കാസര്‍കോട്: ഭൗമ സൂചികാ പദവിയും, ഇന്ത്യന്‍ ഹാന്‍ഡ്ലൂം പദവിയുമുള്ള കാസര്‍കോട് സാരീസിന് ദേശീയ നെയ്ത്ത് ദിനത്തില്‍ തപാല്‍ വകുപ്പിന്റെ ആദരം. പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയാണ് കാസര്‍കോട് സാരീസിനെ ആഗോള തലത്തില്‍ ശ്രദ്ധിക്കുന്ന നടപടിയുമായി തപാല്‍ വകുപ്പ് മുന്നോട്ടു വന്നത്.
വളരെ സവിശേഷമായിട്ടാണ് തപാല്‍ വകുപ്പ് പ്രത്യേക കവര്‍ രൂപകല്പന ചെയ്തിട്ടുള്ളത്. നെയ്ത്ത് പ്രക്രിയയിലെ സങ്കീര്‍ണ്ണമായ കഠിനാധ്വാനം, കാസര്‍കോട്ടെ നെയ്ത്തുകാരുടെ സഹകരണ സ്ഥാപനത്തിന്റെ പേരും ലോഗോയുമെല്ലാം കവറിന്റെ മുന്‍വശത്ത് ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. കവറില്‍ പതിച്ചിരിക്കുന്ന സ്റ്റാമ്പില്‍ രാഷ്ട്രപിതാവിന്റെ ചിത്രം ചര്‍ക്കയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കാസര്‍കോട് സാരികളെക്കുറിച്ച് ചെറുവിവരണവും കവറില്‍ ഉണ്ട്.
കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് ചടങ്ങ് നടന്നത്. എന്‍.എ. നെല്ലിക്കുന്നിന്റെ സാന്നിധ്യത്തില്‍ ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി.നിര്‍മ്മല ദേവി കവര്‍ പ്രകാശനം ചെയ്തു. കാസര്‍കോട് വീവേഴ്സ് കോ-ഓപ്പറേറ്റീവ് പ്രൊഡക്ഷന്‍ ആന്‍ഡ് സെയില്‍സ് സൊസൈറ്റി പ്രസിഡന്റ് മാധവ ഹെരാള കവര്‍ സ്വീകരിച്ചു. കാസര്‍കോട് ഡിവിഷന് പോസ്റ്റല്‍ സൂപ്രണ്ട് വി.ശാരദ, അസിസ്റ്റന്റ് സൂപ്രണ്ട് പി.ആര്.ഷീല എന്നിവര്‍ സംസാരിച്ചു.
നേരത്തെ കോലാപ്പൂരി പാദരക്ഷകള്‍, കുത്തമ്പള്ളി നെയ്ത്ത്, പാലക്കാടന്‍ മട്ട അരി, വയനാടന്‍ ഗന്ധകശാല അരി, തിരൂര്‍ വെറ്റില തുടങ്ങിയവയുടെ പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം പ്രത്യേക കവറുകളും സ്റ്റാമ്പുകളും ചരിത്രപരമായ പ്രാധാന്യം നേടിയിട്ടുണ്ട്. ഈ സ്റ്റാമ്പുകള്‍ക്ക് വലിയ ഫിലാറ്റലിക് മൂല്യമുണ്ട്, കൂടാതെ ഇന്ത്യയിലും വിദേശത്തുമുള്ള ഫിലാറ്റലിസ്റ്റുകള്‍ക്കും ആസ്വാദകര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നുമാണ്. അതിലുപരിയായി, ഇത്തരം തപാല്‍ സ്റ്റാമ്പുകളും പ്രത്യേക കവറുകളും ടാഗ് ചെയ്ത പൈതൃക വസ്തുക്കള്‍ പൊതുജനങ്ങളുടെ ഓര്‍മയില്‍ എന്നെന്നും ഉണ്ടാവുകയും ചെയ്യും.
ഇന്ത്യയിലെ വിവിധ ഫിലാറ്റലിക് ബ്യൂറോകളിലായി ഈ കവര്‍ അഞ്ച് രൂപ നിരക്കില്‍ ലഭിക്കും. ചടങ്ങിനോടനുബന്ധിച്ചു കാസര്‍കോട് മുഖ്യ തപാല്‍ ഓഫീസില്‍ സ്വന്തം ചിത്രം ആലേഖനം ചെയ്തു ലഭിക്കുന്ന ‘മൈ സ്റ്റാമ്പ്’ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: