ആലപ്പുഴ: 75-ാമത് സ്വാതന്ത്ര്യ ദിനം വേറിട്ട രീതിയില്‍ ആഘോഷിക്കുകയാണ് ഐക്കോടെക് എന്ന വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട്അപ്! നമ്മുടെ ജലാശയങ്ങളെ അടക്കി വാഴുന്ന കുളവാഴ ഉപയോഗിച്ച് ത്രിവര്‍ണ പതാകയുടെ മൈക്രോ ആര്‍ട്ട് ആണ് ഇവര്‍ നിര്‍മ്മിച്ചത്. ആകെ 3.3 സെന്റീമീറ്റര്‍ നീളം ഉള്ള ഈ മാതൃക നിര്‍മ്മിച്ചത് ഉണങ്ങിയ കുളവാഴ തണ്ടുകളാലാണ്. ഒപ്പം താഴെയായി സല്യൂട്ട് ചെയ്ത് നില്ക്കുന്ന ഒരു സൈനികനും.
ഐക്കൊടെക് സിഇ!യും ആലപ്പുഴ സനാതന ധര്‍മ്മ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനുമായ വി. അനൂപ് കുമാര്‍ ആണ് പ്രധാന ശില്പി. ഇദ്ദേഹം കഴക്കൂട്ടം സൈനിക സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. കൂടാതെ 2010 ലെ ദല്‍ഹി റിപബ്ലിക് ദിന ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുമുണ്ട്.
കുളവാഴകാരണമുള്ള പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് അതിനെ ഉപയോഗത്തിലൂടെ മാത്രമേ അവയില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കു എന്ന ആശയം ആണ് ഐകൊടെക് ഇതിലൂടെ സമൂഹത്തോട് വിളിച്ച് പറയുന്നത്. കുളവാഴ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഹാന്‍ഡ് മെയ്ഡ് പേപര്‍, വിസിറ്റിംഗ് കാര്‍ഡ്, ചെടി നടീല്‍ ചട്ടികള്‍ എന്നിവ ആണ് പ്രധാന ഉത്പന്നങ്ങള്‍.
ഹരികൃഷ്ണ, ആര്യ എസ്, ലക്ഷ്മി കെ ബാബു, നിവേദിത എന്‍ പ്രഭു എന്നിവര്‍ ആണ് മറ്റ് സ്റ്റാര്‍ട്ടപ്പ് അംഗങ്ങള്‍. ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകന് ആയ ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ് സ്റ്റാര്‍ട്ടപ്പിന്റെ മെന്റര്‍. കേരള സര്‍ക്കാരിന്റെ യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം, കേരള സര്‍വകലാശാലയുടെ കേരള യൂണിവേഴ്സിറ്റി ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ എന്നീ പരിപാടികളില്‍ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുന്‍പും ഇതു പോലെ വ്യത്യസ്ഥമായ കലാസൃഷ്ടികളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് പ്ലാറ്റിനം ജൂബിലി നിറവില്‍ നില്ക്കുന്ന എസ്.ഡി. കോളേജിലെ ആദ്യ വിദ്യാര്‍ഥി സ്റ്റാര്‍ട്ട് അപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: