ന്യൂയോര്‍ക്ക്: രണ്ടേക്കാല്‍ നൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ഇതാദ്യമായി ന്യൂയോര്‍ക്ക് സ്റ്റേറ്റിന് ഒരു വനിതാ ഗവര്‍ണര്‍. മുന്‍ ഡമോക്രാറ്റിക് വനിതാ നേതാവായ കാതി ഹൊചുല്‍ ആണ് ന്യൂയോര്‍ക്കില്‍ 233 വര്‍ഷത്തിന് ശേഷം വനിതാ ഗവര്‍ണറായി ചുമതലയേറ്റത്.
ലൈംഗിക പീഢനപ്പരാതിയെ തുടര്‍ന്ന് ഒടുവിലത്തെ ഗവര്‍ണറായിരുന്ന ആന്‍ഡ്യൂ കൗമോ രാജിവെച്ച ഒഴിവിലാണ് കാതി ഹൊചുല്‍ എത്തിയത്. ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ അറ്റോര്‍ണി ജനറല്‍ തന്നെയാണ് ആന്‍ഡ്ര്യൂ കൗമോ 11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണറിപ്പോര്ട്ട് പുറത്തുവിട്ടത്. ഇംപീച്ച് ചെയ്യുന്നതില്‍ നിന്നും ഒഴിവാകാനാണ് ആന്‍ഡ്ര്യൂ കൗമോ രാജിവെച്ചത്.
രാഷ്ട്രീയത്തില്‍ ഏറെ പരിചയസമ്പന്നയാണ് കാതി ഹൊചുല്‍. ‘കോളെജ് കാമ്പസിലെ ലൈംഗികാതിക്രമത്തിനെതിരെ 2015ല്‍ ‘ഇനഫ് ഈസ് ഇനഫ്’ എന്ന പേരില്‍ കാമ്പയിന് നടത്തിയിരുന്നു കാതി ഹൊചുല്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ലഫ്. ഗവര്‍ണര്‍ എന്ന നിലയില്‍ സ്റ്റേറ്റില്‍ ഉടനീളമുള്ള വിവിധ പദ്ധതികളില്‍ നിക്ഷേപമിറക്കാനുള്ള പത്തോളം സാമ്പത്തിക വികസന കൗണ്‍സിലുകളുടെ അധ്യക്ഷയായിരുന്നു. ഹെറോയിന്‍, ഒപിയോയ്ഡ് ദുരുപയോഗത്തിനെതിരായ നിയുക്തസംഘത്തിന്റെ സഹഅധ്യക്ഷയായിരുന്നു. ന്യൂയോര്‍ക്ക് കോണ്‍ഗ്രസ് പ്രതിനിധി ജോണ്‍ ലാഫാള്സിന്റെ നിയമ-നിയമനിര്‍മ്മാണ സഹായിയായിരുന്നു. അതുപോലെ സെനറ്റര്‍ ഡാനിയല്‍ പാട്രിക് മൊയ്നിഹാന്റെ നിയമസഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ഗവര്‍ണറുടെ ടിക്കറ്റിനായി 2014ലും 2018ലും മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: