പള്ളുരുത്തി: ചെല്ലാനം തീരത്ത് പണിക്കിറങ്ങിയ വള്ളങ്ങള്‍ക്ക് പൂവാലന് ചാകര. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഒറ്റ അക്കനമ്പറിലുള്ള അറുപതോളം വള്ളങ്ങളാണ് ഇന്നലെ പുലര്‍ച്ചെ പണിക്കിറങ്ങിയത്. ആദ്യ വലയില്‍ തന്നെ പൂവാലന് നിറഞ്ഞു വീണതോടെ തൊഴിലാളികള്‍ ആഹ്ളാദത്തിലായി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഇത്രയും വലിയ കോള്‍ ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ഒരു ലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെ ഓരോ വള്ളങ്ങള്‍ക്കും ലഭിച്ചു. പൂവാലനൊപ്പം നത്തോലിയും വലയില്‍ വീണതോടെ തിരിഞ്ഞു മാറ്റാന്‍ കഴിയാതായതോടെ നത്തോലിയും, പൂവാലനും ഒരുമിച്ചാണ് തൂക്കിയത്. ആദ്യം കരക്കടുത്ത വള്ളങ്ങളിലെ പൂവാലന് കിലോക്ക്160 രൂപ ലഭിച്ചപ്പോള്‍ നത്തോലിയുമായി കുഴഞ്ഞ പൂവാലന് 100 രൂപ നിരക്കിലേക്ക് വിലതാഴ്ന്നു. വലിയ തോതില്‍ ചരക്ക് പ്രതീക്ഷിക്കാതിരുന്നതിനാല്‍ ചരക്ക് എടുക്കുവാന്‍ കച്ചവടക്കാര്‍ കുറവായിരുന്നു. വള്ളങ്ങളുടെ കള്ളികള്‍ നിറഞ്ഞ് പൂവാലന്
എത്തിയതോടെ ആലപ്പുഴ, കൊല്ലം ഭാഗങ്ങളില്‍ നിന്നും കച്ചവടക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. ചെല്ലാനം തീരത്തെ പുറംകടലില്‍ നിന്നു തന്നെയാണ് ചെമ്മീനും നത്തോലിയും ലഭിച്ചതെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. അതേസമയം ചെമ്മീന്‍ അധികമായി ലഭിച്ചതോടെ പ്ലാന്റുകളില്‍ ഐസ് തീര്‍ന്നു പോയതും ചെമ്മീന്‍ വില കുറയാന്‍ കാരണമായതായി തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: