതു ധാരയുടെ ഭാഗമായിരിക്കുന്നു എന്നതാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവും കളികള്‍ തന്നെ. ജീവിതം പൂ്#ണമാകുന്നതിന് ജീവിത്തില്‍ കളികള്‍ വളരെ പ്രധാനപ്പെട്ടതു തന്നെ. കളികള്‍ വിദ്യാഭ്യാസ പൊതു ധാരയുടെ ഭാഗമായി പരിഗണിക്കാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കളിക്കാന്‍ പോകുന്നത് ജീവിതത്തില്‍ സമയം പാഴാക്കുന്ന ഏര്‍പ്പാടായി മാതാപിതാക്കളും കരുതിയിരുന്നു. ഇന്ന് ശാരീരിക ആരോഗ്യത്തെ കുറിച്ചു കളികളെ കുറിച്ചും പുതിയ അവബോധം വന്നിരിക്കുന്നു. നാം ഇത് ഒളിമ്പിക്സില്‍ കാണുകയും അനുഭവിക്കുകയും ചെയതതാണ്. ഈ മാറ്റം നമുക്ക് വലിയ ഒരു വഴിത്തിരിവാണ്. അതുകൊണ്ടാണ് രാജ്യത്തെ സ്പോര്‍ട്സ് മേഖലയില്‍ കഴിവും സാങ്കേതിക വിദ്യയും തൊഴില്‍പരമായ വൈദഗ്ധ്യവും നിറയ്ക്കാനുള്ള പ്രചാരണം നമുക്ക് ത്വരിതപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസം, കളികള്‍, ബോര്‍ഡ് പരീക്ഷകള്‍, ഒളിമ്പിക്സ് എന്നിവയിലെല്ലാം രാജ്യത്തിന്റെ പുത്രിമാര്‍ അഭൂതപൂര്‍വമായ പ്രകടനം കാഴ്ച്ചവച്ചു എന്നത് നമുക്ക് അഭിമാനിക്കാന്‍ വക നല്കുന്നു. ഇന്ന് പുത്രിമാര്‍ അവരുടെ സ്ഥാനം ഉറപ്പിക്കാന്‍ പതിവില്ലാത്ത വിധം എത്തുകയാണ്. സ്ത്രീകള്‍ക്ക് എല്ലാ തൊഴിലിലും തൊഴിലിടങ്ങളിലും തുല്യ പങ്കാളിത്തം നാം ഉറപ്പാക്കേണ്ടതുണ്ട്. റോഡ് മുതല്‍ തൊഴിലിടം വരെ എല്ലായിടത്തും അവര്‍ സുരക്ഷിതരാണ് എന്ന് നാം ഉറപ്പാക്കണം.അവരെ നാം ആദരിക്കണം, അതിന് ഗവണ്മെന്റും ഭരണാധികാരികളും പൊലീസും നീതിന്യായ വ്യവസ്ഥിതിയും അവരുടെ ജോലി നൂറു ശതമാനവും നിര്‍വഹിക്കണം. നാം ഈ പ്രതിജ്ഞയെടുക്കണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലെ പ്രതിജ്ഞ.
ഇന്ന് രാജ്യത്തെ പൗരന്മാരുമായി ഞാന്‍ ഒരു സദ് വാര്‍ത്ത പങ്കിടുകയാണ്. സൈനിക സ്കൂളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ആവശ്യവുമായി എനിക്ക് ലക്ഷക്കണക്കിന് സന്ദേശങ്ങളാണ് നമ്മുടെ പെണ്മക്കള് അയക്കുന്നത്. സൈനിക സ്കൂളുകളുടെ വാതിലുകള്‍ അവര്‍ക്കു മുന്നിലും തുറക്കണം. ഇതിന്റെ പ്രാരംഭം എന്ന നിലയില്‍ മിസോറാമിലെ സൈനിക സ്കൂളില്‍ രണ്ടര വര്‍ഷം മുമ്പ് നമ്മുടെ പെണ്മക്കള്ക്ക് നാം പ്രവേശനം നല്കുകയുണ്ടായി. രാജ്യത്തെ എല്ലാ സൈനിക സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്കാന് ഇപ്പോള്‍ ഗവണ്മെന്റ് തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്തെ സൈനിക സ്കൂളുകളില്‍ പെണ്മക്കളും പഠിക്കട്ടെ.
ദേശീയ സുരക്ഷപോലെ തന്നെ പാരിസ്ഥിതിക സുരക്ഷയും ലോകമെങ്ങും പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നു. ജൈവവൈവിധ്യമാകട്ടെ, നിഷ്പക്ഷ ഭൂമിയാകട്ടെ, കാലാവസ്ഥാ വ്യതിയാനമാകട്ടെ, മാലിന്യ പുന ചംക്രമണമാകട്ടെ, ഡൈവ കൃഷിയും ബയോഗ്യാസാകട്ടെ, ഊര്‍ജ്ജ സംരക്ഷണമാകട്ടെ. ശുദ്ധ ഈര്‍ജ്ജ പരിവര്‍ത്തനമാകട്ടെ. ഇന്ന് ഇന്ത്യ പാരിസ്ഥിതിക സുരക്ഷയുടെ ശക്തമായ ശബ്ദമായിരിക്കുന്നു. പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നടത്തിയ പരിശ്രമങ്ങള്‍ ഇന്നു ഫലം കണ്ടു തുടങ്ങയിരിക്കുന്നു. വനവിസ്തൃതിയിലും ദേശീയോദ്യാനങ്ങളുടെ എണ്ണത്തിലും, സിംഹം കടുവ എന്നിവയുടെ എണ്ണത്തിലും നമ്മുടെ രാജ്യത്ത് വര്‍ധന ഉണ്ടായിരിക്കുന്നു എന്നത് പൗരന്മാരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യമാണ്.
ഈ വിജയങ്ങള്‍ക്കെല്ലാമിടയിലും ഒരു സത്യം നാം ഗ്രഹിക്കേണ്ടതുണ്ട്. ഇന്ത്യ ഇപ്പോഴും ഊര്‍ജ്ജ പര്യാപ്തത നേടിയിട്ടില്ല. ഊര്‍ജ്ജം ഇറക്കുമതി ചെയ്യുന്നതിനായി പ്രതിവര്‍ഷം ഇന്ത്യ 12 ലക്ഷം കോടി രൂപ ചെലവഴിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കും ഒരു സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയുടെ ഊര്‍ജ്ജ സ്വയം പര്യാപ്തത ഇപ്പോള്‍ അടിയന്തിര ആവശ്യമായിരിക്കുന്നു. അതിനാല്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികത്തിലെത്തുന്നതിന് മുമ്പായി ഇന്ത്യയെ ഊര്‍ജ്ജ സ്വയം പര്യാപ്തമാക്കുന്നതിന് നാം പ്രതിജ്ഞയെടുക്കണം. അതിനുള്ള നമ്മുടെ മാര്‍ഗ രേഖയും വളരെ വ്യക്തമാണ്. അത് വാതകാധിഷ്ടിത സമ്പദ് വ്യവസ്ഥയാകണം. രാജ്യത്തുടനീളം ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും പൈപ്പ് ലൈന്‍ പ്രകൃതി വാതകത്തിന്റെയും വിതരണ ശ്യംഖല ഉണ്ടാവണം. 20 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യം ഉണ്ടാവണം. ഒരു ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. വൈദ്യുതി വാഹനങ്ങളുടെ കാര്യത്തിലും ഇന്ത്യ മുന്നേറുകയാണ്. റെയില്‍വെയുടെ 100 ശതമാനം വൈദ്യുതീകരണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. 2030 ല്‍ കാര്‍ബണ്‍ രഹിത റെയില്‍വെയാണ് നമ്മുടെ ലക്ഷ്യം. ഇതു കൂടാതെ രാജ്യം സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥ ദൗത്യത്തിനും ഊന്നല്‍ നല്കുന്നു. പഴയ വാഹനങ്ങള്‍ പൊളിക്കാനുള്ള നമ്മുടെ നയം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ന് ജി -20 രാജ്യങ്ങളില്‍ കാലാവസ്ഥ ലക്ഷ്യങ്ങള്‍ നേടുന്നതിനായി അതിവേഗം മുന്നേറുന്ന ഏക രാജ്യം ഇന്ത്യയാണ്.
ഈ പതിറ്റാണ്ടിന്റെ ഒടുവില്‍ 2030 ല്‍ ഇന്ത്യ 450 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം ലക്ഷ്യമിട്ടിരിക്കുന്നു. ഇതില്‍ 100 ജിഗാവാട്ട് ഇപ്പോള്‍ തന്നെ ഇന്ത്യ നേടി കഴിഞ്ഞിരിക്കുന്നു. ഈ പരിശ്രമങ്ങള്‍ ലോകത്തിനു തന്നെ വലിയ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ രൂപീകരണം ഇതിനുള്ള വലിയ ഉദാഹരണമാണ്. ഇന്ന് നാം നടത്തുന്ന എല്ലാ പരിശ്രമങ്ങളിലും ഇന്ത്യയ്ക്കു സഹായകമാകാന്‍ പോകുന്നത് കാലാവസ്ഥയുടെ കാര്യത്തിലെ ഹരിത ഹൈഡ്രജന്റെ കുതിപ്പാണ്. ഹരിത ഹൈഡ്രജന്‍ എന്ന ലക്ഷ്യം നേടുന്നതിന് ഈ ത്രിവര്‍ണ പതാകയെ സാക്ഷിയാക്കി ഞാന്‍ ഇന്ന് ദേശീയ ഹൈഡ്രജന്‍ ദൗത്യം പ്രഖ്യാപിക്കുകയാണ്. ഹരിത ഹൈഡ്രജന്റെ ഉല്പാദനത്തിലെ ആഗോള ഹബ്ബായി ഇന്ത്യയെ നമുക്ക് മാറ്റണം, കയറ്റുമതി ചെയ്യണം. ഇതിലൂടെ ഊര്‍ജ്ജ സ്വയം പര്യാപ്തതയില്‍ ഇന്ത്യ പുതിയ പുരോഗതി കൈവരിക്കുക മാത്രമല്ല, ശുദ്ധ ഊര്‍ജ്ജ മാറ്റത്തില്‍ ലോകത്തിനു മുഴുവന്‍ പുതിയ പ്രചോദനമാകുകയും ചെയ്യും. നമ്മുടെ നവസംരംഭങ്ങളിലെ യുവാക്കള്‍ക്ക് ഹരിത വളര്‍ച്ചയിലൂടെ ഹരിത തൊഴിലവസരങ്ങളും തുറക്കും.
എന്റെ സഹപൗരന്മാരെ,
ഇന്ന് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് വലിയ ലക്ഷ്യങ്ങള്‍ സൃഷ്ടിക്കാനും നേടാനും ഒരു പോലെ ശേഷിയുണ്ട്. പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമായി അഗ്നി ജ്വലിച്ചിരുന്ന മേഖലകളില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇന്ത്യ പരിഹരിച്ചു വരികയാണ്. അത് ചരിത്ര തീരുമാനമായ 370-ാം വകുപ്പിന്റെ റദ്ദാക്കല്‍ തീരുമനമാകട്ടെ, നികുതികളുടെ വലയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച ജിഎസ്ടി നടപ്പിലാക്കിയതാകട്ടെ, നമ്മുടെ ജവാന്മാര്ക്ക് ഒരു റാങ്കിന് ഒരു പെന്ഷന് എന്ന തീരുമാനമാകട്ടെ , രാമ ജന്മഭുമി പ്രശ്നത്തില്‍ സമാധാനപരമായ പരിഹാരമാകട്ടെ എല്ലാം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമായി നാം കണ്ടു.
പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ത്രിപുരയിലെ ബ്രൂ-റിയാങ് ഉടമ്പടിയോ, ഒ.ബി.സി കമ്മീഷന്റെ ഭരണഘടനാ പദവിയോ അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ജമ്മു കാശ്മീരില്‍ ബി.ഡി.സി, ഡി.ഡി.സി തെരഞ്ഞെടുപ്പുകളോ ആയിക്കോട്ടെ ഇന്ത്യയുടെ ഇച്ഛാശക്തി ഇത്തരത്തിലുള്ള എല്ലാ തീരുമാനങ്ങളും സാക്ഷാത്കരിക്കുകയാണ്.
കൊറോണയുടെ ഈ കാലത്ത് പോലും റെക്കോര്‍ഡ് വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വരികയാണ്. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരവും എക്കാലത്തെയും ഉയര്‍ന്ന നിലയിലുമാണ്. സര്‍ജിക്കല്‍, വ്യോമാക്രമണം നടത്തി രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് നവഇന്ത്യയുടെ ശക്തിയുടെ സന്ദേശവും ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇന്ത്യ മാറുകയാണെന്ന് ഇത് കാണിക്കുന്നു. ഇന്ത്യക്ക് മാറാന്‍ കഴിയും. ഇന്ത്യയ്ക്ക് ഏറ്റവും കഠിനമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും, ഏറ്റവും കടുപ്പമേറിയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പോലും അത് മടിക്കുകയോ അവസാനിക്കുകയോ ഇല്ല.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആഗോള ബന്ധങ്ങളുടെ സ്വഭാവം മാറി. കൊറോണയ്ക്ക് ശേഷം ഒരു പുതിയ ലോകക്രമത്തിന് സാദ്ധ്യതയുണ്ട്. കൊറോണക്കാലത്ത് ഇന്ത്യയുടെ ശ്രമങ്ങളെ ലോകം കാണുകയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ന് ലോകം ഇന്ത്യയെ ഒരു പുതിയ കാഴ്ചപ്പാടിലാണ് നോക്കുന്നത്. ഈ പരിപ്രേക്ഷ്യത്തിന് രണ്ട് പ്രധാന വശങ്ങളുണ്ട് – ഒന്ന് ഭീകരവാദവും മറ്റൊന്ന് വിപുലീകരണവാദവുമാണ്. ഇന്ത്യ ഈ രണ്ട് വെല്ലുവിളികളോടും പോരാടുകയാണ്, ഒപ്പം സംയമനത്തോടെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു. ഇന്ത്യക്ക് അതിന്റെ ഉത്തരവാദിതങ്ങള് കൃത്യമായി നിറവേറ്റണമെങ്കില്‍ നമ്മുടെ പ്രതിരോധ തയാറെടുപ്പും അതുപോലെ ശക്തമായിരിക്കണം.
നമ്മുടെ കഠിനാദ്ധ്വാനികളായ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാനും പ്രതിരോധ മേഖലയില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. രാജ്യത്തിന്റെ പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ സൈന്യത്തിന്റെ കൈകള്‍ ശക്തിപ്പെടുത്തുന്നതിന് സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഇന്ന് രാജ്യത്തെ മഹാനായ ചിന്തകനായ ശ്രീ അരബിന്ദോയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ 150 -ാം ജന്മവാര്‍ഷികം 2022-ല്‍ ആഘോഷിക്കും. ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ ദര്‍ശകനായിരുന്നു ശ്രീ അരബിന്ദോ. നമ്മള് മുമ്പെങ്ങുമില്ലാത്തവിധം ശക്തരായിരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. നാം നമ്മുടെ ശീലങ്ങള്‍ മാറ്റണം. നാം വീണ്ടും സ്വയം ഉണരണം. ശ്രീ അരബിന്ദോയുടെ ഈ വാക്കുകള്‍ നമ്മെ നമ്മുടെ കടമകളെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഒരു പൗരനെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും നാം രാജ്യത്തിന് എന്താണ് നല്‍കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. എല്ലായ്പ്പോഴും നാം അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ആ കാലഘട്ടത്തില്‍ അവ ആവശ്യമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ചുമതലകളാണ് നാം പരമപ്രധാനമാക്കേണ്ടത്. രാജ്യത്തിന്റെ പ്രതിജ്ഞകള്‍ നിറവേറ്റുന്നതില്‍ എല്ലാവരും സംഭാവന നല്‍കണം. ഓരോ പൗരനും ഇത് സ്വന്തമാക്കണം.
നമ്മുടെ രാജ്യം ജലസംരക്ഷണത്തിനുള്ള ഒരു സംഘടതിപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്, അതുകൊണ്ട് വെള്ളം സംരക്ഷിക്കുന്നത് നമ്മുടെ ശീലങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. രാജ്യം ഡിജിറ്റല്‍ ഇടപാടുകള്‍ക്കാണ് പ്രാധാന്യം നല്കുന്നതെങ്കില്, പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഏറ്റവും കുറച്ച് നടത്തേണ്ടത് നമ്മുടെ കടമയാണ്. ലോക്കല്‍ ഫോര്‍ വോക്കല്‍ എന്ന സംഘടിതപ്രവര്‍ത്തനം രാജ്യം ആരംഭിച്ചു കഴിഞ്ഞു, അതിനാല്‍ കഴിയുന്നത്ര പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടത് നമ്മുടെ കടമയാണ്. ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്ത രാജ്യമാക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിന്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ നദികളില്‍ അഴുക്കുകള്‍ വലിച്ചെറിയാതിരിക്കുകയും, നമ്മുടെ കടല്‍ത്തീരം വൃത്തിയായി സൂക്ഷിക്കുക എന്നതും നമ്മുടെ കടമയാണ്. ശുചിത്വ ഭാരത മിഷനെ മറ്റൊരു പുതിയ തലത്തിലേക്ക് നാം കൊണ്ടുപോകേണ്ടതുണ്ട്.
ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തില്‍ രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍, ഈ പരിപാടിയിലെല്ലാം ചേരുക, ഉത്സാഹത്തോടെ അതില്‍ പങ്കെടുക്കുക, നമ്മുടെ പ്രതിജ്ഞകള്‍ വീണ്ടും വീണ്ടും ജ്വലിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്. സ്വാതന്ത്ര്യസമരത്തെ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്, നിങ്ങള്‍ എത്ര കുറച്ചുചെയ്താലും….. എന്തുതന്നെയായാലും … അത് ഒരു തുള്ളി അമൃത് പോലെ ശുദ്ധമായിരിക്കുകയും, മാത്രമല്ല, നിരവധി ഇന്ത്യക്കാരുടെ ശുദ്ധ പരിശ്രമത്താല്‍ നിര്‍മ്മിച്ച ഈ അമൃത കുംഭം വരും വര്‍ഷങ്ങളില്‍ മുഴുവന്‍ രാജ്യത്തിന് പ്രചോദനമാകുകയും ചെയ്യും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഞാന്‍ ഭാഗ്യം പ്രവചിക്കുന്ന ആളല്ല, ഞാന്‍ പ്രവര്‍ത്തനത്തിലാണ് വിശ്വസിക്കുന്നത്. എന്റെ രാജ്യത്തെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്, രാജ്യത്തെ സഹോദരിമാരെയും രാജ്യത്തെ പെണ്മക്കളെയും രാജ്യത്തെ കര്‍ഷകരെയും രാജ്യത്തെ പ്രൊഫഷണലുകളെയും ഞാന്‍ വിശ്വസിക്കുന്നു. ഈ ” ചെയ്യാനാകും”
) തലമുറയ്ക്ക് അവർ ചിന്തിക്കുന്ന എല്ലാ ലക്ഷ്യങ്ങളും നേടാന്‍ കഴിയും.
2047 -ല്‍ സ്വാതന്ത്ര്യത്തിന്റെ 100 -ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആര്
പ്രധാനമന്ത്രിയായിരുന്നാലും … ഇന്ന് മുതല്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആര് പ്രധാനമന്ത്രിയായാലും, അദ്ദേഹം പതാക വിടര്‍ത്തുമ്പോള്‍ … ഞാന്‍ ഇന്ന് ഇത് ആത്മവിശ്വാസത്തോടെ പറയുന്നു രാജ്യം ഇന്ന് എടുക്കുന്ന പ്രതിജ്ഞയില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം അല്ലെങ്കില്‍ അവര്‍ തന്റെ പ്രസംഗത്തില്‍ കാലാനുസൃതമായി വിവരിക്കും … എന്ന് ഞാന്‍ വിശ്വസിക്കുന്നു, ഇത് വിജയത്തിലുള്ള എന്റെ ഉറച്ച വിശ്വാസമാണ്.
ഞാന്‍ ഇന്ന് ഒരു പ്രതിജ്ഞയുടെ രൂപത്തില്‍ സംസാരിക്കുന്നതെന്തും, 25 വര്‍ഷത്തിനുശേഷം പതാക ഉയര്‍ത്തുന്നവര്‍ ആരായാലും, നേട്ടങ്ങളുടെ രൂപത്തില്‍ അതേക്കുറിച്ച് സംസാരിക്കും. രാജ്യം ഈ നേട്ടങ്ങളെ അതിന്റെ മഹത്വത്തിന്റെ രൂപത്തില്‍ ആലപിക്കും. രാജ്യം എങ്ങനെയാണ് ഈ മഹത്വം കൈവരിച്ചതെന്ന് ഇന്നത്തെ യുവത്വവും അന്നു കാണും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, ഇന്ത്യയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതില്‍ നിന്ന് ഒരു തടസ്സത്തിനും നമ്മെ തടയാനാവില്ല. നമ്മുടെ ഊര്‍ജ്ജസ്വലതയാണ് നമ്മുടെ ശക്തി, നമ്മുടെ ഐക്യദാർഢ്യമാണ് നമ്മുടെ ശക്തി, നമ്മുടെ ഊര്‍ജ്ജം ആദ്യമായി രാഷ്ട്രത്തിന്റെ ആത്മാവാണ് – എപ്പോഴും ആദ്യം. ഇത് പങ്കിടുന്ന സ്വപ്നങ്ങളുടെ സമയമാണ്, ഇത് പങ്കുവച്ച പ്രതിജ്ഞകളുടെ സമയമാണ്, ഇത് പങ്കിട്ട ശ്രമങ്ങളുടെ സമയമാണ് … വിജയത്തിലേക്ക് നീങ്ങേണ്ട സമയമാണിത്.
അങ്ങനെ ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു-
ഇതാണ് സമയം,
ഇതാണ് സമയം .. ശരിയായ സമയം!
ഇന്ത്യയുടെ വിലപ്പെട്ട സമയം!
ഇതാണ് സമയം, ശരിയായ സമയം! ഇന്ത്യയുടെ വിലപ്പെട്ട സമയം!
എണ്ണമറ്റ ആയുധങ്ങളുടെ ശക്തി,
എണ്ണമറ്റ ആയുധങ്ങളുടെ ശക്തി,
എല്ലായിടത്തും ദേശസ്നേഹമുണ്ട്!
എണ്ണമറ്റ ആയുധങ്ങളുടെ ശക്തിയുണ്ട്, എല്ലായിടത്തും ദേശസ്നേഹമുണ്ട് …
വരൂ, എഴുന്നേക്കൂ ത്രിവര്‍ണ്ണ പതാക വിടര്‍ത്തൂ !
വരൂ, എഴുന്നേക്കൂ ത്രിവര്‍ണ്ണ പതാക വിടര്‍ത്തൂ !
ഇന്ത്യയുടെ ഭാഗധേയം പരിവര്‍ത്തിപ്പിക്കുക,
ഇന്ത്യയുടെ ഭാഗധേയം പരിവര്‍ത്തിപ്പിക്കുക,
ഇതാണ് സമയം, ശരിയായ സമയം! ഇന്ത്യയുടെ വിലപ്പെട്ട സമയം!
അവിടെ ഒന്നുമില്ല..
നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല,
നിങ്ങള്‍ക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല,
നിങ്ങള്‍ ഉണരുക …
നിങ്ങള്‍ ഉണരുക തുടങ്ങുക,
നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുക,
നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുക,
നിങ്ങളുടെ എല്ലാ കടമകളും മനസ്സിലാക്കുക,
നിങ്ങളുടെ എല്ലാ കടമകളും മനസ്സിലാക്കുക!
ഇതാണ് സമയം, ശരിയായ സമയം! ഇന്ത്യയുടെ വിലപ്പെട്ട സമയം!
രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, രാജ്യവാസികളുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമായി പരിവര്‍ത്തനപ്പെടുത്തണം; അതാണ് എന്റെ ആഗ്രഹം. എന്റെ ആശംസകളോടെ, 75 -ാമത് സ്വാതന്ത്ര്യദിനത്തില്‍ എല്ലാ ദേശവാസികളേയും ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു! നിങ്ങളുടെ മുഷ്ടി ഉയര്‍ത്തി ഉറക്കെ പറയുക-
ജയ് ഹിന്ദ്,
ജയ് ഹിന്ദ്,
ജയ് ഹിന്ദ്!
വന്ദേമാതരം,
വന്ദേമാതരം,
വന്ദേമാതരം!
ഭാരതമാതാവിന് ദീര്‍ഘായുസുണ്ടാകട്ടെ,
ഭാരതമാതാവിന് ദീര്‍ഘായുസുണ്ടാകട്ടെ,
ഭാരതമാതാവിന് ദീര്‍ഘായുസുണ്ടാകട്ടെ!
ഒത്തിരി നന്ദി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: