കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി താല്‍ക്കാലികം.
കിരണ്‍കുമാറിനോട് വിശദീകരണം ആവശ്യപ്പെട്ട് ആഗസ്ത് ആറിന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നല്കിയ നോട്ടീസിലാണ് പിരിച്ചുവിടല്‍ താല്‍ക്കാലികമെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ താല്‍ക്കാലികമായി എടുത്ത തീരുമാനം നടപ്പാക്കാതിരിക്കുന്നതിനുള്ള കാരണം കാണിക്കേണ്ടതും. അതു സമയബന്ധിതമായി ലഭിച്ചില്ലെങ്കില്‍ പിരിച്ചുവിടല്‍ തീരുമാനവുമായി മുന്‍പോട്ടു പോകുമെന്നുമാണ് നോട്ടീസിലുള്ളത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നായിരുന്നു ആഗസ്ത് ആറിന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്തിമ തീരുമാനമാകും മുമ്പാണ് ഗതാഗത മന്ത്രി ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്.
മാധ്യമശ്രദ്ധ നേടാനായി തിടുക്കത്തിലുള്ള നടപടിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടയതെന്നാണ് ആക്ഷേപം. നോട്ടീസ് പുറത്തുവന്നതോടെ മന്ത്രി നടത്തിയത് തെറ്റായ പ്രഖ്യാപനമായിരുന്നെന്ന് തെളിഞ്ഞു. കിരണിനെ സസ്പെന്‍ഡ് ചെയ്തു നല്കിയ നോട്ടീസിലും ഇപ്പോള്‍ നല്കിയ നോട്ടീസിലും നിരവധി പിഴവുള്ളതായി നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഗതാഗതവകുപ്പിന്റെ നടപടി സര്‍വീസ് ചട്ടപ്രകാരമല്ലെന്ന് ഈ നോട്ടീസിലൂടെ വ്യക്തമാകുന്നതായും കിരണിന്റെ അഭിഭാഷകന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: