സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശവിരുദ്ധ-രാജ്യദോഹ നിലപാടുകള്‍, ബ്രിട്ടീഷ് പക്ഷത്താണ് അവര്‍ അണിനിരന്നത് എന്നതൊക്കെ, ചരിത്രത്തിന്റെ ഭാഗമാണിന്ന്. ഇന്ത്യയുടെ സ്വാതന്ത്ര്യമല്ല, കമ്മ്യുണിസ്റ്റ് റഷ്യയുടെ താല്പര്യമാണ് പ്രധാനം എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ കൈക്കൊണ്ടത്; അവരെ നയിച്ചത് വിദേശ താല്പര്യങ്ങളായിരുന്നു എന്നര്‍ത്ഥം. അങ്ങിനെയാണ് അവര്‍ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തത്. അത് കമ്മ്യുണിസ്റ്റ് സൈദ്ധാന്തികനായിരുന്ന കെ.ദാമോദരന്‍ തുറന്നു പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളില്‍ ഒരാളും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരന്‍, കേരള മാര്‍ക്സ് എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്
രണ്ടാം ലോകമഹായുദ്ധത്തില്‍ എന്ത് നിലപാടെടുക്കണം എന്നതിനെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളെക്കുറിച്ച് ‘കെ.ദാമോദരന്‍ – തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ – ഒരു ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പ്’ എന്ന പുസ്തകത്തില്‍ വ്യക്തമായി പറയുന്നു (പേജ് 169, 170 ). യുദ്ധവിരുദ്ധ നിലപാടാണ് അതുവരെ പാര്‍ട്ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ പിന്നീടത് മാറി. അടിസ്ഥാനപരമായി സോവിയറ്റ് യൂണിയനെ സഹായിക്കുക എന്നതായിരുന്നു തീരുമാനം. ബ്രിട്ടനും സോവിയറ്റ് യൂണിയനും ഒന്നിച്ചായതിനാല്‍ സായിപ്പിനെതിരെ ഒരു നീക്കവും പാടില്ല. അതായത്, സോവിയറ്റ് യൂണിയന് അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളോട് നിര്‍ദേശിച്ചത് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിലകൊള്ളാനാണ്; അതോടെ ക്വിറ്റ് ഇന്ത്യ സമരമടക്കമുള്ള ബ്രിട്ടീഷ് വിരുദ്ധ നീക്കങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തീരുമാനിച്ചു എന്ന യാഥാര്‍ഥ്യം കെ.ദാമോദരന്‍ ശരിവയ്ക്കുന്നു.
‘ബ്രിട്ടീഷ് സാമ്രാജ്യത്വം നല്കിയ നിയമ സാധുത്വം ഉപയോഗിച്ച് പുതിയ അംഗങ്ങളെ നേടാനും ട്രേഡ് യൂണിയന് രംഗത്തെ ശക്തി വര്‍ധിപ്പിക്കാനും കഴിഞ്ഞുവെന്നത് ശരി. പക്ഷെ അത് ജനകീയ സമരങ്ങളുടെ ഒഴുക്കിനെതിരായ നീന്തലായിരുന്നു. എല്ലാ നിലയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഖ്യശക്തിയായി പാര്‍ട്ടിയെ കാണാന്‍ അതിടയാക്കി എന്നതും വിസ്മരിച്ചു കൂടാ.’ എന്നും ദാമോദരന്‍ പറയുന്നു. മാത്രമല്ല, ‘ ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ഇടതുപക്ഷ ദേശീയവാദികളുടെ രോഷം തികച്ചും എനിക്ക് അനുഭവപ്പെട്ടു. ‘ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്താങ്ങികള് തുലയട്ടെ ‘ എന്ന് ഞങ്ങളുടെ യോഗസ്ഥലങ്ങളില്‍ വന്ന് അവര്‍ വിളിച്ചു പറയുമായിരുന്നു……..’.
‘ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തത് വഴി മുഖ്യധാരയില്‍നിന്ന് പാര്‍ട്ടി ഒറ്റപ്പെട്ടു. അഞ്ചാം പത്തികളെന്ന് മുദ്രകുത്തിയവര്‍ നായകന്മാരായി ഉയര്‍ന്നുവന്നു. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തെ കോണ്‍ഗ്രസിന് തളികയില്‍ വെച്ച് സമ്മാനിക്കുകയാണ് സിപിഐ ചെയ്തത്’ എന്നും ആ കമ്മ്യുണിസ്റ്റ് സൈദ്ധാന്തികന്‍ തുറന്നു പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണല്ലോ.
എന്നാല്‍ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ ഇക്കാര്യങ്ങളൊക്കെ വിലയിരുത്തുകയും സ്വാതന്ത്ര്യ സമരത്തിനെതിരെ എടുത്ത നിലപാടുകളെ ന്യായീകരിക്കുകയും ചെയ്തു എന്നതും ചരിത്രരേഖയാണ് ; ‘ലോകമഹായുദ്ധ കാലത്ത് ആഗോള തലത്തില്‍ നടന്നുകൊണ്ടിരുന്ന ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുമായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കണ്ണിചേര്ക്കേണ്ടതുണ്ടെന്ന ശരിയായ നിഗമനമായിരുന്നു പാര്‍ട്ടി എടുത്തത്’. ( ‘സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രം’- ചിന്ത പബ്ലിഷേഴ്സ്, പേജ് -28 )
പ്രതികരിക്കാൻ ഇവിടെ എഴുതുക: