വൈദേശികാധിപത്യത്തിന്റെ നുകം വലിച്ചെറിഞ്ഞ് ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ മറ്റൊരു വാര്‍ഷിക ദിനം മാത്രമല്ല ഈ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം. സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന് വിശ്വസിച്ച രാജ്യസ്നേഹികളായ ഒരു ജനതയും, അവരെ നയിച്ചവരും സ്വപ്നം കണ്ട ഭാരതത്തെ പടുത്തുയര്‍ത്താന്‍ രാഷ്ട്രനിര്‍മാണത്തിന്റെ ഏഴര പതിറ്റാണ്ടുകാലംകൊണ്ട് നമുക്ക് എത്രമാത്രം കഴിഞ്ഞു എന്നു ചിന്തിക്കുന്ന ആര്‍ക്കും സംതൃപ്തി ലഭിക്കാനിടയില്ല. സ്വാതന്ത്ര്യത്തോടൊപ്പം സംഭവിച്ച വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. വിഘടനവാദത്തിന്റെയും ശിഥിലീകരണത്തിന്റെയും ശക്തികള്‍ രംഗം വിടാന്‍ ഇപ്പോഴും വിസമ്മതിക്കുകയാണ്.
സ്വാതന്ത്ര്യാനന്തരം നാം ലക്ഷ്യംവച്ച വികസനവും പുരോഗതിയും ജനക്ഷേമവും ആറ് പതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഭ്രൂണഹത്യ ചെയ്യപ്പെട്ടു. കുടുംബവാഴ്ച കൊടികുത്തി വാണപ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും അരങ്ങു തകര്‍ത്തു. വൈദേശികാധിപത്യത്തിനെതിരെ പോരാടി പരിക്ഷീണിതരായ ഒരു ജനതയ്ക്കുമേല്‍ വീണ്ടും അതിന്റെ കരിനിഴല്‍ വീശി. വിദേശകരങ്ങള്‍ നിയന്ത്രിക്കുന്ന കളിപ്പാവകളായി മാറിയ ഭരണാധികാരികള്‍ രാജ്യസുരക്ഷ അപകടത്തിലാക്കി. ഇതില്‍നിന്നുള്ള മോചനത്തിന്റെ ശക്തമായൊരു ചുവടുവയ്പ്പായിരുന്നു 2014-ലെ രാജ്യത്തെ ഭരണമാറ്റം.
പതിനാലാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദി ദല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു.
അധികാരത്തില്‍ നൂറു ദിവസം മാത്രം പൂര്‍ത്തിയാക്കിയ മോദിയുടെ വാക്കുകള്‍ ലോകം ശ്രദ്ധിച്ചു. ഇതിനുശേഷമുള്ള ഒാരോ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ജനക്ഷേമ തല്പരതയുമുള്ള ഭരണത്തിന് കീഴില്‍ രാജ്യത്തിനു വന്ന മാറ്റം പ്രധാനമന്ത്രി മോദി അടിവരയിട്ടു കാണിച്ചു. അഴിമതിമുക്തമായ ഒരു ഭരണം എങ്ങനെയാണ് ജനജീവിതത്തെ മാറ്റിത്തീര്‍ക്കുന്നതെന്ന് വ്യക്തമായി. ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ ഉയരുന്ന ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളെ അടിച്ചമര്‍ത്തുന്നതില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് സര്‍ജിക്കല്‍ സ്ട്രൈക്കുകളും അതിര്‍ത്തിയിലെ പോരാട്ടങ്ങളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലുമൊക്കെ തെളിയിച്ചു. കൊവിഡ് മഹാമാരിയെ മുഖാമുഖം നേരിട്ടുകൊണ്ട് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ എട്ടാമതും ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ‘ഭാരതം ഒന്നാമത് എപ്പോഴും ഒന്നാമത്’ എന്ന മുദ്രാവചനമാണ് മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രവിഭജനത്തിന്റെ വേദനകള്‍ നാം മറന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. ദേശീയശക്തികളുടെ ഈ മുന്നേറ്റത്തില്‍ ബദ്ധശത്രുക്കളായ കമ്മ്യൂണിസ്റ്റുകാര്‍ക്കു പോലും സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടിവരുന്നു. ദേശാഭിമാന നിര്‍ഭരമായ ഈ സുദിനത്തില്‍ ഭാരതത്തെ അതിന്റെ ഉന്നതിയിലെത്തിക്കാന്‍ പൗരന്മാരായ നമുക്ക് ഒരിക്കല്‍ക്കൂടി പ്രതിജ്ഞയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: